Connect with us

Malappuram

നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകന് വെട്ടേറ്റു

Published

|

Last Updated

നിലമ്പൂര്‍: നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ബൈക്കിലെത്തിയ ഏഴംഗ സംഘം യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പിച്ചു. യുവമോര്‍ച്ച വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ വഴിക്കടവ് വള്ളിക്കാട് കല്ലിങ്ങല്‍ അരുണിനാണ് (20) വടിവാളുകൊണ്ടുള്ള വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍ മരുതക്കടവ് റോഡ് ജംഗ്ഷനിലാണ് സംഭവം. നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട മോഡിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ പതിക്കുന്നതിനിടെയാണ് അക്രമണമുണ്ടായത്. അരുണും സുഹൃത്തുക്കളായ വള്ളിക്കാട് പരിയാരത്ത് ജിനീഷ് (21), പുത്തന്‍വീട്ടില്‍ രാജീവ് (21) എന്നിവരും ചേര്‍ന്ന് പോസ്റ്ററുകള്‍ പതിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ ഏഴംഗ സംഘം അക്രമിക്കുകയായിരുന്നു. ഷര്‍ട്ടിനു പിറകില്‍ നിന്നും വടിവാളുകളും ഇരുമ്പു കമ്പിയുള്‍പ്പെടെ മാരകായുധങ്ങളുമായാണ് സംഘം അക്രമിച്ചത്. മൂവ്വരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിറകെയെത്തിയ സംഘം അരുണിനെ ക്രൂരമായി വെട്ടുകയായിരുന്നു. ജിനീഷും രാജീവും ഓടി രക്ഷപ്പെട്ടു. തലക്ക് ഉള്‍പ്പെടെ അരുണിന് ശരീരത്തില്‍ 18 വെട്ടേറ്റിട്ടുണ്ട്. ശരീരത്തില്‍ കമ്പിവടി കൊണ്ട് മര്‍ദ്ദിച്ച അടയാളങ്ങളുമുണ്ട്. സംഘം പോയതിനുശേഷം എത്തിയ ജിനീഷും രാജീവും ഉടന്‍ വഴിക്കടവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹൈവേ പോലീസിന്റെ വാഹനത്തിലാണ് അരുണിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വഴിക്കടവ് എസ് ഐ പി മോഹനന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലെത്തി അരുണില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിലമ്പൂര്‍ സി ഐ എ പി ചന്ദ്രന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്. അനേ്വഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Latest