Connect with us

Kozhikode

മഅദനിയുടെ ചികിത്സ: സുപ്രീം കോടതി നിര്‍ദേശം കര്‍ണാടക വീണ്ടും ലംഘിച്ചു

Published

|

Last Updated

കോഴിക്കോട്: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണാ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി തുടര്‍ച്ചയായി ലംഘിക്കുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ മഅ്ദനിയെ പരിശോധനക്ക് വിധേയനാക്കണമെന്ന സുപ്രീം കോടതിയുടെ സമയപരിധി ഇന്നലെ അവസാനിച്ചു. ഒരാഴ്ചക്കുള്ളില്‍ ചികിത്സക്ക് വിധേയനാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.
പരിശോധന ഫലം പരിഗണിച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ചികിത്സക്കായി ജാമ്യം നല്‍കണമെന്ന മഅ്ദനിയുടെ അപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചികിത്സക്ക് വിധേയനാക്കണമെന്ന കോടതി വിധി പോലും കര്‍ണാടക ലംഘിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മഅ്ദനിയുടെ കുടുംബവും പി ഡി പി നേതാക്കളും കരുതുന്നത്.
അവസാന ദിവസമായ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനുള്ള ഒരു നടപടിയും ജയില്‍ അധികൃതര്‍ സ്വീകരിച്ചില്ലെന്ന് മഅ്ദനിയുടെ മകന്‍ ഉമര്‍ മുക്താര്‍ സിറാജിനോട് പറഞ്ഞു. തുടര്‍ ചികിത്സ ലഭ്യമാകാത്തതിനാല്‍ മഅ്ദനിയുടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും വിചാരണ നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തി ല്‍ നിയമനടപടികള്‍ ആലോചിക്കുമെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി പറഞ്ഞു.
കൃത്യസമയത്ത് ചികിത്സ നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ കര്‍ണാടക സര്‍ക്കാറിന്റെ തുടര്‍ച്ചായുള്ള അലംഭാവം മഅ്ദനിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാകും വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുക. ഇതിനായി അടുത്ത ദിവസം തന്നെ സുപ്രീം കോടതി അഭിഭാഷകരുമായി ആശയവിനിമയം നടത്തും.
ചികിത്സക്കായി ജാമ്യം നല്‍കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ നല്‍കാന്‍ കോടതി മുമ്പും നിര്‍ദേശിച്ചിരുന്നു. അന്നും കോടതി ഉത്തരവ് കര്‍ണാടക ലംഘിച്ചത് വിവാദമായിരുന്നു. പിന്നീട് മണിപ്പാല്‍ ആശുപത്രിയില്‍ നിന്ന് തുടര്‍ചികിത്സ നല്‍കാതെ നാല് ദിവസത്തിനു ശേഷം നിര്‍ബന്ധിച്ച് ജയിലിലേക്കു തന്നെ മാറ്റി കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ ചികിത്സയില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരുന്നു.
കാഴ്ച നഷ്ടപെടുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചികിത്സ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.