Connect with us

Editorial

പാര്‍ലിമെന്റിന്റെ ദുര്യോഗം

Published

|

Last Updated

തെലങ്കാന പ്രശ്‌നത്തെ ചൊല്ലി ദിവസങ്ങളായി പ്രക്ഷുബ്ധമായ പാര്‍ലമെന്റില്‍ ഇന്നലെ യുദ്ധസമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കയ്യാങ്കളി. കുരുമുളക്‌പൊടി പയോഗം, ആത്മഹത്യാശ്രമം. കത്തി ചൂണ്ടല്‍ എന്നിങ്ങനെ തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന ചെയ്തികളാണ് ലോകജനാധിപത്യത്തിന് മാതൃക എന്നവകാശപ്പെടുന്ന ഇന്ത്യന്‍ പാര്‍ലിമെന്റിലെ മഹത്തായ ജനപ്രിതിനിധികള്‍ കാഴ്ചവെച്ചത്. ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ തെലങ്കാന രുപവത്കരണ ബില്‍ അവതരിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ സീമാന്ധ്രയില്‍നിന്നും തെലുങ്കാനയില്‍ നിന്നുമുള്ള അംഗങ്ങള്‍ നടക്കളത്തിലിറങ്ങി പോര്‍വിളി നടത്തുകയും കൈയാങ്കളിയിലേര്‍പ്പെടുകയുമായിരുന്നു. തെലങ്കാനയില്‍ നിന്നുള്ള എല്‍ രാജഗോപാല്‍ എം പിയുടെ കുരുമുളക് ഉപയോഗച്ചുള്ള കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നു എം പിമാരില്‍ പലര്‍ക്കും ശ്വാസതടസ്സവും കണ്ണുനീറ്റലും അനുഭവപ്പെടുകയുമുണ്ടായി.
തുടക്കം മുതലേ പ്രക്ഷുബ്ധമാണ് ഇത്തവണ പാര്‍ലമെന്റ്. രണ്ടോഴ്ചയോളമായി സഭാനടപടികളിലേക്ക് കടക്കാനാകാതെ സത്ംഭനം തുടരുകയാണ് സഭയില്‍. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വിലയേറിയ സമയമാണ് ഇതുമൂലം നഷ്ടമാകുന്നത്. അടുത്ത കാലത്തായി പാര്‍ലമെന്റ് കൃത്യമായി സമ്മേളിക്കാറില്ല. സമ്മേളിക്കാറില്ല. അഴിമതിയാരോപണത്തെച്ചൊല്ലിയാണ് കഴിഞ്ഞ കുറേ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടത്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പ്രതിഷധങ്ങളാല്‍ 2010ലെ ശീതകാലസമ്മേളനത്തിന് ഒരു നടപടിയിലേക്കും കടക്കാനാകാതെ പിരിയേണ്ട ഗതികേടുമുണ്ടായി. പ്രധാനപ്പെട്ട പല ബില്ലുകളും അംഗങ്ങള്‍ കീറുകയും വലിച്ചെറിയുകയും ചെയ്യുന്ന രംഗങ്ങള്‍ക്കും പാര്‍ലമെന്റ് സാക്ഷിയാകാറുണ്ട്. അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിനെതിരെയായിരുന്നു ഈ പരാക്രമം കൂടുതല്‍.
വിലപ്പെട്ടതും ചെലവേറിയതുമാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഓരോ മിനിറ്റും. പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കനുസരിച്ചു സഭാസ്തംഭനം മുലം ഓരോമിനിറ്റിലും രാജ്യത്തിന് നഷ്ടമാകുന്നത് 2.5 ലക്ഷം രൂപയാണ്. ഒരു ദിവസത്തെ സമ്മേളന സമയം ആറ് മണിക്കൂറാണ്. ഇതനുസരിച്ചു ദിനംപ്രതി പൊതുഖജനാവിന്റെ നഷ്ടം ഒമ്പത് കോടി വരും. സഭാനപടികള്‍ സതംഭിപ്പിക്കുമ്പോള്‍ ആ ദിവസത്തെ വേതനം വാങ്ങാതിരിക്കാനുള്ള സാമാന്യമര്യാദ എം പിമാര്‍ കാണിച്ചാല്‍ അത്രയെങ്കിലും ആശ്വാസമായിരുന്നു. എന്നാല്‍ സഭ സ്തംഭിച്ചാലും ട്രഷറി കാലിയായാലും തങ്ങളുടെ വേതനത്തിലും ആനുകൂല്യങ്ങളിലും തടസ്സവും കാലതാമസവും ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്.
പോരായ്മകളേറെയുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ പാര്‍ലിമെന്റ് അതി ആദരവും ബഹുമാനവും അര്‍ഹിക്കുന്ന സ്ഥാപനമാണ്. ഇക്കാര്യത്തില്‍ പൊതുജനത്തിന് മാതൃയാകേണ്ടവരാണ് ജനുപ്രതിനിധികള്‍. സഭകളില്‍ വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ്. ആരോഗ്യപരമായ ചര്‍ച്ചകളിലൂടെയും ബൗധികമായ ഇടപെടലിലൂടെയുമാണ് അത് സഭയെ ധരിപ്പിക്കേണ്ടതും മറുവിഭാഗത്തെ ബോധ്യപ്പെടുത്തേണ്ടതും. പകരം പോര്‍വിളികളിലൂടെയും കായിക ശക്തിപ്രകടനങ്ങളിലൂടെയും എതിര്‍ വിഭാഗത്തിനു മേല്‍ ആധിപത്യം നേടാനൊരുമ്പെടുന്നത് പൊതു സമൂഹത്തില്‍ പാര്‍ലമെന്റിനോടും ജനാധിപത്യ സംവിധാനത്തോടു തന്നെയും വെറുപ്പും പുച്ഛവും ഉടലെടുക്കാന്‍ ഇടവരുത്തകുയും അരാഷ്ട്രീയ വാദത്തിന്റെ വളര്‍ച്ചക്ക് ശക്തി പകരുകയും ചെയ്യും.
പാര്‍ലമെന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യ ഭരണക്രമത്തില്‍ അനിവാര്യമാണ്. സഭാസ്തംഭനം ഒഴിവാക്കുന്നതിനും സുഗമമായ പ്രവര്‍ത്തനത്തിനും ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍ദേശിച്ചിരുന്നു പിന്നീടതെക്കുറിച്ചു ചര്‍ച്ചകളൊന്നുമുണ്ടായില്ല. എം പിമാര്‍ക്ക് മൂക്കുകയറിടുന്ന കാര്യമാകുമ്പോള്‍ അവരില്‍ നിന്നത് പ്രതീക്ഷിക്കേണ്ടതുമില്ല. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധാവസ്ഥയും സ്തംഭനവും കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ ഇതിനൊരു മാറ്റം വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തയാറാകുന്നില്ലെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.