Connect with us

Palakkad

ചായം പൂശാന്‍ മാരക ലോഹക്കൂട്ടും വെടിമരുന്നും

Published

|

Last Updated

പാലക്കാട്: കലോത്സവ നഗരിയിലെ വര്‍ണങ്ങളില്‍ കലാപ്രതിഭകള്‍ മിന്നിതെളിയുന്നത് മാരകമായ ലോഹക്കൂട്ടും വെടിമരുന്നും തീര്‍ത്ത ചമയക്കൂട്ടില്‍. നഗരിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് ചമയക്കൂട്ടണിഞ്ഞെത്തുന്ന പ്രതിഭകളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. വില കുറഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കൊപ്പം മാരകമായ ലോഹക്കൂട്ടുകളും വെടിമരുന്നിനായി ഉപയോഗിക്കുന്ന മിശ്രിതവും വരെ മുഖം മിനുക്കാന്‍ ഉപയോഗിക്കുന്നതാണ് ഭീഷണിയാകുന്നത്. വമ്പന്‍ ബ്രാന്‍ഡുകളുടെ വില നിലവാരത്തോട് പിടിച്ചു നില്‍ക്കാനാകാത്തതും കൂടുതല്‍ സമയം മേക്കപ്പ് ഫ്രഷായി നില നില്‍ക്കാനും വേണ്ടിയാണ് ഇത്തരം വസ്തുക്കള്‍ നഗരിയുടെ പിന്നാമ്പുറങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങിയത്.
നേരത്തെ പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരിന് പോലും ഇവ കാണാനില്ല. മേക്കപ്പ് റൂമില്‍ നിരത്തി വെച്ച പൊടികളുടെയും ലേപനങ്ങളുടെയും പേസ്റ്റുകളുടെയും കവറുകളില്‍ അപൂര്‍വമായെ കമ്പനികളുടെ പേര് രേഖപ്പെടുത്തിയിട്ടൊള്ളൂ… മറ്റൊന്നിനും കമ്പനി പോലുമില്ല. ഫൗണ്ടേഷന്‍ പൗഡര്‍, പാന്‍ കേക്ക്, പേള്‍ പൗഡര്‍, പേള്‍ സ്റ്റിക്ക്, കാജല്‍, ഐലൈന്‍, റൂഷ്, ലിപ്സ്റ്റിക്ക് എന്നിവയാണ് ചമയത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
ഇവയില്‍ ക്രോമിയം ഓക്‌സൈഡ്, ലിക്വിഡ് പാരഫിന്‍, ടൈറ്റാനിയം ഡയോക്‌സൈഡ്, ഐറോനോക്‌സൈഡ്, മൈക്ക എന്നിവ അളവില്‍ കൂടുതലായാണ് ചേര്‍ക്കുന്നത്. മുഖത്ത് കൂടുതല്‍ തിളക്കം നില നിര്‍ത്തുന്നതിനായി ഇറിഡിയം ഉപയോഗിക്കുന്നത് മാരകമായ ത്വക്ക് രോഗങ്ങള്‍ക്കും അലര്‍ജിക്കും വഴിവെക്കുന്നതാണ്. അതോടൊപ്പമാണ് വെടിമരുന്ന് മിശ്രിതവും ഇറിഡിയത്തിന് പുറമെ സമാന സ്വഭാവമുള്ള ചില മാരകമായ ലോഹക്കൂട്ടുകളും ചമയപുരകളിലെത്തി തുടങ്ങിയത്.
ഇവ പരിശോധിക്കാനോ നിയന്ത്രിക്കാനോ സംവിധാനങ്ങളില്ലാത്തതാണ് ഇവ കലോല്‍സവ നഗരിയിലെത്തിപെടാന്‍ പ്രധാന കാരണം. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി മത്സരിക്കാനെത്തുന്നവരെ ചമയിച്ചൊരുക്കുന്നത് ഏതാനും പേര്‍ മാത്രമാണ്. ഇവര്‍ ഓരോരുത്തരും കലോത്സവം കഴിയുമ്പോഴേക്കും നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ മുഖങ്ങളില്‍ ചമയം പൂശി കാണും.
അപ്പീലുകളുടെ പ്രളയവും മത്സരങ്ങളുടെ വൈകിയോട്ടവും കാരണം മണിക്കൂറുകളോളം ഓരോ മത്സരാര്‍ഥിക്കും മേക്കപ്പിട്ട് ഇരിക്കേണ്ട അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഏറെ നേരം മേക്കപ്പിന്റെ തിളക്കം നില നിര്‍ത്താനും മേക്കപ്പ് അടര്‍ന്ന് വീഴാതിരിക്കുന്നതിനുമാണ് ചമയക്കൂട്ടുകളില്‍ ഇവ കൃത്രിമമായി ചേര്‍ക്കുന്നത്.
എന്നാല്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍ക്ക് പോലും മേക്കപ്പ് സാധനങ്ങളിലടങ്ങിയ വസ്തുക്കള്‍ ഏതെന്ന് അറിയില്ല. വിദേശനിര്‍മിതമെന്ന് അവകാശപ്പെട്ട് ചില ബ്രാന്‍ഡുകള്‍ അപൂര്‍വമായി പരീക്ഷിക്കുന്നവരുമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്ന കൃത്രിമ മിശ്രിതവും പൗഡറുകളുമാണ് കലോത്സവങ്ങളിലെ ചമയക്കൂട്ടുകളില്‍ അടങ്ങിയിരിക്കുന്നത്.
എന്നാല്‍ അറിഞ്ഞു കൊണ്ട് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും പരമാവധി നല്ല ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും 25 വര്‍ഷമായി മേക്കപ്പ് രംഗത്തുള്ള വര്‍ഗീസ് മാസ്റ്റര്‍ പറഞ്ഞു.

Latest