Connect with us

Sports

ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഫാല്‍കാവോ

Published

|

Last Updated

ലിസ്ബന്‍: റഡാമെല്‍ ഫാല്‍കോ എന്ന സൂപ്പര്‍ സ്‌ട്രൈക്കറില്ലാതെ ലോകകപ്പില്‍ കൊളംബിയക്ക് എന്തെങ്കിലും ചെയ്യാനാകുമോ ? ഉത്തരം ഇല്ലെന്ന് തന്നെയാകും. യൂറോപ്യന്‍ ഫുട്‌ബോളിലെ മാരക സ്‌ട്രൈക്കറായ ഫാല്‍കോ ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ ഫാല്‍കോക്ക് കളിക്കാന്‍ സാധിക്കില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
എന്നാല്‍, പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലെ ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫാല്‍കോ ശുഭപ്രതീക്ഷയിലാണ്. എത്രയും പെട്ടെന്ന് കളത്തില്‍ തിരിച്ചെത്തണം. എനിക്ക് ലോകകപ്പ് കളിച്ചേ തീരൂ-ഫാല്‍കോ ലോകകപ്പ് ലഹരിയിലാണ്. ഫ്രഞ്ച് ക്ലബ്ബ് എ എസ് മൊണാക്കോയുടെ താരമാണ് കൊളംബിയന്‍ താരം. ഫ്രഞ്ച് കപ്പില്‍ ചാസെലെക്കെതിരെ കളിക്കുമ്പോഴാണ് പരുക്കേറ്റത്.
ഡോക്ടര്‍മാര്‍ തനിക്ക് ലോകകപ്പ് സാധ്യതയില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍, താനത് മുഖവിലക്കെടുക്കുന്നില്ല. തിരിച്ചുവരവണം എത്രയും പെട്ടെന്ന്- ഫാല്‍കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓരോ ദിവസവും ചെറിയ തോതില്‍ പരിശീലനം ചെയ്ത് കായിക ക്ഷമത വീണ്ടെടുക്കാനാകുമെന്ന് താരം വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം കൊളംബിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പോര്‍ട്ടോയിലെ ട്രിനിഡാഡ് ആശുപത്രിയില്‍ ഫാല്‍കോയെ സന്ദര്‍ശിച്ചിരുന്നു.
ലോകകപ്പില്‍ ഐവറികോസ്റ്റ്, ഗ്രീസ്, ജപ്പാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് കൊളംബിയ.

Latest