Connect with us

National

തെലങ്കാന ബില്‍ ആന്ധ്ര നിയമസഭ തള്ളി

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ആന്ധ്ര നിയമസഭ തള്ളി. ബില്‍ തള്ളുന്നതായി മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി കൊണ്ടുവന്ന പ്രമേയം ശബ്ദ വോട്ടോടെയാണ് ആന്ധ്രയിലെ രണ്ട് സഭകളും പാസ്സാക്കിയത്. ആന്ധ്രാപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ബില്‍- 2013ന്മേല്‍ അന്തിമ തീരുമാനം രാഷ്ട്രപതിയെ അറിയിക്കേണ്ട അവസാന തീയതിയാണ് ബില്‍ ആന്ധ്രയിലെ ഇരു സഭകളും തള്ളിയത്.
ഡിസംബര്‍ രണ്ടാം വാരം ആരംഭിച്ച ചര്‍ച്ചയില്‍ എണ്‍പത്തിയാറ് പേര്‍ പങ്കെടുത്തു. 9,072 ഭേദഗതികളാണ് കൊണ്ടുവന്നത്. ഇതിന് പിന്നാലെ കിരണ്‍ കുമാര്‍ റെഡ്ഢി കൊണ്ടുവന്ന പ്രമേയം ശബ്ദ വോട്ടോടെ പാസ്സാക്കുകയായിരുന്നു. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ നദേന്ദ്‌ല മനോഹര്‍ അറിയിച്ചു.
ഭരണഘടനയിലെ മൂന്നാം വകുപ്പ് പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് വിഭജന കാര്യത്തില്‍ സംസ്ഥാന നിയമസഭയുടെ അഭിപ്രായം അറിയാന്‍ രാഷ്ട്രപതി ബില്‍ സഭയുടെ പരിഗണനക്ക് വിട്ടത്. ഡിസംബര്‍ പതിനാറിനാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്. എന്നാല്‍, സീമാന്ധ്രയിലെ അഭിഭാഷകരുടെയും തെലങ്കാന രൂപവത്കരണത്തെ എതിര്‍ക്കുന്നവരുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് ബില്‍ ചര്‍ച്ചക്കെടുക്കുന്നത് നീണ്ടു. വിഭജനത്തെ ശക്തമായി എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി, ബില്‍ തള്ളിക്കൊണ്ടുള്ള പ്രമേയം കൊണ്ടുവരാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്പീക്കറുടെ അനുമതി തേടിയത്. അതേസമയം, ബില്‍ തള്ളുന്ന പ്രമേയം നിയമസഭ പാസ്സാക്കിയത് പുതിയ സംസ്ഥാന രൂപവത്കരണത്തെ ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Latest