Connect with us

Business

വിദേശ ഫണ്ടുകള്‍ കൈയൊഴിഞ്ഞു; സെന്‍സെക്‌സ് പ്രതിവാര നഷ്ടത്തില്‍

Published

|

Last Updated

വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ കൈയൊഴിയുകയാണ്. തുടര്‍ച്ചയായ രണ്ടാം മാസത്തിലും അവ നിക്ഷേപത്തിന് താത്പര്യം കാണിച്ചില്ല. 137 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ് സെന്‍സെക്‌സ് ഉള്ളത്. ഫണ്ടുകളുടെ കനത്ത ഓഹരി വില്‍പ്പന മുലം സൂചിക നാല് മാസത്തെ താഴ്ന്ന തലം കണ്ടു. ബി എസ് ഇ സൂചിക 20,000 ലെ താങ്ങ് നഷ്ടപ്പെട്ട് 19,987 വരെ പോയ വാരം ഇടിഞ്ഞു. വാരാവസാനം സൂചിക 20,376 ലാണ്. നിഫ്റ്റി ക്ലോസിംഗ് നടക്കുമ്പോള്‍ 6063 ലാണ്.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന ഫലം നിക്ഷേപകര്‍ക്ക് ആവേശമായില്ല. വിദേശ ഫണ്ടുകള്‍ മുന്‍ നിര ഓഹരികളില്‍ നിന്ന് പിന്മാറി. അവര്‍ മിഡ്കാപ്, സ്‌മോള്‍ കാപ് ഇന്‍ഡക്‌സുകളിലേയ്ക്ക് ശ്രദ്ധതിരിച്ചു. ബി എസ് ഇ മിഡ് കാപ് ഇന്‍ഡക്‌സ് 6337 ലും സ്‌മോള്‍ കാപ് ഇന്‍ഡക്‌സ് 6329 ലുമാണ്.
2014 ല്‍ ഇതിനകം സെന്‍സെക്‌സ് ഏതാണ്ട് 800 794 പോയിന്റ് ഇടിഞ്ഞു. ഡിസംബറില്‍ കാഴ്ചവെച്ച റെക്കോര്‍ഡായ 21,483 പോയിന്റില്‍ നിന്ന് 1108 പോയിന്റ് താെഴ. വിദേശ ഫണ്ടുകള്‍ 2014 ല്‍ ഇതു വരെയായി 10,780 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ലോക്‌സഭാ തിരഞ്ഞടുപ്പ് മുന്‍ നിര്‍ത്തി വിദേശ നിക്ഷേപകര്‍ ബാധ്യതകള്‍ കുറക്കുന്നത്. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകളെ കുറിച്ച് അറിഞ്ഞ ശേഷം നിക്ഷേപത്തിനു തീരുമാനം എടുക്കാമെന്നാണ് അവരുടെ വിലയിരുത്തല്‍.
കഴിഞ്ഞ വാരം ഏറെ തിളങ്ങിയത് കോള്‍ ഇന്ത്യ ഓഹരിയാണ്. ഈ ഓഹരിയുടെ വില 8.87 ശതമാനം കൂടി. ടാറ്റാ സ്റ്റീല്‍, എന്‍ റ്റി പി സി എന്നിവ ഏഴു ശതമാനത്തില്‍ അധികം ഉയര്‍ന്നു. എച്ച് ഡി എഫ് സി, സണ്‍ ഫാര്‍മ, ഡോ: റെഡീസ്, സിപ്ല, മാരുതി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്പ്, എച്ച് യു എല്‍, ടാറ്റാ പവര്‍ തുടങ്ങിയവയും മികവിലാണ്. എന്നാല്‍ പത്ത് ശതമാനം ഇടിഞ്ഞ ഭെല്‍ ഓഹരിയാണ് ഏറെ തളര്‍ന്നത്. റ്റി സി എസ്, ഇന്‍ഫോസീസ്, എച്ച് ഡി എഫ് സി എന്നിവ മുന്ന് ശതമാനത്തില്‍ അധികം താഴ്ന്നു. വിേപ്രാ, ഒ എന്‍ ജി സി, റിലയന്‍സ്, ഹിന്‍ഡാല്‍ക്കോ, ഐ സി ഐ സി ഐ ബേങ്ക് തുടങ്ങിയവക്കും തിരിച്ചടി ഉണ്ടായി.
ബി എസ് ഇ യില്‍ 9303 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 53,739 കോടിയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മൂന്‍വാരം ഇത് യഥാക്രമം 10,756 കോടിയും 60,496 കോടി രൂപയുമായിരുന്നു. പിന്നിട്ടവാരം മുന്‍ നിരയിലെ ആറ് ഓഹരികളുടെ വിപണി മുല്യത്തില്‍ 41.307 കോടിയുടെ ഇടിവ് ഉണ്ടായി.

Latest