Connect with us

Eranakulam

എല്ലാവര്‍ക്കും വീട്: ഗൃഹശ്രീ പദ്ധതിക്ക് തുടക്കം

Published

|

Last Updated

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ “എല്ലാവര്‍ക്കും വീട്” പാര്‍പ്പിട നയത്തിന്റെ ഭാഗമായി “ഗൃഹശ്രീ” എന്ന പേരില്‍ പദ്ധതി ആരംഭിച്ചതായി സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ബി പി എല്ലുകാര്‍ക്ക് നാലു ലക്ഷം രൂപയും എ പിഎല്ലു കാര്‍ക്ക് 5 ലക്ഷം രൂപയും താഴ്ന്ന വരുമാനക്കാര്‍ക്ക് 6 ലക്ഷം രൂപയും പദ്ധതിയുടെ ഭാഗമായി നല്‍കും. ഇതില്‍ ഗുണഭോക്തൃ വിഹിതമായി ബി പി എല്‍കാര്‍ക്ക് ഒരു ലക്ഷം രൂപയും എപിഎല്ലുകാര്‍ രണ്ട് ലക്ഷവും താഴ്ന്ന വരുമാനക്കാര്‍ മൂന്നു ലക്ഷവും അടക്കേണ്ടതാണ്. സന്നദ്ധ സംഘടനകളോ വ്യക്തികളോ ഒരു ലക്ഷം രൂപ വീതം സ്‌പോണ്‍സര്‍ വിഹിതം നല്‍കിയാല്‍ മാത്രമേ പണം ലഭ്യമാകുകയുള്ളൂ.
എല്ലാ വിഭാഗത്തിനും രണ്ടു ലക്ഷം രൂപ വീതം സബ്‌സിഡി ഉണ്ടായിരിക്കും. ഗുണഭോക്താവ് ഒരു തുകയും തിരിച്ചടക്കേണ്ടതില്ല. നാലുഘട്ടങ്ങളിലായിട്ടായിരിക്കും തുക വിതരണം ചെയ്യുന്നത്. വീടിന്റെ തറ വിസ്തീര്‍ണ്ണം ബി പി എല്ലുകാര്‍ക്ക് 30-40 മീറ്റര്‍ സ്‌ക്വയറും എ പി എല്ലിന് 41-50 മീറ്റര്‍ സ്‌ക്വയറും എല്‍ ഐ ജിക്കാര്‍ക്ക് 51-60 മീറ്റര്‍ സ്‌ക്വയറുമായി നിജപ്പെടുത്തിയിട്ടുണ്ട്. എല്‍ ഐ ജി ക്കാര്‍ക്ക് മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിയും മറ്റുള്ളവര്‍ക്ക് രണ്ട് സെന്റില്‍ കുറയാത്ത ഭൂമിയും സ്വന്തമായി ഉണ്ടായിരിക്കണം.
നിലവില്‍ 336 സംഘടനകളും 3.4 വ്യക്തികളും ചേര്‍ന്ന് 10,227 വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വീടിന്റെ നിര്‍മാണ സ്വാതന്ത്ര്യം മുഴുവന്‍ ഗുണഭോക്താവിനായിരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടിവ് എന്‍ഞ്ചിനീയര്‍ അമീര്‍ഷാ, ഒ ദേവസി, ഭാനുമതി, ഖമറുദ്ദീന്‍ പങ്കെടുത്തു.

Latest