Connect with us

Kerala

രാജ്യസഭാ സീറ്റിലും കാബിനറ്റ് പദവിയിലും ലീഗിന്റെ കണ്ണ്

Published

|

Last Updated

തിരുവനന്തപുരം: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫില്‍ അവകാശവാദങ്ങളും സമ്മര്‍ദ തന്ത്രങ്ങളുമായി ഘടക കക്ഷികള്‍ രംഗത്ത്. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്-എം, സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ്-ജെ തുടങ്ങിയ ഘടകക്ഷികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ കോട്ടയം സീറ്റിനൊപ്പം ഇടുക്കികൂടി ലക്ഷ്യമിട്ടാണ് മാണി ഗ്രൂപ്പിന്റെ അവകാശവാദം.
അതേസമയം ലോക്‌സഭാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിട്ടുവന്ന സോഷ്യലിസ്റ്റ് ജനതയെ അനുനയിപ്പിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലാത്തതിനാല്‍ വടകര, കോഴിക്കോട് എന്നീ സീറ്റുകളിലൊന്ന് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതമായേക്കും. കഴിഞ്ഞ ദിവസം സോഷ്യലിസ്റ്റ് ജനതയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്കൊടുവില്‍ വടകരയോ വയനാടോ നല്‍കുന്നത് സംബന്ധിച്ച് അനുകൂല സമീപനമാണെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയെന്നാണറിയുന്നത്. എന്നാല്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലീഗുമായി രഹസ്യ ധാരണയിലെത്തിയ ശേഷം ഇത് ചൂണ്ടിക്കാട്ടി മാണിയെ പിന്തിരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് മറ്റു ഘടകക്ഷികളെ ചൊടിപ്പിച്ചിരിക്കുകയാണ്. സീറ്റ് തര്‍ക്കം രൂക്ഷമായതോടെ നാളെ ചേരുന്ന യു ഡി എഫ് ഉഭയകക്ഷി യോഗത്തില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്-എം അടിയന്തര യോഗം ഇന്ന് കോട്ടയത്ത് ചേരും.
അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റും അടുത്ത തവണ യു പി എക്ക് അധികാരം ലഭിച്ചാല്‍ ഇ അഹ്മ്മദിന് കാബിനറ്റ് പദവിയും നല്‍കുമെങ്കില്‍ മൂന്ന് സീറ്റ് വേണമെന്ന അവകാശ വാദത്തില്‍ നിന്ന് പിന്മാറാമെന്നാണ് ലീഗിന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ മൂന്നാമതൊരു സീറ്റ് ലഭിക്കുന്നതിന്റെ പ്രായോഗികതയും അടുത്ത തവണ യു പി എയുടെ തിരിച്ചുവരവിനുള്ള സാധ്യതക്കുറവും പരിഗണിക്കുമ്പോള്‍ രാജ്യസഭാ സീറ്റാണ് കുറച്ചുകൂടി സുരക്ഷിതമെന്നാണ് മുസ്‌ലിം ലീഗ് കണക്കു കൂട്ടുന്നത്.
ലീഗിന് താത്പര്യമുള്ള വയനാട് സിറ്റിംഗ് സീറ്റായതിനാല്‍ കോണ്‍ഗ്രസ് വിട്ടുതരാന്‍ ഇടയില്ലെന്ന ഉറച്ച ബോധ്യവും കോഴിക്കോട് സീറ്റിനായി സോഷ്യലിസ്റ്റ് ജനത പിടിമുറുക്കിയതുമാണ് മൂന്നാമതൊരു സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് യു ഡി എഫിന്റെ നില പരുങ്ങലിലായതിനാല്‍ മൂന്നാമതൊരു സീറ്റ് എന്നതിനെക്കാള്‍ രാജ്യസഭാ സീറ്റും കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവിയുമയാണ് ഗുണകരമാകുക എന്ന നിലപാടാണ് ലീഗിനുള്ളത്.
വീണ്ടും യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇ അഹ്മ്മദിന് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനവും ഒരു രാജ്യസഭാ സീറ്റും രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി ലീഗ് മുന്നോട്ടുവെക്കുന്ന ഫോര്‍മുല. എന്നാല്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറരുതെന്നും തങ്ങളുടെ പഴയ പാര്‍ലിമെന്റ് മണ്ഡലമായ കാസര്‍കോട് ലഭിച്ചാലും മതിയെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ വാദം. യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യത വിരളമാണെന്നും മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നും ലീഗിലെ പ്രബല വിഭാഗം വാദിക്കുന്നു.
ഇതിനിടെ ഇ അഹമ്മദിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ലീഗില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഇ അഹമ്മദിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കഴിഞ്ഞയാഴ്ച മലപ്പുറത്തു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമതിയോഗം തീരുമാനിച്ചത്. ഇതോടെ മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗ് സ്ഥാനാര്‍ഥികളില്‍ മാറ്റമുണ്ടാകില്ലെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെ ഇത്തവണ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേളാരി സമസ്ത രംഗത്തുവന്നിട്ടുണ്ട്. ലീഗ് നേതൃത്വം ഇത് പരിഗണിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ നാളെ കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റെന്ന ആവശ്യം ഉന്നയിച്ച് പ്രതിരോധത്തിലാക്കുകയും തുടര്‍ന്ന് സമവായ ചര്‍ച്ചയുടെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനവും ഒരു രാജ്യസഭാ സീറ്റെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാനുമാണ് ലീഗ് നീക്കം.
ഇതിനിടെ ഇന്ന് കോട്ടയത്ത് ചേരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃയോഗം രണ്ട് സീറ്റ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കും. രണ്ട് സീറ്റ് നിര്‍ബന്ധമായും കിട്ടിയേ തീരൂവെന്ന് ഇന്നലെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. നാളത്തെ യു ഡി എഫ് ഉഭയകക്ഷി യോഗത്തില്‍ മാണിയും പി ജെ ജോസഫുമാണ് പങ്കെടുക്കുന്നത്. കോട്ടയം, ഇടുക്കി സീറ്റുകളാണ് അവര്‍ ആവശ്യപ്പെടുന്നത്.
പി ജെ ജോസഫ് വിഭാഗം എല്‍ ഡി എഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ച സീറ്റാണ് ഇടുക്കി. ഇതിനിടെ ഇടുക്കിയിലെ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പി സി ജോര്‍ജിന് നിര്‍ണായക സ്വാധീനവുമുള്ള പ്രദേശമാണ് ഇടുക്കിയെന്നത് യു ഡി എഫിലും പ്രത്യേകിച്ച് കേരള കോണ്‍ഗ്രസിനും തലവേദനയാകും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest