Connect with us

Ongoing News

അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായി

Published

|

Last Updated

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്(ഇറ്റ്‌ഫോക്) തുടക്കമായി. റീജ്യനല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന നാടകങ്ങള്‍ ഇപ്പോള്‍ സജീവമല്ലാതായിക്കൊണ്ടിരിക്കയാണെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ നാടക സംവിധായക അനുരാധ കപൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. മേയര്‍ രാജന്‍ പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, നീലം മാന്‍സില്‍, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അക്കാദമി ഔട്ട്‌ഡോര്‍ തിയേറ്ററില്‍ മിഴാവിന്റെ അകമ്പടിയോടെ ഉദ്ഘാടന നാടകം “ദി കിച്ചന്‍” നടന്നു. എട്ട് ദിവസത്തെ നാടകോത്സവം ഫെബ്രുവരി മൂന്നിന് അവസാനിക്കും. 10 രാജ്യങ്ങളില്‍ നിന്നുള്ള 24 നാടകങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുക. കേരളത്തില്‍ നിന്ന് ആറ് നാടകങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പോളണ്ട്, നോര്‍വെ, ഇറാന്‍, ചെക്കോസ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ഇസ്രാഈല്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ശ്രീലങ്ക എന്നീ രാജ്യങ്ങൡ നിന്ന് 12 നാടകങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ആറ് നാടകങ്ങളും വേദികൡ അവതരിപ്പിക്കും. സംഗീതനാടക അക്കാദമി വളപ്പിലെ റീജ്യനല്‍ തിേയറ്റര്‍, തോപ്പില്‍ ഭാസി നാട്യഗൃഹം, ഔട്ട് ഡോര്‍ തീയറ്റര്‍, ടെന്‍ഡ് തിയേറ്റര്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍ എന്നിവിടങ്ങളിലായാണ് പ്രദര്‍ശനം.

Latest