Connect with us

National

ഉമര്‍ അബ്ദുല്ല രാജി വെച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള സഖ്യം പൊട്ടിത്തെറിയിലേക്ക്. ഇരു പാര്‍ട്ടികളും തമ്മിലുള്ള തീവ്രമായ അഭിപ്രായ ഭിന്നതകള്‍ കാരണം ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചനകളുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും അടുത്ത ഒക്ടബോര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ 700 പുതിയ അഡ്മിനിസ്‌ട്രേറ്റീവ് യൂനിറ്റുകള്‍ രൂപവത്കരിക്കാനുള്ള ഉമര്‍ അബ്ദുല്ലയുടെ സ്വപ്‌ന പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതാണ് കാരണം. സഖ്യം പൊളിയുന്നത് ഒഴിവാക്കാന്‍, കാശ്മീരിന്റെ സംഘടനാ ചുമതലയുള്ള അംബികാ സോണി, സംസ്ഥാന പി സി സി അധ്യക്ഷന്‍ സൈഫുദ്ദീന്‍ സോസ്, കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഉമറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പദ്ധതിയെ കോണ്‍ഗ്രസ് അട്ടിമറിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്നും അതിനാല്‍ ഉമര്‍ രാജിക്കൊരുങ്ങുകയാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഉമര്‍ രാജിവെച്ചാല്‍, നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സമ്മര്‍ദപ്പെടുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാര്‍ട്ടിയുടെ താത്പര്യം. അതേസമയം, രാഷ്ട്രപതി ഭരണത്തിനും സാധ്യതയുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്കിടെ, ഉമര്‍ അബ്ദുല്ല സോണിയാ ഗാന്ധിയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എത്രയും പെട്ടെന്ന് ഇത് പരിഹരിക്കപ്പെടണമെന്ന് സോണിയ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. പദ്ധതിയുടെ സാമ്പത്തിക ബാധ്യത പരിഗണിക്കാതെ ഭരണ യൂനിറ്റുകള്‍ വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാത്രമല്ല വിവിധ മേഖലകളില്‍ ഇവയുടെ തുല്യമായ വിഭജനം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു. അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യമാണ് കാശ്മീര്‍ ഭരിക്കുന്നത്.

 

---- facebook comment plugin here -----

Latest