Connect with us

Gulf

രോഗിയുടെ അവസ്ഥക്കനുസരിച്ച് വ്യത്യസ്ത നിറത്തിലുള്ള ആംബുലന്‍സ്‌

Published

|

Last Updated

shaikh mohammed

ദുബൈയില്‍ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സമ്മേളനത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റു പ്രമുഖരും

ദുബൈ: സേവന പാതയില്‍ ലോകത്തെവിടെയുമില്ലാത്ത ചുവടുവെപ്പുമായി ദുബൈ ആംബുലന്‍സ് വിഭാഗം. രോഗിയുടെ സാഹചര്യത്തിനനുസരിച്ച് വ്യത്യസ്ത നിറങ്ങളോടുകൂടിയ വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് ദുബൈ പുതുമ സൃഷ്ടിച്ചിരിക്കുന്നത്.

നിരത്തുകളിലുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ അവസ്ഥ മനസിലാക്കാനാണ് വ്യത്യസ്ത നിറങ്ങള്‍ ആംബുലന്‍സുകള്‍ക്ക് സ്വീകരിക്കുന്നത്.
ചുവപ്പ്, കടും പച്ച, ഇളം പച്ച, പിങ്ക്, നീല തുടങ്ങിയ നിറങ്ങളിലുള്ള ആംബുലന്‍സുകളാണ് നിരത്തിലിറങ്ങുക. രോഗിയുടെ നില അതീവ ഗുരുതരവും എത്രയും പെട്ടെന്ന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നതിന് ചുവപ്പ് നിറമുള്ള വാഹനം ഉപയോഗിക്കും. ഈ വാഹനം കാണുന്നതോടെ പരമാവധി എളുപ്പത്തില്‍ നിരത്തുകളില്‍ വാഹനങ്ങള്‍ വഴിമാറിക്കൊടുക്കണമെന്ന സന്ദേശമാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യംവെക്കുന്നത്.
ചികിത്സ ആവശ്യമുള്ള ഗര്‍ഭിണികളെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് വാഹനങ്ങള്‍ക്കുള്ള നിറം പിങ്കും കടും പച്ച നിറം 400 ലധികം കിലോ തൂക്കമുള്ളവരെ കൊണ്ടു പോകാനുമാണ്.
ഇളം പച്ച നിറം അംഗവൈകല്യമുള്ളവരെയും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുമാണ്. മറ്റു പൊതുസ്വഭാവമുള്ളതും സാധാരണയായി ഉണ്ടാകുന്നതുമായ കേസുകളില്‍ നീല നിറത്തിലുള്ള ആംബുലന്‍സ് വാഹനങ്ങളാണ് ഉപയോഗിക്കുകയെന്നും ദുബൈ ആംബുലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ അല്‍ ദറായ് പറഞ്ഞു.
നിലവില്‍ ആംബുലന്‍സ് വിഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന 17 സേവനങ്ങള്‍ക്ക് പുറമെ ഈ വര്‍ഷം പുതുതായി നാല് സേവനങ്ങള്‍ കൂടി നല്‍കാന്‍ തീരുമാനിച്ചതായും ദറായ് പറഞ്ഞു. പൂര്‍ണാര്‍ഥത്തില്‍ ലോകോത്തര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 170 കാറുകള്‍ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ സിറ്റി, ജുമൈറ ബീച്ച് റസിഡന്റ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക സര്‍വീസിനു ആറ് സൈക്കിള്‍ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 21 പുതിയ വാഹനങ്ങള്‍ രംഗത്തിറക്കിയെന്ന് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

Latest