Connect with us

Kerala

പോപ്പുലര്‍ഫ്രണ്ട് വിദേശത്ത് വന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ആഭ്യന്തര വകുപ്പ്

Published

|

Last Updated

കൊച്ചി: ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം പീഡനത്തിനിരയാവുകയാണെന്ന് പ്രചരിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട് വിദേശത്ത് നിന്ന് വന്‍ തോതില്‍ പണപ്പിരിവ് നടത്തുന്നതായി ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.ചുരുങ്ങിയ കാലംകൊണ്ട് പോപ്പുലര്‍ഫ്രണ്ട് സമ്പത്ത് വാരിക്കൂട്ടിയതായും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കി.

“ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം” എന്ന പേരിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ മുഖപത്രമായ തേജസ് തുടങ്ങുന്നതിനും ഇത്തരത്തില്‍ വിദേശ സഹായം ലഭിച്ചിട്ടുണ്ട്. മാനേജിങ് എഡിറ്റര്‍ പി കോയയും മറ്റു പ്രമുഖ നേതാക്കളും ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിം നേതാക്കളില്‍ നിന്നും പണം ശേഖരിക്കുന്നു. പത്രത്തിലൂടെ ഇന്ത്യയിലെ മുസ്ലിം പീഡനം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നത്. പത്രം പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെല്ലാം വര്‍ഗീയ അജണ്ടകളുണ്ട്. വിവിധ സംഘടനകളായി നിലകൊള്ളുന്ന മുസ്ലിം സമുദായാംഗങ്ങളുടെ ധ്രുവീകരണമാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ലക്ഷ്യം. രാജ്യാന്തര വസ്തുതകളെ പോലും വര്‍ഗീയ വല്‍കരിക്കുകയും യഥാര്‍ത്ഥ വസ്തുതകളെ മൂടിവെക്കുകയുമാണ് രീതി.

സര്‍ക്കാര്‍ തേജസിന് പരസ്യങ്ങള്‍ നല്‍കാത്തതിനെതിരെ പ്രസാധകരായ ഇന്റര്‍ മീഡിയ പബ്ലിഷേഴ്‌സ് സമര്‍പ്പിച്ച ഹരജിയിലാണ് ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം.