Connect with us

National

ബദല്‍ മുന്നണി ശ്രമങ്ങള്‍ ഊര്‍ജിതമാക്കി നിതീഷ് കുമാര്‍

Published

|

Last Updated

ന്യുഡല്‍ഹി: ബി ജെ പിയേയും കോണ്‍ഗ്രസിനേയും എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ ഐക്യനിര പടുത്തുയര്‍ത്താന്‍ വിവിധ കക്ഷി നേതാക്കളുടെ യോഗം ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു.
ബീഹാറില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇടത് മുന്നണിയും പുതിയ ഐക്യനിരക്കായി ശ്രമിക്കുന്നുണ്ട്. ഇതിന് ഐക്യ ജനതാദളിന്റെ പിന്തുണയുണ്ടെന്നും നിതീഷ് വ്യക്തമാക്കി. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഏതെല്ലാം നേതാക്കള്‍ പങ്കെടുക്കുമെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ഇടതു നേതാക്കള്‍ക്ക് പുറമെ “ജനതാപരിവാര്‍” നേതാക്കളായ മുലായം സിംഗ്, എച്ച് ഡി ദേവഗൗഡ, നവീന്‍ പട്‌നായ്ക്, ശരദ് യാദവ് എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ജെ ഡി യു ഒരിക്കലും എന്‍ ഡി എയിലേക്ക് തിരിച്ചുപോകില്ലെന്ന് നിതീഷ് കുമാര്‍ തീര്‍ത്തുപറഞ്ഞു. പുതിയ മുന്നണി രൂപവത്കരിക്കുന്നതിനെ ശരദ് യാദവ് എതിര്‍ത്തുവെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. ജെ ഡി യുവുമായി സഖ്യം ചേര്‍ന്ന് സി പി എമ്മും സി പി ഐയും ബീഹാറില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ മുന്നണി രൂപവത്കരണത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ തന്റെ പാര്‍ട്ടി വലിയ പങ്ക് വഹിക്കുമെന്ന് മുലായം സിംഗ് യാദവ് ഇന്നലെ ലക്‌നോയില്‍ പറഞ്ഞു. അതേസമയം, മുന്നണി രൂപവത്കരണ വാര്‍ത്ത സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ്, ബി ജെ പിയിതരരായ പത്ത് പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ഹൈദരാബാദില്‍ കാരാട്ട് പറഞ്ഞു.
അതേസമയം, ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍വരുത്തിയ പ്രഥമ സംസ്ഥാനമായിരിക്കുകയാണ് ബീഹാര്‍. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 84 ശതമാനവും (6.90 കോടി പേര്‍) നഗരത്തിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 74 ശതമാനവും (70 ലക്ഷം) പദ്ധതിയുടെ ഗുണഭോക്താക്കളാകും.

---- facebook comment plugin here -----

Latest