Connect with us

Gulf

രാജ്യാന്തര മീലാദ് സമ്മേളനം 25ന്;കാന്തപുരം പ്രഭാഷണം നടത്തും

Published

|

Last Updated

ICF PRess Meet

ഐ സി എഫ് ജന. സെക്രട്ടറി നിസാര്‍ സഖാഫി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. ശാഹുല്‍ ഹമീദ്, ഉമര്‍ഹാജി, ശഫീഖ് ബുഖാരി, ഹാരിസ് സമീപം

മസ്‌കത്ത്: “മുത്തു നബി വിളിക്കുന്നു” എന്ന സന്ദേശത്തില്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര മീലാദ് സമ്മേളനം ജനുവരി 25 ശനിയാഴ്ച വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. കാന്‍സര്‍ രോഗികളുടെ പരിചരണത്തിനും സഹായത്തിനുമായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിനു സമീപം ഐ സി എഫ് സഹകരണത്തോടെ നിര്‍മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ പ്രഖ്യാപനവും ഒമാന്‍ തല പ്രചാരണ ഉദ്ഘാടനവും കാന്തപുരം നിര്‍വഹിക്കും.
മസ്‌കത്തിലെ വിവിധ രാജ്യങ്ങളെയും ഭാഷകളെയും പ്രതിനിധീകരിച്ച് ഡോ. ശൈഖ് അഹ്മദ് ഖസ്‌റജി (യു എ ഇ), ശൈഖ് ഇബ്രാഹിം (ഈജിപ്ത്), മുഹമ്മദ് നവീദ്, മുഹമ്മദ് തഖശ്ശഫ് (പാകിസ്ഥാന്‍), ജമാല്‍ മുസ്ഥഫ (ഉത്തര്‍ പ്രദേശ്), മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഐ സി എഫ് മിഡില്‍ ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സൊഹാര്‍ ഉമര്‍ അല്‍ ബുറൈഖി ബുര്‍ദ സംഘത്തിന്റെ മൗലിദ് പാരായണവും നടക്കും.
തിരുനബി ഭൂജാതനായ റബീഉല്‍ അവ്വല്‍ മാസത്തില്‍ ലോകവ്യാപാകമായി നടക്കുന്ന മീലാദ് പരിപാടികളുടെ ഭാഗമായാണ് പ്രവാചകരുടെ സ്‌നേഹ സന്ദേശം സമൂഹത്തില്‍ പ്രബോധനം ചെയ്യുന്നതിനും ദേശ, ഭാഷാ വ്യത്യാസമില്ലാതെ മാനവീക ഐക്യം ഉദ്‌ഘോഷിക്കുന്നതിനും അവസരമൊരുക്കി രാജ്യാന്തര മീലാദ് സമ്മേളനം നടത്തുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒമാനില്‍ വസിക്കുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനവിഭാഗങ്ങളെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം ശ്രവിക്കുന്നതിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ഒമാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ശ്രോതാക്കള്‍ പങ്കെടുക്കും. കാരുണ്യത്തിന്റെ ഉദാത്ത മാതൃക പ്രദര്‍ശിപ്പിച്ച തിരുനബിയുടെ ജന്മദിനം കാരുണ്യദിനമായാണ് ഈ വര്‍ഷം ഐ സി എഫ് ആചരിച്ചത്. തിരുവനന്തപുരത്ത് നിര്‍മിക്കുന്ന സാന്ത്വനം കേന്ദ്രത്തിന് ധനസമാഹരണം നടത്തുന്നതനും ഈ ദിനം ഉപയോഗപ്പെടുത്തി. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിനായി തിരുപ്പിറവി മാസത്തിലെ ആദ്യ ദിനം കമ്പിളിപ്പുതപ്പിന് വേണ്ടി വിഭവ സമാഹരണം നടത്തുകയും കമ്പിളികള്‍ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്തുവെന്ന് ഐ സി എഫ് ജന. സെക്രട്ടറി നിസാര്‍ സഖാഫി, ഭാരവാഹികളായ ശഫീഖ് ബുഖാരി, ഉമര്‍ഹാജി, ശാഹുല്‍ ഹമീദ്, ഹാരിസ് എന്നിവര്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest