Connect with us

Kannur

സഹോദരിയെ ജയിപ്പിക്കാനുള്ള ജയരാജന്റെ അജന്‍ഡ: കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: ബി ജെ പി നേതാവ് ഒ കെ വാസു മാസ്റ്ററെ സി പി എമ്മില്‍ ചേര്‍ക്കുന്നതിന് പിന്നില്‍ വടകര പാര്‍ലിമെന്റ് സീറ്റില്‍ പി സതീദേവിയെ ജയിപ്പിക്കാനുള്ള സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഹിഡന്‍ അജന്‍ഡയാണെന്ന് കെ സുധാകരന്‍ എം പി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും സഹോദരി സതീദേവിയെ ജയിപ്പിച്ചെടുക്കുന്നതിനായി ജയരാജന്‍ ഇതേ രീതിയില്‍ ശ്രമം നടത്തിയിരുന്നു. ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനുമായി ഇതുമായി ബന്ധപ്പെട്ട് പലതവണ ജയരാജന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ പിണറായി വിജയന്‍ തന്നെ ചന്ദ്രശേഖരനെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നുവെങ്കിലും വിഫലമായി. ഇതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ടി പിയെ കൊലപ്പെടുത്തിയത്. ടി പി വധ ഗൂഢാലോചന ആരംഭിച്ചത് ഈ സമയത്താണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഒ കെ വാസു മാസ്റ്റര്‍ ജില്ലാ പ്രസിഡന്റായിരുന്നപ്പോഴാണ് നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയത്. ജില്ലയിലെ സി പി എം പ്രവര്‍ത്തകര്‍ ഏറ്റവുമധികം വെറുക്കപ്പെടുന്നവരില്‍ ഒരാളാണ് അദ്ദേഹം. അത്തരമൊരു വ്യക്തിയെ സി പി എമ്മില്‍ ചേര്‍ക്കുന്ന കാര്യം രക്തസാക്ഷികളുടെ കുടുംബം പൊറുക്കില്ല. സി പി എം പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഒ കെ വാസുവല്ല, ബി ജെ പി ദേശീയ നേതൃത്വമാണെന്ന പി ജയരാജന്റെ ന്യായവാദം വിചിത്രവും പരിഹാസ്യവുമാണ്.
വാസു മാസ്റ്ററെ സ്വീകരിക്കുന്നത് സി പി എമ്മിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. രാഷ്ട്രീയ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് സി പി എം. നാണംകെട്ട് സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്ന സി പി എം മാനംകെട്ട് ആളെ ചേര്‍ക്കുകയാണ്. സമരങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും അണികള്‍ കൊഴിഞ്ഞുപോകുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ സി പി എം ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പഴയകാലത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സുധാകരന്‍ പറഞ്ഞു.