Connect with us

Thrissur

സി ബി എസ് ഇ, ഐ സി എസ് ഇ, സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണമെന്ന്‌

Published

|

Last Updated

തൃശൂര്‍: സി ബി എസ് ഇ, ഐ സി എസ് ഇ, സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണമെന്ന് കേരള പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് സി ബി എസ് ഇ, ഐ സി എസ് ഇയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കണം. ഫീസ് നിരക്ക് ഉള്‍പ്പെടെയുള്ളവയില്‍ ചൂഷണം നടക്കുന്നുണ്ട്. സംസ്ഥാന സിലബസുകാരോടൊപ്പം തുല്യപരിഗണന നല്‍കി അന്യായമായ ഫീസ് വര്‍ധനവ് തടയാനും ടീച്ചേഴ്‌സിനും നോണ്‍ടീച്ചേഴ്‌സിനും ബൈലോയിലുള്ള ശമ്പളം നല്‍കാനും സര്‍ക്കാര്‍ ഇടപെടണം. അദ്ദേഹം പറഞ്ഞു.
ഈ രംഗത്തെ വിവിധ വിഷയങ്ങളുടെ പ്രചാരണത്തിന് വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥ നടത്തും. ഫെബ്രുവരി 16ന് കാസര്‍കോട് നിന്ന് ആരംഭിച്ച് 25ന് തിരുവനന്തപുരത്ത് സമാപിക്കും. സുധീര്‍ ജി കൊല്ലാറയാണ് ജാഥാ ക്യാപ്റ്റന്‍. 16ന് 2.30ന് കാസര്‍കോട് എം പി വീരേന്ദ്രകുമാര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 25ന് വൈകീട്ട് നാലിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
ജാഥാ സ്വീകരണങ്ങളില്‍ ഒരുലക്ഷം അണ്‍ എയ്ഡഡ് സ്‌കൂള്‍ രക്ഷാകര്‍ത്താക്കള്‍ ഒപ്പിട്ട നിവേദനങ്ങള്‍ സ്വീകരിക്കും. 26ന് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജോയ് തോമസ്, വൈസ് പ്രസിഡന്റ് എ മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.