Connect with us

National

വിസ ഓണ്‍ അറൈവല്‍ ഇനി 180 രാജ്യങ്ങളിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നല്‍കുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇ ടി എ) 180 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവില്‍ 11 രാജ്യങ്ങളില്‍ നിന്ന് വരുന്ന ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭിക്കുന്നത്. അതേസമയം, പാക്കിസ്ഥാന്‍, ഇറാന്‍, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ സംവിധാനം അനുവദിക്കില്ല. അടുത്ത ടൂറിസ്റ്റ് സീസണ്‍ തുടങ്ങുന്ന ഒക്‌ടോബറോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്ര ആസൂത്രണ മന്ത്രി രാജീവ് ശുക്ല പറഞ്ഞു.

തുടക്കത്തില്‍ ഇന്ത്യയിലെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങളില്‍ 180 രാജ്യങ്ങളിലേക്കുള്ള വിസ ഓണ്‍ അറൈവലും ഇ ടി എയും ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഗോവ വിമാനത്താവളങ്ങളിലാണ് ഈ വര്‍ഷം അവസാനത്തോടെ സംവിധാനമേര്‍പ്പെടുത്തുക.

ഇ ടി എക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും. ഇതുവഴി നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ ഓണ്‍ലൈനായി ലഭ്യമാകും.