Connect with us

Ongoing News

മലയാളം പ്രോത്സാഹിപ്പിക്കാന്‍ ഔദ്യോഗിക ഭാഷാ നിയമം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: ഭരണതലത്തിലും കോടതി നടപടികളിലും ഉള്‍പ്പെടെ മലയാളം ഔദ്യോഗിക ഭാഷയാക്കുന്നത് സംബന്ധിച്ച് നിയമനിര്‍മാണം വരുന്നു. ഇത് സംബന്ധിച്ച് നിയമത്തിന്റെ കരട് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഉള്ള വിവിധ ഘട്ടങ്ങള്‍ ഒന്നിലേറെ വകുപ്പുകളുടെ ചുമതലയിലാണ്. വകുപ്പുകളെ ഏകോപിപ്പിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും.

മലയാളികള്‍ക്ക് ഭാഷാസ്‌നേഹമാകാം എന്നാല്‍ ഭാഷാഭ്രാന്ത് പാടില്ല. സംസ്ഥാനത്ത് മലയാളഭാഷയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേ സമയം തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രയോഗികമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സി ബി എസ് ഇ, ഐ സി എസ് ഇ തുടങ്ങിയ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയിട്ടുണ്ട്. തങ്ങളുടെ മക്കളെ മലയാളം പഠിപ്പിക്കണമെന്ന് രക്ഷകര്‍ത്താക്കളിലും അവബോധമുണ്ടാകണമെന്നും പാലോട് രവിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.
അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ കൃത്യമായി വേതനം നല്‍കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഇവിടെ അധ്യാപനം നടത്തുന്നത് കൂടുതലും വനിതകളായതിനാല്‍ അവര്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്. തുച്ഛമായ ശമ്പളം കൊണ്ട് അവര്‍ തൃപ്തിയടയുകയാണ്. പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കും.
2007 ല്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം സ്‌കൂളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകേതര ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനും ഉത്തരവായിട്ടുണ്ട്.
സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്ക് വ്യവസ്ഥാ വിധേയമായി മാത്രമേ സര്‍ക്കാര്‍ എന്‍ ഒ സി നല്‍കൂ എന്ന നിര്‍ദേശവും ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയാണ്. അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കണമെന്നും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സത്യവാങ് മൂലം നല്‍കണമെന്നും വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നു. ഇതനുസരിച്ച് അധ്യാപകര്‍ക്ക് 10000 രൂപ മുതല്‍ യോഗ്യത അനുസരിച്ച് 20,000 രൂപ വരെ ശമ്പളം നല്‍കമെന്നായിരുന്നു നിര്‍ദേശം. ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് 6,000 രൂപയും ഓഫീസ് അസിസ്റ്റന്റുമാര്‍ക്ക് 4,500 രൂപയുമാണ് കുറഞ്ഞ വേതനമായി നിര്‍ദേശിച്ചിട്ടുള്ളതെന്നും പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
സ്വാശ്രയ കോളജുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളെക്കുറിച്ച് പരിശോധിക്കാന്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കുക, സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരെ അനുവദിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കൂ എന്നും മന്ത്രി വ്യക്തമാക്കി.

 

Latest