Connect with us

International

പ്രക്ഷോഭം ശക്തം; തായ്‌ലാന്‍ഡ് സ്തംഭിച്ചു

Published

|

Last Updated

ബാങ്കോക്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ കൂറ്റന്‍ മാര്‍ച്ചില്‍ വടക്കന്‍ തായ്‌ലാന്‍ഡ് സ്തംഭിച്ചു. പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പ്രക്ഷോഭം, കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂടുതല്‍ ശക്തമായിരിക്കുകയാണ്. പ്രക്ഷോഭകരുടെ ഉപരോധത്തെ അവഗണിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്നും വിജയകരമായിരുന്നുവെന്നും സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെട്ടതോടെ രൂക്ഷമായ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ രംഗത്തെത്തുകയായിരുന്നു.
വടക്കന്‍ തായ്‌ലാന്‍ഡിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭകര്‍ തമ്പടിച്ചിട്ടുണ്ട്. റോഡുകളില്‍ കാറുകളും ട്രക്കുകളും നിരത്തി പ്രക്ഷോഭകര്‍ ഉപരോധം തുടങ്ങുകയാണ്. വോട്ടെണ്ണല്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും കാര്യാലയങ്ങളും അടച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പോടെ രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നു.
അതേസമയം, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് പൂര്‍ണമല്ലെന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ സന്നദ്ധരായിട്ടില്ലെന്നും പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അബിസിത് വെജ്ജാജിവ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് സുദേബിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും മറ്റുമായി പത്തോളം പേര്‍ കൊല്ലപ്പെടുകയും നൂറിലധികമാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest