Connect with us

Articles

ബി ജെ പി വിട്ടവരെ സി പി എമ്മിന് സ്വീകരിക്കാമോ?

Published

|

Last Updated

ബി ജെ പിയില്‍ നിന്നു രാജി വെച്ച കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒ കെ വാസു മാഷിന്റെയും എ അശോകന്റെയും നേതൃത്വത്തില്‍ സി പി എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും സി പി എം അവരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയുമുണ്ടായല്ലോ. ഇതിനെപ്പറ്റിയായിരുന്നു കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഒരാഴ്ചക്കാലമായി ചര്‍ച്ചിച്ചത്.
1999 ആഗസ്റ്റ് മാസം 29-ാം തീയതി ഓണക്കാലത്ത് വീട്ടകത്തുവെച്ച് ഭാര്യ നോക്കി നില്‍ക്കേ, പി ജയരാജന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ തലങ്ങും വിലങ്ങും വെട്ടി ജീവച്ഛവമാക്കിയവരാണ് ആര്‍ എസ് എസുകാര്‍. ചാനലുകളുടെ ദൃശ്യവിസ്മയം ഇല്ലാതിരുന്നതിനാല്‍ പി ജയരാജന് ഏല്‍ക്കേണ്ടി വന്നത് 26 വെട്ടുകളാണോ 51 വെട്ടുകളാണോ എന്നൊന്നും അക്കാലത്ത് എണ്ണപ്പെട്ടില്ല. എന്തായാലും കൈയുടെ ചലനശേഷി തന്നെ തീര്‍ത്തും ഇല്ലാതാക്കിയ ആ കൊടുംക്രൂര കൃത്യത്തിനു പിന്നണിയില്‍ ചരട് വലിച്ചവരെന്ന് ആരോപിക്കപ്പെട്ട ആര്‍ എസ് എസ്, ബി ജെ പി നേതൃപ്രവര്‍ത്തകരാണ് വാസു മാഷും അശോകനും. ഇപ്പറഞ്ഞവരെ പി ജയരാജന്‍ തന്നെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്തതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്നാണ് കെ സി ഉമേഷ് ബാബു, ഡോ. ആസാദ്, അഡ്വ. ജയശങ്കര്‍, കെ എം ഷാജഹാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങിയ ചാനല്‍ അവതാരകരുടെ സര്‍വജ്ഞന്മാര്‍ പറഞ്ഞത്! ബി ജെ പി വിട്ടവരെ സി പി എമ്മിലേക്ക് സ്വീകരിക്കുന്നത് തീരെ ശരിയല്ലെന്ന തങ്ങളുടെ അഭിപ്രായത്തിന് മേല്‍പ്പറഞ്ഞ ചാനല്‍ പണ്ഡിതന്മാര്‍ നിരത്തിയ വാദഗതികള്‍ താഴെ അക്കമിട്ടു പറയാം.
1. ഗ്രൂപ്പ് വഴക്കിനാല്‍ ബി ജെ പി വിട്ട് നരേന്ദ്ര മോദി വിചാര്‍ മഞ്ച് രൂപവത്കരിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ അതുപേക്ഷിച്ച് സി പി എമ്മിലേക്ക് ചേക്കാറാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നവരെ സ്വീകരിച്ചാല്‍ സി പി എമ്മിന്റെ മതനിരപേക്ഷത കളങ്കപ്പെടും.
2. ആര്‍ എസ് എസ്സുകാരാല്‍ കൊല്ലപ്പെട്ട നൂറുകണക്കിന് രക്തസാക്ഷികളുള്ള സി പി എം എന്ന പ്രസ്ഥാനം ചുവപ്പു പരവതാനി വിരിച്ച് ആര്‍ എസ് എസ്സുകാരായിരുന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിനെ ഒരു രക്തസാക്ഷിയുടെ കൂടുംബത്തിനും അംഗീകരിക്കാനാകില്ല.
3. മോദിവിരുദ്ധതയുടെ പേരില്‍ സി പി എമ്മിനു വോട്ട് ചെയ്യാന്‍ തയ്യാറായേക്കാവുന്ന ചുരുക്കം മുസ്‌ലിംകളെ പോലും പിണക്കാനേ നരേന്ദ്ര മോദി വിചാര്‍ മഞ്ചില്‍ നിന്നു വരുന്നവരെ സ്വീകരിക്കുന്ന സി പി എം നടപടി ഉപകരിക്കൂ.
ഈ വാദഗതികളെല്ലാം സമര്‍ഥനം ചെയ്യാന്‍ ശ്രമിക്കുന്നത് എന്താണ്? നമോ വിചാര്‍ മഞ്ച് ഉപേക്ഷിച്ചവരെ സ്വീകരിച്ചാല്‍ സി പി എമ്മിനു നിലവിലുള്ള ജനപിന്തുണ നഷ്ടപ്പെടുമെന്നാണോ? ആണെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ ജയശങ്കറും ഉമേഷ് ബാബുവും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ ചെയ്യേണ്ടത്? കാരണം, സി പി എം തകരുകയും ആര്‍ എം പി വളരുകയും വേണം എന്നാണല്ലോ അവരൊക്കെ ആഗ്രഹിക്കുന്നത്. അപ്പോള്‍ പിന്നെ സി പി എമ്മിനെ തകര്‍ക്കുന്ന ഒരു നടപടി സി പി എം നേതാക്കള്‍ തന്നെ എടുക്കുമ്പോള്‍ അതില്‍ ആഹ്ലാദിക്കുകയല്ലേ വേണ്ടത്?. പകരം അവരെന്തിനു പരിഭ്രമിക്കുന്നു? പരിഭ്രമിക്കുന്നതിലൂടെ മനസ്സിലാക്കാനാകുന്നത് ബി ജെ പി വിട്ടിറങ്ങിയവരെ അഭയം നല്‍കി സ്വീകരിക്കുന്നതു വഴി പൊതുവേ കേരളത്തിലും വിശിഷ്യ കണ്ണൂരിലും സി പി എം അടിത്തറ ബലപ്പെടുന്നു എന്നു തന്നെയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിച്ചിരുന്നവരെ സി പി എമ്മിലേക്ക് ആനയിച്ച പി ജയരാജന്റെ നടപടിയില്‍ അമര്‍ഷവും പുച്ഛവും ഒക്കെ പ്രകടിപ്പിക്കുന്ന കെ എസ് ഹരിഹരന്‍ ഉള്‍പ്പെടെയുള്ള ആര്‍ എം പി നേതാക്കള്‍, നരേന്ദ്ര മോദിയെ പരസ്യമായി അനുമോദിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ആശീര്‍വാദം തന്റെ നിരാഹാര സത്യഗ്രഹത്തിന് വേണമെന്നു പറഞ്ഞ, ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയോട് എന്തു നിലപാടെടുക്കും എന്നും വ്യക്തമാക്കണം. ജസ്റ്റിസ് കൃഷ്ണയ്യര്‍, എ പി ബര്‍ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ക്ക് പ്രായമേറെയുണ്ടെന്നതുകൊണ്ട് അവരൊക്കെ എന്തു പറഞ്ഞാലും ചെയ്താലും അതെല്ലാം ശരിയായി കരുതി വാഴ്ത്താന്‍ മാത്രമേ പാടുള്ളൂ എന്നൊന്നും നിയമമില്ലല്ലോ? ഇനി ജയരാജന്‍ ചെയ്ത കാര്യത്തെപ്പറ്റി പര്യാലോചിക്കാം.
ഹൈന്ദവ, ക്രൈസ്തവ, മുസ്‌ലിം മത വിശ്വാസികളായിരിക്കുന്ന ഒരൊറ്റ മനുഷ്യനും, പി ജയരാജനെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വെട്ടിനുറുക്കിയവരെ യാതൊരു പ്രതികാര മനോഭാവവും കൂടാതെ സി പി എമ്മിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്തതില്‍ യാതൊരു തെറ്റും പറയാനാകില്ല. കാരണം, എല്ലാ മതങ്ങളും മതങ്ങളുടെ ആചാര്യന്മാരും സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കണം എന്നു മാത്രമല്ല പറഞ്ഞിട്ടുള്ളത്; ദ്രോഹിച്ചവരെയും സ്‌നേഹിക്കണം, ദ്രോഹിച്ചവരോടും പൊറുക്കണം എന്നൊക്കെയാണ്. തങ്ങളെ ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി ബലമായി മരത്തില്‍ പിടിച്ചുകെട്ടി കൈയിലുണ്ടായിരുന്നതെല്ലാം പിടിച്ചുപറിച്ച രത്‌നാകരന്‍ എന്ന കാട്ടാളനെ, ശപിച്ചു ഭസ്മമാക്കാനല്ല മറിച്ച് അയാളുടെ വിവേകത്തെ തൊട്ടുണര്‍ത്തി അയാളെ വാത്മീകി മഹര്‍ഷിയാക്കി ഉയര്‍ത്താനാണ് സപ്തര്‍ഷികള്‍ ശ്രമിച്ചത്. രാമായണത്തേയും രാമായണമെഴുതിയ വാല്‍മീകിയുടെ ജീവിതത്തെയും മാനിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന ഒരു ഹിന്ദുമത വിശ്വാസിക്കും, തന്നെ ദ്രോഹിച്ച പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മാറാന്‍ സന്നദ്ധരായി മുന്നോട്ടുവന്നപ്പോള്‍, പഴയതെല്ലാം പൊറുത്ത്, കടന്നുവന്നവരെ “സഖാക്കളേ” എന്നു അഭിസംബോധന ചെയ്യാന്‍ സസന്തോഷം തയ്യാറായ പി ജയരാജന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ നടപടിയെ അനുമോദിക്കാതിരിക്കാനാകില്ല. “നീ നിന്റെ ശത്രുവിനെ പോലും സ്‌നേഹിക്കുക” എന്നുപദേശിച്ച യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ക്രൈസ്തവ മതവിശ്വാസിക്കും ശത്രുപക്ഷത്തായിരുന്നവര്‍ അഭയം ചോദിച്ചു വന്നപ്പോള്‍ അവരെ സസന്തോഷം സ്വീകരിച്ച പി ജയരാജന്റെ നടപടിയില്‍ ഒരു തെറ്റും പറയാനാകില്ല. മക്കയെ കീഴടക്കിയതിനു ശേഷം മുഹമ്മദ് നബി(സ) തന്നെ ദ്രോഹിച്ചവരോട് പൊറുക്കുകയാണ് ചെയ്തത്; അല്ലാതെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയല്ല.
ആര്‍ എസ് എസ്, ബി ജെ പി നമോവിചാര്‍ മഞ്ച് ബാന്ധവങ്ങളെല്ലാം ഉപേക്ഷിച്ച് ആയിരക്കണക്കിനാളുകള്‍ കേരളത്തില്‍ സി പി എമ്മുമായി സഹകരിക്കാന്‍ തീര്‍ച്ചയാക്കിയത് മുസ്‌ലിംകളെ പ്രത്യേകമായി സന്തോഷിപ്പിക്കും. കാരണം, ബി ജെ പിയില്‍ നിന്നൊരാള്‍ മാറിയാല്‍ പോലും അതുവഴി ദുര്‍ബലപ്പെടുന്നത് ഗുജറാത്തിലെ മുസ്‌ലിം വംശഹത്യക്ക് ഒത്താശ ചെയ്ത കാവി ഹിറ്റ്‌ലറായ നരേന്ദ്ര മോദിയാണെന്ന് മനസ്സിലാക്കാനുള്ള അരിയാഹാരം മുസ്‌ലിംകള്‍ കഴിക്കുന്നുണ്ടെന്നതു തന്നെ.
ഇനി രക്തസാക്ഷികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കാര്യം ചിന്തിക്കാം. ഒരു സി പി എമ്മുകാരനും രക്തസാക്ഷിയായത് അയാള്‍ക്കു വേണ്ടിയല്ല; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അത് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മര്‍ദിത പക്ഷ രാഷ്ട്രീയത്തിനും വേണ്ടിയാണ്. ഇതു നന്നായറിയാവുന്നവരാണ് രക്തസാക്ഷികളുടെ കുടുംബക്കാര്‍. അതിനാല്‍ തങ്ങളുടെ മകനോ ഭര്‍ത്താവോ സഹോദരനോ പിതാവോ ആയിരുന്നയാള്‍ മരിച്ചത് ഏതു പ്രസ്ഥാനത്തിനു വേണ്ടിയാണോ ആ പ്രസ്ഥാനത്തിലേക്ക് ആ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വേണ്ടി പ്രയത്‌നിച്ചിരുന്നവര്‍ തന്നെ മനസ്സ് മാറി അണിചേരുന്നതില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ ആഹ്ലാദിക്കുകയേ ചെയ്യൂ. പാനൂരില്‍ കണ്ടതും അതാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നിരാശാഭരിതരാക്കുക, ബി ജെ പി ശക്തിപ്പെടുന്നതാണ് ദുര്‍ബലപ്പെടുന്നതല്ലെന്നു ചുരുക്കം.
അവസാനമായി ഇവ്വിഷയത്തില്‍ കെ സുരേന്ദ്രന്‍ എന്ന ബി ജെ പി നേതാവിന്റെ വാദങ്ങളെ കൂടി, അയാള്‍ അര്‍ഹിക്കാത്ത പ്രതിപക്ഷ ബഹുമാനം നല്‍കിക്കൊണ്ട് പരിഗണിക്കട്ടെ. അദ്ദേഹം പറയുന്നത് ഉമാഭാരതി, കല്യാണ്‍ സിംഗ്, യഡിയൂരപ്പ തുടങ്ങിയ വമ്പന്‍ നേതാക്കള്‍ ബി ജെ പി വിട്ടുപോയിട്ട് ഏറെ താമസിയാതെ ബി ജെ പിയിലേക്ക് തന്നെ തിരിച്ചുവന്നു എന്നും അതുപോലെ വാസു മാഷും അശോകനും ബി ജെ പിയിലേക്ക് തിരിച്ചുവരുമെന്നും ഒക്കെയാണ്. പക്ഷേ, ഇതു പറയുമ്പോള്‍ കെ സുരേന്ദ്രന്‍ മറന്നുപോകുന്നതും മറച്ചുവെക്കുന്നതുമായ ഒരു കാര്യമുണ്ട്. മേല്‍പ്പറഞ്ഞവരാരും ബി ജെ പി വിട്ടിറങ്ങി സി പി എമ്മില്‍ അല്ല ചേര്‍ന്നത് എന്നതാണ് ആ കാര്യം. ബി ജെ പിയോ കോണ്‍ഗ്രസോ വിട്ടിറങ്ങി സി പി എമ്മില്‍ ചേര്‍ന്നവരാരും പിന്നീട് ബി ജെ പിയിലേക്കോ കോണ്‍ഗ്രസിലേക്കോ തിരിച്ചുപോയ ചരിത്രമില്ല. കടന്നുവരുന്നവരെ വേര്‍പിരിയാനാകാത്ത വിധം ലയിപ്പിക്കാന്‍ പര്യാപ്തമായ പ്രത്യയശാസ്ത്രവും സംഘടനാ സംവിധാനവും സി പി എമ്മിനുണ്ട്. അതിനാല്‍ വാസു മാഷും അശോകനുമൊക്കെ ചേര്‍ന്നിരിക്കുന്നത് സി പി എമ്മില്‍ ആണെന്നതിനാല്‍ അവരിനി ബി ജെ പിയിലേക്ക് മടങ്ങില്ല എന്നു തീര്‍ച്ച. അവരെ മടക്കിക്കൊണ്ടു വരാന്‍ കെ സുരേന്ദ്രന്‍ സി പി എമ്മില്‍ ചേര്‍ന്ന് ഒരു പരീക്ഷണം നടത്തിനോക്കണം. അപ്പോള്‍ കാര്യം വ്യക്തമാകും.

shakthibodhiviswa@gmail.com

Latest