Connect with us

Kerala

വിദ്യാര്‍ഥികളെ തീവ്രവാദികളെന്ന് വിളിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

Published

|

Last Updated

മലപ്പുറം: പാലക്കാട്ട് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളെ ഡി വൈ എസ് പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ എന്ന് അധിക്ഷേപിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്. മോശം പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും ശരിയല്ലെന്നും വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

മലപ്പുറം ചെറുകുളമ്പ് കെ ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെയാണ് ഒരു ഡിവൈ എസ് പി തീവ്രവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പോലീസുകാരന്റെ തീവ്രവാദി വിളി. തങ്ങളുടെ ടീമിലെ പ്രധാന അഭിനേതാവിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ അവസരം അല്‍പം വൈകിപ്പിക്കണമെന്ന് കുട്ടികള്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ ഡി വൈ എസ് പി കുട്ടികള്‍ക്ക് നേരെ തിരിയുകയായിരുന്നു. മലപ്പുറത്ത് നിന്ന് വന്ന തീവ്രവാദികളല്ലേ എന്നായിരുന്നു ഡി വൈ എസ് പിയുടെ ശകാരം.

ഇത് കേട്ട് ഭയന്ന കുട്ടികള്‍ തങ്ങള്‍ സെറ്റ് എടുത്ത് പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദികള്‍ അല്ലാത്ത രണ്ട് പേര്‍ പോയി എടുത്തോളൂ എന്നായിരുന്നുവത്രെ ഡി വൈ എസ് പിയുടെ മറുപടി.

സംഭവം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിക്ക് സാധ്യതയുള്ളതായി സൂചനയുണ്ട്.