Connect with us

National

സുനന്ദയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി:  കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മരണത്തില്‍ ദൂരൂഹതയുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് അന്വേഷിക്കണമെന്ന് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ധര്‍മേന്ദ്ര കുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസന്വേഷിച്ചിരുന്ന സരോജിനി നഗര്‍ പോലീസ് ഫയലുകള്‍ കമ്മീഷണര്‍ക്ക് കൈമാറി.

അമിതമായ മരുന്നുപയോഗമാണ് സുനന്ദയുടെ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ ശരീരത്തില്‍ 12 മുറിവുകളുള്ളതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളും മറ്റും ശക്തമായ അന്വേഷണത്തിന് മുറവിളി കൂട്ടിയിരുന്നു. സുതാര്യമായ അനേഷണം നടത്തണമെന്ന് തരൂരും ആവശ്യപ്പെട്ടു.

പാക് മാധ്യമപ്രവര്‍ത്തക മഹര്‍ തരാരുമായി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ ആരോപിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തിനിടെ പൊടുന്നനെയാണ് സുനന്ദ മരിച്ചത്. ഈ മാസം 17ന് വെള്ളിയാഴ്ച താമസിച്ചിരുന്ന ലീല ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Latest