Connect with us

International

മുര്‍സിയെ വിചാരണ ചെയ്തു

Published

|

Last Updated

കൈറോ: 2011ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വിചാരണ ചെയ്തു. “ഞാന്‍ രാജ്യത്തിന്റെ പ്രസിഡന്റാണ്. എന്നെ എങ്ങനെ നിശ്ശബ്ദനാക്കാന്‍ സാധിക്കുമെന്ന്?” മുര്‍സി കോടതിയില്‍ ആക്രോശിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മുര്‍സി, ഇതിനു പുറമെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല നടത്തിയതടക്കമുള്ള നാല് ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
2011ല്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ കൈറോയിലെ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടുവെന്ന കേസിലാണ് ഇന്നലെ കോടതി വിചാരണ ചെയ്തത്. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് വിചാരണ എന്നത് ഏറെ ശ്രദ്ധേയമാണ്. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതാക്കളടക്കം കേസില്‍ ഉള്‍പ്പെട്ട 130 പേരുടെ വിചാരണയാണ് ഇന്നലെ നടന്നത്. തലസ്ഥാനമായ കൈറോക്ക് സമീപത്തെ പോലീസ് അക്കാദമിയിലെ കോടതിയില്‍ കനത്ത സുരക്ഷക്കിടെ നടന്ന വിചാരണയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും മറ്റും ശക്തമായ വിലക്കേര്‍പ്പെടുത്തിയിരുന്നു. മുര്‍സി അനുയായികളായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൈറോ നഗരത്തിലും മറ്റും സൈനിക സജ്ജീകരണം ശക്തമാക്കിയിരുന്നു. അലക്‌സാണ്ട്രിയയിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും ഹെലികോപ്റ്റര്‍ വഴിയാണ് കോടതിയിലെത്തിച്ചത്.
കോടതിയില്‍ പ്രത്യേകമായി സജ്ജീകരിച്ച ചില്ലു മുറിയിലായിരുന്നു വിചാരണയില്‍ പ്രതികളെ പ്രവേശിപ്പിച്ചത്. അടുത്തിടെ നടന്ന വിചാരണയില്‍ കോടതി മുറിയില്‍ ജഡ്ജിക്കെതിരെയും മറ്റും പ്രകോപിതമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ചില്ലു മുറികള്‍ നല്‍കിയതെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു. കൈ ഉയര്‍ത്തിയതിന് ശേഷം മാത്രമെ കോടതിയോട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ പ്രതികള്‍ക്ക് അനുമതി നല്‍കിയിരുന്നുള്ളു.

Latest