Connect with us

Ongoing News

കെ ചന്ദ്രശേഖരന്‍ പുരസ്‌കാരം കെ വി തോമസിന്

Published

|

Last Updated

കാഞ്ഞങ്ങാട്: ഭരണതന്ത്രജ്ഞനും പ്രശസ്ത അഭിഭാഷകനും മികച്ച പാര്‍ലിമെന്റേറിയനുമായിരുന്ന കെ ചന്ദ്രശേഖരന്റെ സ്മരണക്കായി കെ ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്‌കാരത്തിന് കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ് അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് നിയമ മാക്കി നടപ്പാക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച കെ വി തോമസ് 1984 മുതല്‍ 1996 വരെ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭാംഗമാണ്. 12 ാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ വി തോമസ് 2001 മുതല്‍ 2004 വരെ സംസ്ഥാന മന്ത്രിസഭയില്‍ ഫിഷറീസ്, എക്‌സൈസ്, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായി.
11,111 രൂപയും പ്രശംസാപത്രവും ശില്‍പവും ഉള്‍പ്പെട്ട പുരസ്‌കാരം ഈമാസം 16ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ആകാശ് കണ്‍വന്‍ഷന്‍ സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം പി വീരേന്ദ്രകുമാര്‍ സമര്‍പ്പിക്കും. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, കെ ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. എം സി ജോസ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. പി കോരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കോരന്‍മാസ്റ്റര്‍, എ വി രാമകൃഷ്ണന്‍, ടി മുഹമ്മദ് അസ്‌ലം, പി വി കുഞ്ഞിരാമന്‍, പി പി സുന്ദരന്‍ സംബന്ധിച്ചു.