Connect with us

Gulf

ടാക്‌സികള്‍ക്ക് വേഗപ്പൂട്ട്‌

Published

|

Last Updated

ദുബൈ: ടാക്‌സികളുടെ അമിതവേഗത്തിന് മൂക്കുകയറിടുന്നതിന്റെ ഭാഗമായി ആര്‍ ടി എ വേഗപ്പൂട്ടുമായി രംഗത്തെത്തുന്നു. പരമാവധി വേഗം 140ല്‍ നിജപ്പെടുത്തുന്ന തീരിയിലുള്ള വേഗപ്പൂട്ട് സംവിധാനമാവും ദുബൈ ടാക്‌സികളില്‍ ഘടിപ്പിക്കുക.
നഗരത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് വേഗപ്പൂട്ടുമായി ആര്‍ ടി എ രംഗപ്രവേശനം ചെയ്യാന്‍ ഒരുങ്ങുന്നത്. പരീക്ഷണാര്‍ഥം ഏതാനും ടാക്‌സികളില്‍ വേഗപ്പൂട്ടും ഇതോടനുബന്ധിച്ചുള്ള പള്‍സ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് വന്‍വിജയമാണെന്നും ടാക്‌സി വിഭാഗം ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് വ്യക്തമാക്കി.
ദുബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 2,400 ഓളം ടാക്‌സികളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം വന്‍ വിജയമായിരന്നു. ഈ വര്‍ഷം ആവസാനിക്കുന്നതോടെ ആര്‍ ടി എക്ക് കീഴിലുള്ള 4,000 ടാക്‌സികളിലും വേഗപ്പൂട്ട് ഘടിപ്പിക്കാനാണ് പദ്ധതി. ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിപക്ഷവും വേഗം കൂടുന്നുവെന്നതാണ്.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതായും പരാതി ലഭിക്കാറുണ്ട്. ഇവക്കെല്ലാമുള്ള പരിഹാരമായാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. ഹൈവേകളായ ശൈഖ് സായിദ് റോഡിലും മുഹമ്മദ് ബിന്‍ സായിദ് റോഡിലുമാണ് വേഗ പരിധി വേഗപ്പൂട്ടിന്റെ സഹായത്താല്‍ 140 ആക്കി നിജപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.