Connect with us

Ongoing News

മുസ്‌ലിം പെണ്‍കുട്ടികളെ അപമാനിക്കുന്ന ഫേസ്ബുക്ക് സംഘങ്ങള്‍ സജീവം

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഫേസ്ബുക്ക് പേജുകള്‍ വര്‍ധിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും അവരുടെ ഫേസ്ബുക്കില്‍ ഇടുന്ന സ്വകാര്യ ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയാണ് ഇത്തരം എഫ് ബി പേജുകള്‍ ചെയ്യുന്നത്. മറ്റു മതസ്ഥരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിലും മുസ്ലിം പെണ്‍കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന “ഇത്താത്താസ് കമ്പനി” എന്ന പേജ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പിന്‍വലിച്ചിരുന്നു. നിരവധി ആളുകള്‍ പേജ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും പല പേജുകളും ഇത്തരത്തില്‍ രംഗത്തുവന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കകം തന്നെ വന്‍ ലൈക്കാണ് ഇവ നേടുന്നത്. ജിയോടാഗ് ഉള്‍പ്പെടെ വ്യാജ വിവരങ്ങളാണ് ഈ പേജുകള്‍ നല്‍കുന്നതെന്നതും വ്യക്തം. കുടുംബബന്ധങ്ങള്‍ പോലും തകര്‍ക്കാന്‍ ശക്തിയുള്ള അശ്ലീലവും പ്രകോപനപരവുമായ കമന്റുകളാണ് ഈ പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ എഴുതിച്ചേര്‍ക്കപ്പെടുന്നത്.

മറ്റൊരാളുടെ ഫോട്ടോയും സ്വകാര്യ വിവരങ്ങളും അനുമതിയില്ലാതെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് സൈബര്‍ നിയമത്തിലെ 66 ഇ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിന് പുറമെ സൈബര്‍ സ്‌റ്റോക്കിംഗ് (പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍) എന്ന കുറ്റവും ഇവരുടെ പേരില്‍ ചാര്‍ജ് ചെയ്യാനാകുമെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പേജുകള്‍ ലൈക്ക് ചെയ്യുന്നതും അവയില്‍ കമന്റ് എഴുതുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ വെബ്‌സൈറ്റുകളിലോ ഇ മെയിലുകളിലോ മറ്റൊരു വ്യക്തിയെ തേജോവധം ചയ്യുന്നത് സൈബര്‍ നിയമത്തിലെ 66 എ വകുപ്പനുസരിച്ചും ഐ പി സിയിലെ 499-ാം വകുപ്പനുസരിച്ചും കുറ്റകരമാണ്. ആറു വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

ഇത്തരം പേജുകളുടെ കാമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാതിരിക്കുക മാത്രമെ വഴിയുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഫ് ബിയില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രസിദ്ധീകരിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് കൊച്ചിയില്‍ അടുത്തിടെ ഒരു യുവതി ആത്മഹത്യ ചെയ്ത സംഭവം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഒടുവിലത്തേത് മാത്രം.

കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇത്തരം പേജുകള്‍ ബ്ലോക്ക് ചെയ്യിക്കാനാകും. ഇതിനായി താഴെ പറയും പ്രകാരം ചെയ്യുക.

1)പേജില്‍ like, follow, Message എന്ന ബട്ടണ് സമീപം കാണുന്ന സെറ്റിംഗ്‌സില്‍ (*ചിഹ്നം) ക്ലിക്ക് ചെയ്യുക.

2) ഇപ്പോള്‍ ലഭിക്കുന്ന മെനുവില്‍ Report Page എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3) തുടര്‍ന്ന് വരുന്ന ബോക്‌സില്‍ Other/Abusive content എന്നതില്‍ കാണുന്ന ഡ്രോപ് ബോക്‌സില്‍ നിന്ന് Contains hate speech or attacks an individual എന്നത് സെലക്ട് ചെയ്ത് Submit ചെയ്യുക.

 

---- facebook comment plugin here -----

Latest