Connect with us

National

ഭീകരാക്രമണങ്ങള്‍ നടത്തിയത് മോഹന്‍ ഭഗവതിന്റെ നിര്‍ദേശത്തോടെ: സ്വാമി അസീമാനന്ദ

Published

|

Last Updated

ന്യൂഡല്‍ഹി: സംഝോധ എക്‌സ്പ്രസ് സ്‌ഫോടനമടക്കമുള്ള പല ഭീകരാക്രമണങ്ങളും ആര്‍ എസ് എസിന്റെ ഉന്നത നേതാക്കളുടെ നിര്‍ദേശത്തോടെയും ഒത്താശയോടെയും ചെയ്തതാണെന്ന് സംഝോധ കേസിലെ പ്രധാന പ്രതി സ്വാമി അസീമാനന്ദ. സ്‌ഫോടനത്തെ സംബന്ധിച്ച് തന്നോട് പറഞ്ഞത് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ആയിരുന്നെന്ന് ദി കാരവന്‍ എന്ന ദേശീയ മാസികയുടെ ലേഖിക ലീന ഗീത രഘുനാഥിന് അംബാല സെന്‍ട്രല്‍ ജയിലില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ അസീമാനന്ദ പറഞ്ഞു.
2005 ജൂലൈയില്‍ ആര്‍ എസ് എസിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ ഭഗവതും ഇപ്പോള്‍ ഏഴംഗ ദേശീയ നിര്‍വാഹക സമിതിയിലെ അംഗവുമായ ഇന്ദ്രേഷ് കുമാറും അസീമാനന്ദയെ വന്ന് കാണുകയായിരുന്നു. സൂറത്തില്‍ ആര്‍ എസ് എസ് നേതാക്കളുടെ സമ്മേളനത്തിന് ശേഷമാണ് ഭഗവതും ഇന്ദ്രേഷ് കുമാറും അസീമാനന്ദ താമസിക്കുന്ന ഗുജറാത്തിലെ ദാംഗ്‌സില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയത്. രണ്ട് മണിക്കൂറോളം കാറില്‍ യാത്ര ചെയ്തായിരുന്നു ഇത്. അസീമാനന്ദയും ആര്‍ എസ് എസിന്റെ മറ്റൊരു നേതാവായ സുനില്‍ ജോഷിയും മുസ്‌ലിംകളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന സമയമായിരുന്നു അത്. രാജ്യത്തെ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഭഗവതിനെ ജോഷി അറിയിച്ചു. ഇത് ഭഗവതും ഇന്ദ്രേഷ് കുമാറും സമ്മതിച്ചു.
തുടര്‍ന്ന്, മോഹന്‍ ഭഗവത് അസീമാനന്ദയോട് ഇപ്രകാരം പറഞ്ഞു. “സുനിലുമായി ചേര്‍ന്ന് ഇത് ചെയ്യാം. ഞങ്ങള്‍ നേരിട്ട് പങ്കെടുക്കില്ല. നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ ഒപ്പമുണ്ടെന്ന് നിങ്ങള്‍ക്ക് വിചാരിക്കാം. ഇക്കാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍, സംഘുമായി നിങ്ങള്‍ ബന്ധപ്പെടരുത്. സ്വാമിജി നിങ്ങളിത് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഒരു വീഴ്ചയും സംഭവിക്കില്ല. ഒരിക്കലും ഇത് ക്രിമിനല്‍ കേസാകുകയില്ല. നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍ ഒരു കുറ്റമായി പൊതുജനങ്ങള്‍ പരിഗണിക്കുകയില്ല. പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തിക്കൊള്ളൂം. ഇത് ഹിന്ദുക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ദയവായി ഇത് ചെയ്യു. എല്ലാ വിധ മംഗളാശംസകളും.” തുടര്‍ന്ന് ഇരുവരും മടങ്ങി.
അസീമാനന്ദയും കൂട്ടരും നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ധാര്‍മികവും സാങ്കേതികവുമായി സഹായങ്ങള്‍ ഇന്ദ്രേഷ് കുമാര്‍ ചെയ്‌തെന്ന് കുറ്റപത്രങ്ങളിലുണ്ടായിരുന്നെങ്കിലും മോഹന്‍ ഭഗവതിന്റെ സഹായം സംബന്ധിച്ച വിവരം ഇതാദ്യമായാണ്. ഇന്ദ്രേഷ് കുമാറിനെ സി ബി ഐ ഒരിക്കല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, എന്‍ ഐ എ കേസ് ഏറ്റെടുത്തതോടെ ആ വഴിക്കുള്ള അന്വേഷണം നിലച്ചു. ആര്‍ എസ് എസ് നേതാവായിരുന്ന സുനില്‍ ജോഷിയെ 2007 ഡിസംബറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇന്ദ്രേഷ് കുമാറിന്റെ പങ്കിനെ സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായ പശ്ചാത്തലത്തില്‍, ആര്‍ എസ് എസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ശിപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജന്‍സികള്‍ ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍ എസ് എസിനെ നിരോധിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ആഭ്യന്തര മന്ത്രാലയം പരിഗണിച്ചില്ല.
2007 ഫെബ്രുവരി 18ന് നടത്തിയ സംഝോധ എക്‌സ്പ്രസ് സ്‌ഫോടനമാണ് അസീമാനന്ദയുടെ നേതൃത്വത്തില്‍ നടത്തിയ പ്രധാന ആക്രമണം. തുടര്‍ന്ന് 2007 മെയില്‍ മക്കാ മസ്ജിദ് സ്‌ഫോടനം, ആ വര്‍ഷം ഒക്‌ടോബറില്‍ അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം എന്നീ ആക്രമണങ്ങളും നടത്തി. അതിന് മുമ്പ് 2006 സെപ്തംബറിലും 2008 സെപ്തംബറിലും മലേഗാവില്‍ ആക്രമണം നടത്തി.

---- facebook comment plugin here -----

Latest