Connect with us

Malappuram

മാവോയിസ്റ്റ് സാന്നിധ്യമുള്ള ചോക്കാട് നിന്ന് രണ്ട് കള്ളത്തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു

Published

|

Last Updated

കാളികാവ് (മലപ്പുറം): മാവോയിസ്റ്റ് സാന്നിധ്യമുള്ള പെടയന്താളിലെ നെല്ലിക്കര മലവാരത്തിലെ സ്വകാര്യ റബ്ബര്‍ തോട്ടത്തിലെ ഏറുമാടത്തില്‍ നിന്ന് രണ്ട് കള്ളത്തോക്കുകള്‍ കണ്ടെടുത്തു. കാളികാവ് പോലീസിന് കിട്ടിയ രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കുകളും തിരകളും കണ്ടെടുത്തത്. ഒറ്റക്കുഴല്‍ നാടന്‍ തോക്കും മൂന്ന് വെടിയുണ്ടകള്‍ ലോഡ് ചെയ്ത നിലയില്‍ റിവോള്‍വറും ഉപയോഗിച്ച ആറ് തിരകളും വെടിമരുന്ന് നിറച്ച 12 തിരകളുമാണ് കണ്ടെടുത്തത്.
രണ്ട് പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇയ്യക്കട്ടകളും(ബോള്‍സ്) വെടിമരുന്നും പഌയറുകളും, അരം, സ്‌കൂര്‍ ഡ്രൈവര്‍ തുടങ്ങിയ സാധനങ്ങളും പെട്ടികളില്‍ നിന്ന് കണ്ടെടുത്തു. നാടന്‍ തോക്കിന്റെ ഒരു ഭാഗം കമുങ്ങിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലും മറ്റേഭാഗം പെട്ടിയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. അഞ്ച് ഏക്കര്‍ വരുന്ന സ്ഥലത്ത് റബ്ബര്‍, കവുങ്ങ് എന്നിവയാണ് കൃഷി നടത്തുന്നത്. കാട്ടാനകളും കാട്ടുപന്നികളും ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ അക്രമണമുണ്ടാകുന്ന പ്രദേശമായതിനാല്‍ ഏറുമാടങ്ങള്‍ ഉണ്ടാക്കി കര്‍ഷകര്‍ കാവല്‍ നിന്നാണ് കൃഷി സംരക്ഷിച്ച് പോരുന്നത്. ഇത്തരത്തിലുള്ള ഒരു ഏറുമാടത്തില്‍ നിന്നാണ് മൂന്ന് തിരകള്‍ ലോഡ് ചെയ്ത റിവോള്‍വറും നാടന്‍ തോക്കും കണ്ടെടുത്തത്. തൊട്ടടുത്ത പെടയന്താളിലാണ് രണ്ട് വര്‍ഷം മുമ്പ് വാറണ്ട് നടപ്പാക്കാനെത്തിയ എസ് ഐ യെ വെടിവെച്ച് കൊന്ന് പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. രണ്ട് തോക്കുകളാണ് മരണപ്പെട്ട പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഈ സംഭവത്തിലെ തോക്കിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ വന മേഖലയോട് ചേര്‍ന്ന് പ്രദേശം കൂടിയാണ് ഇത്. വണ്ടൂര്‍ സി ഐ. മൂസ വള്ളിക്കാടന്‍, കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍, സര്‍ക്കിള്‍ സ്‌കോഡിലെ എസ് ഐ. രാമകൃഷ്ണന്‍, കെ ബശീര്‍, എന്നിവരും കാളികാവ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയ്കുമാര്‍, സി പി ഒ. വിനീഷ് എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലം ഉടമയുടെ മക്കളായ തടിയന്‍ ഷാനവാസ് എന്ന ഷാനുപ്പ (32), ഷഹനാസ് ബാബു(32) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തി.

Latest