Connect with us

National

സുനന്ദയുടെ മരണം അസ്വാഭാവികമെന്ന് ഡോക്ടര്‍മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്ന് ഡോക്ടര്‍മാര്‍.
എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണം പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ്. വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനക്കായി ആന്ദരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം നാലു ദിവസത്തിനുള്ളില്‍ ലഭിക്കും. അന്തിമ ഫലം വന്ന ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ മൃതദേഹത്തിലെ മുറിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഒഴിഞ്ഞുമാറി. പോലീസ് കേസന്വേഷിക്കുകയാണെന്നും അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡോ. ഗുപ്ത പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പോലീസിന് കൈമാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം ഉച്ചക്ക് 2.30നാണ് അവസാനിച്ചത്. നടപടികള്‍ മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം സുനന്ദയുടെ മൃതദേഹം ശശി തരൂരിന്റെ ലോധി റോഡിലുള്ള വസതിയില്‍ എത്തിച്ചു. ഇവിടെ പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസി കാര്യമന്ത്രി വയലാര്‍ രവി, കെ സി വേണുഗോപാല്‍, ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വി എം സുധീരന്‍ തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പൊതുദര്‍ശനത്തിന് ശേഷം അഞ്ച് മണിയോടെ മൃതദേഹം ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സുനന്ദയുടെ മകന്‍ ശിവമേനോന്‍ ചിതക്ക് തീകൊളുത്തി. ശശിതരൂര്‍, അദ്ദേഹത്തിന്റെ രണ്ടുമക്കള്‍, സുനന്ദയുടെ പിതാവ് പുഷ്‌ക്കര്‍ നാഥ് ദാസ്, സുനന്ദയുടയും തരൂരിന്റെയും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ മാത്രമാണ് ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശശി തരൂരിനെ ഇന്നലെ രാവിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.
അതേസമയം അമിത മായ അളവില്‍ മരുന്ന് ഉപയോഗിച്ചതാകാം സുനന്ദയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വിശദമായ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ യാത്രക്കിടെ ഇരുവരും കലഹിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഹോട്ടലിലെത്തിയ ശേഷവും ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കങ്ങളുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുനന്ദയുടെയും ശശി തരൂരിന്റെയും ട്വിറ്റര്‍ സന്ദേശങ്ങളും ഫോണ്‍ കോളുകളും പോലീസ് പരിശോധിക്കും. കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി ശശി തരൂരിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
അതേസമയം സുനന്ദ ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിനടിമയായിരുന്നുവെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ അവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി ജര്‍മനിയിലേക്കയച്ചിരുന്നുവെന്ന് കുടുംബ സുഹൃത്ത് വെളിപ്പെടുത്തി. രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കുമെന്നതിനാല്‍ സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം ജാഗ്രതയോടെയാണ് പോലീസ് നടത്തുന്നത്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; ദുരൂഹതകള്‍ ബാക്കി

തിരുവനന്തപുരം: ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് സുനന്ദ പുഷ്‌കറിന്റെ അന്ത്യയാത്ര. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സുനന്ദയുടെയും ഭര്‍ത്താവ് ശശി തരൂരിന്റെയും ഇടപെടലുകളും മരണശേഷം പുറത്ത് വരുന്ന വാര്‍ത്തകളിലും അവ്യക്തതകള്‍ കൂടി വരികയാണ്. പെട്ടെന്നുള്ള, അസ്വാഭാവിക മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ ഒറ്റവാക്കിലെ വിശദീകരണം വരും നാളുകളിലെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ദിശ നിര്‍ണയിക്കുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സുനന്ദക്ക് ഗുരുതരമായ രോഗബാധയുണ്ടായിരുന്നുവെന്നാണ് തരൂരുമായി അടുത്ത കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.
ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത ചില കോണ്‍ഗ്രസ് നേതാക്കളും സുനന്ദയുടെ രോഗത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. സ്വാഭാവിക മരണം അല്ലെങ്കില്‍ ആത്മഹത്യയെന്ന നിഗമനത്തിലേക്കാണ് ഈ ചര്‍ച്ചകളുടെ ദിശ നീക്കിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം പരിഗണിക്കുമ്പോള്‍ മരണത്തിന്റെ യഥാര്‍ഥ ഉത്തരം അറിയാന്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ടി വരും.
സുനന്ദയുടെ മരണ വാര്‍ത്തക്ക് പിന്നാലെയാണ് ഗുരുതരമായ രോഗബാധയെന്ന വിശദീകരണങ്ങള്‍ വന്നത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നുവെന്ന് തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ സുനന്ദ വിശദമായ പരിശോധനകള്‍ക്ക് വിധേയായി. കണ്ടെത്തിയ രോഗങ്ങള്‍ക്ക് മരുന്നും നല്‍കി. ഡിസ്ചാര്‍ജിന് ശേഷം ആശുപത്രിയില്‍ നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപം കാണാനാണ് സുനന്ദയും തരൂരും പോയത്. ഏറെ നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച തരൂരും സുനന്ദയും ബുധനാഴ്ച ഡല്‍ഹിക്ക് പോയി. മുംബൈ വഴിയുള്ള ഡല്‍ഹി വിമാനത്തിലായിരുന്നു യാത്ര. ചൊവ്വാഴ്ച ആശുപത്രി വിടുമ്പോഴും തുടര്‍ന്ന് പത്മനാഭ സ്വാമിക്ഷേത്രത്തിലെ ലക്ഷദീപത്തിലും ആരോഗ്യവതിയായി കാണപ്പെട്ട സുനന്ദ പിറ്റേന്ന് ഡല്‍ഹിക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ അവശയായിരുന്നുവെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നു. വീല്‍ചെയര്‍ ഉപയോഗിച്ചാണ് സുനന്ദ വിമാനം വരെയെത്തിയത്.
ഡല്‍ഹിയിലെത്തിയ സുനന്ദ അന്ന് തന്നെ ലീല ഹോട്ടലില്‍ മുറിയെടുത്തു. തരൂര്‍ പോയതാകട്ടെ ഔദ്യോഗിക വസതിയിലേക്കും. രണ്ടുപേരും രണ്ടു വഴിക്ക് പോയതിന് ഔദ്യോഗിക വസതിയില്‍ പെയിന്റിംഗ് ജോലി നടക്കുകയായിരുന്നത് കൊണ്ടാണെന്ന വിശദീകരണമാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്നത്.
ബുധനാഴ്ചയാണ് ട്വിറ്റര്‍ വിവാദമുണ്ടാകുന്നത്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് അടുപ്പമുണ്ടെന്ന സുനന്ദയുടെ ട്വീറ്റ് വന്‍വിവാദങ്ങള്‍ക്ക് തിരികൊളുത്തി. വ്യാഴാഴ്ച ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഈ വിവാദത്തിന് അര്‍ധവിരാമമായി.
വെള്ളിയാഴ്ച രാവിലെ സുനന്ദക്കടുത്ത് നിന്നാണ് എ ഐ സി സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തരൂര്‍ പോയത്. സുനന്ദ പുഷ്‌കറിന്റെ മരണ വാര്‍ത്ത പുറത്തറിഞ്ഞ സമയത്തും ഇരുവരുടെയും ട്വിറ്റര്‍ സന്ദേശങ്ങള്‍ തന്നെയാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഭാര്യക്ക് അസുഖമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. മരണം അറിഞ്ഞ ശേഷമാണ് തരൂര്‍ ഈ സന്ദേശം അയച്ചതെന്ന് കരുതുന്നു. ഞങ്ങള്‍ ഒരിക്കലും വേര്‍പിരിയില്ലെന്നായിരുന്നു സുനന്ദ പുഷ്‌കറിന്റെ അവസാന ട്വീറ്റ് സന്ദേശം.
മരണ ദിവസം രാവിലെത്തന്നെ സുനന്ദ ട്വിറ്ററില്‍ സജീവമായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ. ഇതിനും ഒരു മണിക്കൂര്‍ മുമ്പ് ഒരു ദേശീയ മാധ്യമ പ്രവര്‍ത്തകയുമായി സുനന്ദ ഫോണില്‍ ബന്ധപ്പെടുന്നു. തനിക്ക് മാധ്യമങ്ങളോട് ചിലത് പറയാനുണ്ടെന്നും അഭിമുഖത്തിന് താത്പര്യമുണ്ടെന്നും സുനന്ദ അറിയിച്ചു. എന്നാല്‍ എ ഐ സി സി സമ്മേളനത്തിരക്ക് മൂലം അഭിമുഖം മാറ്റി വെക്കുകയായിരുന്നു. പിന്നീട് ട്വിറ്ററില്‍ സജീവമായിരുന്ന സുനന്ദ, തന്റെ സുഹൃത്തുക്കളോട് അസുഖ വിവരം പങ്കുവെച്ചു. “തനിക്ക് ഒരുപാട് അസുഖമുളളതായി പരിശോധനയില്‍ തെളിഞ്ഞു. എപ്പോള്‍ പോകേണ്ടി വരുമെന്ന് അറിയില്ല. വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ല. പോകേണ്ട നേരത്ത് ചിരിച്ചുകൊണ്ട് യാത്രയാകു”മെന്നും സുനന്ദ ട്വീറ്റ് ചെയ്തിരുന്നു.

Latest