Connect with us

Articles

വീണപൂവിന്റെ നാട്ടിലെ കലാ മാമാങ്കം

Published

|

Last Updated

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായ 54-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ഇന്ന് പാലക്കാട്ട് ആരംഭിക്കുകയാണ്. 25ന് സമാപിക്കുന്ന ഈ ഉത്‌സവത്തിന്റെ പ്രമേയം “കുട്ടികളുടെ അവകാശ സംരക്ഷണം” എന്നതാണ.് കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ചാണിത്.
കഴിഞ്ഞവര്‍ഷം നടത്തിയ, ജനപങ്കാളിത്തവും, അച്ചടക്കവും, കൊണ്ട് ശ്രദ്ധേയമായ മലപ്പുറം കലോത്സവത്തെ തുടര്‍ന്നാണ് ഭാരതപ്പുഴയുടെ മണ്ണില്‍ പദധ്യാനത്തിന്റെ നിറവില്‍ മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ 12,000 ത്തോളം കലാപ്രതിഭകള്‍ സമ്മേളിക്കുന്നത്. 246 ഇനങ്ങളില്‍ 18 വേദികളിലാണ് മത്സരം. പുതിയ 14 മത്സരയിനങ്ങള്‍ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാലയങ്ങളിലൂടെ കേരളത്തിന്റെ കായികവും കലാപരവുമായ കഴിവുകള്‍ ലോകോത്തരമായി മികവ് പുലര്‍ത്തി വരികയാണ്. കഴിഞ്ഞ ദിവസം റാഞ്ചിയില്‍ സമാപിച്ച ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം അസുലഭ നേട്ടങ്ങള്‍ ഉണ്ടാക്കിയത് നാം അഭിമാനത്തോടെയാണ് ശ്രവിച്ചത്. കലാരംഗത്തും ഈ മുന്നേറ്റത്തിന് സാധ്യത വളരെ ഏറെയാണ്. ഒരു രാജ്യത്തിന്റെ കരുത്തിന് പിന്നില്‍ അവിടെ പിറക്കുന്ന കലക്കും സാഹിത്യത്തിനും വലിയ പങ്കുണ്ട്. അതിനാല്‍ തന്നെ അതിനുള്ള മുന്നേറ്റത്തിനുള്ള വഴികളും നാം തുറന്നിടണം. ഓരോ മത്സര ഇനങ്ങളെയും ഗൗരവത്തോടെ സമീപിക്കാന്‍ നമുക്ക് കഴിയണം. ഒരു ഇനവും അപ്രധാനമല്ല.
മഹാകവി കുമാരനാശാന്‍ വീണപൂവ് എന്ന പ്രസിദ്ധ ഖണ്ഡകാവ്യം രചിച്ചത് പാലക്കാട്ടെ ജൈന ക്ഷേത്രത്തിനടുത്തുള്ള ഒരു ജൈന ഗൃഹത്തില്‍ വെച്ചാണ്.
നൃത്ത, നൃത്ത്യങ്ങളും, നാടകവും അക്ഷരശ്ലോകവും, പ്രസംഗവും സാഹിത്യ രചനകളും ഒക്കെ രാജ്യത്തിന്റെ സംസ്‌കാര നിലവാരം മികവുറ്റ രീതിയില്‍ രേഖപ്പെടുത്തക്കവണ്ണം വളരണം. കലയുടെ ലക്ഷ്യം വിമലീകരണമാണ്. മനുഷ്യനെ ആകര്‍ഷിച്ച് മനസ്സിനെ ശുദ്ധമാക്കുവാന്‍ കലപോലെ ഉപകരിക്കുന്ന മറ്റൊന്നില്ല. കലകളുടെ നായക സ്ഥാനത്ത് നില്‍ക്കുന്നത് സാഹിത്യമാണ്. ഉദാത്ത സാഹിത്യം പിറക്കുന്ന നാട് ഉദാത്ത സംസ്‌കൃതിയുടെ നാടായിരിക്കുമെന്നതില്‍ സംശയമില്ല.
വിവിധ തലങ്ങളില്‍ മത്സരിച്ച് വിജയിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ മികവ് കാട്ടാന്‍ അവസരം ലഭിക്കുന്നത്. ഉപജില്ല, ജില്ലാതല മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ പ്രതിഭാധനത്വ പരിപോഷണത്തിന് താഴ്ന്ന തട്ടില്‍തന്നെ പ്രോത്സാഹനം നല്‍കുവാനുള്ള സമഗ്ര പരിപാടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതിന്റെ വിജയമാണിത്.
മത്സര പരിശീലനങ്ങള്‍ക്ക് ആവശ്യമായ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. സര്‍വശിക്ഷാ അഭിയാനും അതിനു കീഴിലുള്ള വിദ്യാരംഗം സാഹിത്യവേദിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പണച്ചെലവില്ലാതെ അവതരിപ്പിക്കാന്‍ കഴിയുന്ന ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. രചനാ മത്സരങ്ങളും, പ്രസംഗം, ഏകാംഗാഭിനയം ഉള്‍പ്പെടെയുള്ളവയാണ് അവ.
ഏത് മത്സരങ്ങളുടെയും വിജയത്തിന്റെ അടിസ്ഥാനം നിരന്തരമുള്ള പരിശീലനമാണ്. വിദ്യാര്‍ഥികള്‍ കഴിവ് പ്രകടിപ്പിക്കാന്‍ തയ്യാറാകുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ അമിത ഉത്കണ്ഠയോടെ നിലകൊള്ളുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതാണ് നല്ലത്. ഉത്കണ്ഠ അതിരുകടക്കുന്നത് വിദ്യാര്‍ഥികളുടെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിവുകള്‍ വിലയിരുത്താന്‍, പ്രാഗത്ഭ്യം തെളിയിച്ച ഗുരുക്കന്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. തികച്ചും നിഷ്പക്ഷമായ നിലയിലാകണം വിലയിരുത്തല്‍. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ മാനദണ്ഡം പാലിക്കണം. പരാതികള്‍ക്ക് ഇടം നല്‍കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. പ്രലോഭനവും പക്ഷപാതവും ഒന്നിലും കടന്നുവരരുത്. പരാതികളുണ്ടായാല്‍ പരിഹരിക്കാനുള്ള ഏര്‍പ്പാടും ഉണ്ടാക്കിയിട്ടുണ്ട്.
ഏഴ് ദിവസത്തെ കലോത്സവത്തിലൂടെ വിദ്യാര്‍ഥികള്‍ നവകേരളം രചിക്കുകയാണ്. വേദികളില്‍ ഗുരുധ്യാനത്തോടെ വന്ന് നടത്തുന്ന സര്‍ഗ സല്ലാപം ആസ്വദിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ സുകുമാര്‍ അഴീക്കോടിനെ പോലെ പ്രസംഗിക്കുന്നതും കടമ്മനിട്ടയെപോലെ കവിതകള്‍ ചൊല്ലുന്നതും കേട്ട് കോരിത്തരിക്കാം, അക്ഷര പിശകുണ്ടാകാതെ അവര്‍ ശ്ലോകം ചൊല്ലുന്നതും, ലളിതഗാനം ആലപിക്കുന്നതും, മാപ്പിള ഇശലുകള്‍ക്ക് ഇമ്പം പകരുന്നതും, അനുഭവിച്ചറിയാം. നാടോടി നൃത്തവും, നാടകവും, ആട്ടവും, കുച്ചിപ്പുടിയും, ഭരതനാട്യവും അവിടെ അനാവൃതമാകും. ചിത്രങ്ങളെഴുതിയും, ചായംതേച്ചും അവര്‍ രാജാ രവിവര്‍മയേയും, എം എഫ് ഹുസൈനേയും അനുകരിക്കും. സാംബശിവന്‍മാര്‍ കഥകള്‍ പറയും, കൊട്ടാരക്കര തമ്പുരാനും, കുഞ്ചന്‍ നമ്പ്യാരും വേദികളില്‍ നിശബ്ദാനുകരണം നടത്തും. പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കി പുതിയ ഹുസനുല്‍ ജമാല്‍മാരും ബദ്‌റുല്‍ മുനീര്‍മാരും നിറചിരിയോടെ കടന്നുവരും. നമ്മുടെ മനസ്സില്‍ ഇതൊക്കെ ഗൃഹാതുരത്വമൊരുക്കും. ഇന്നലെകളുടെ നന്മകള്‍ കടന്നുവരുന്ന വഴികളെ സ്മരിപ്പിക്കും. വയലിനും, ഓടക്കുഴലും, വീണയും ഒരുക്കുന്ന സ്വരമാധുര്യവും, ചെണ്ടയും, തബലയും, മൃദംഗവും, ഘടവും ഒഴുക്കുന്ന നാദ വീചിയും വിശ്രമമില്ലാതെ കലാകേരളത്തിന് വിസ്മൃത ദിനങ്ങള്‍ സമ്മാനിക്കും. വേദികളില്‍ നവ ചാക്യാന്‍മാര്‍ നമ്മെ നിശിത വിമര്‍ശനത്തിന് വിധേയരാക്കും. അറവനയിലും ദഫിലും പരിചയിലും പരിചയിച്ചവര്‍ പുതിയ വിസ്മയ ലോകം ഒരുക്കും. മാര്‍ഗം കളിയും, ദേശഭക്തി ഗാനവും, മൂകാഭിനയവും, സിദ്ധരൂപവും, പദകേളി, പദപയറ്റ് തുടങ്ങിയവയും പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം തുടങ്ങി പരിചയിക്കേണ്ട എല്ലാ കലാ ഇനങ്ങളും അവിടെ അണിനിരക്കും. ടിപ്പുസുല്‍ത്താന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഒ വി വിജയന്‍, ഒളപ്പമണ്ണ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങിയ മഹാരഥന്‍മാര്‍ സമ്പന്നമാക്കിയ കലാ സാഹിത്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും വഴികളില്‍ അത് പുതിയ ചരിതം രചിക്കും. ഇത് കാണാനും ആസ്വദിക്കാനും കഴിയുന്നിടത്താണ് സംസ്‌കാരം വളരുന്നത്.
ആത്മവിശ്വാസത്തോടെ അതിരറ്റ ആഹ്ലാദത്തോടെ നമ്മുടെ ഈ കുരുന്നുകള്‍ കലാവതരണം നടത്തട്ടെ. ആസ്വദിക്കാനാണ് കലാവതരണം. ജനങ്ങള്‍ അതിനാണ് തിങ്ങിക്കൂടുന്നത്. കേരളത്തിന്റെ കലാ പരിഛേദം പാലക്കാട്ട് സമ്മേളിക്കുമ്പോള്‍ അത് പുതിയ അനുഭവമാക്കാന്‍ നാമും മനസ്സ് ചേര്‍ക്കുക. മത്സരാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. വിജയം നേരുന്നു.