Connect with us

International

ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സൈനിക മേധാവി മത്സരിക്കും

Published

|

Last Updated

കൈറോ: ഈജിപ്തില്‍ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അസ്സീസിക്ക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണ. ഇതോടെ, നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ ഈജിപ്തില്‍ പുതിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് വ്യക്തമായി. അസ്സീസിയുടെ നാമനിര്‍ദേശം സുപ്രീം കൗണ്‍സില്‍ ഉടന്‍ അംഗീകരിക്കുമെന്നും സൈനിക മേധാവി സ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ട സൈനിക നടപടിക്ക് നേത്യത്വം നല്‍കിയ അസ്സീസിക്ക് ഉയര്‍ന്ന സൈനിക പദവിയായ മാര്‍ഷല്‍ പദവി ലഭിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കികൊണ്ടുള്ള സൈനിക വക്താക്കളുടെ പ്രഖ്യാപനം വന്നത്. ജനറല്‍ പദവിയിലായിരുന്ന അസ്സീസിക്ക് ഇടക്കാല പ്രസിഡന്റാണ് മാര്‍ഷ്വല്‍ പദവി നല്‍കിയത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ബ്രദര്‍ഹുഡ് സര്‍ക്കാറിനെ താഴെ ഇറക്കുന്നതിലും മുര്‍സിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും നിര്‍ണായക പങ്കുവഹിച്ച അസ്സീസിക്ക് ശക്തമായ ജനപിന്തുണയാണ് ഉള്ളതെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന അക്രമാസക്ത പ്രക്ഷോഭങ്ങളെ നേരിടാനും രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനും അസ്സീസിക്ക് സാധിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
1954ല്‍ ജനിച്ച അസ്സീസി ഹുസ്‌നി മുബാറക്കിന് ശേഷം 18 മാസംത്തോളം രാജ്യം ഭരിച്ച സൈനിക കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

Latest