Connect with us

Ongoing News

അന്യസംസ്ഥാനക്കാര്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

Published

|

Last Updated

തിരുവനന്തപുരം: തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ- തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തുള്ള ഇതര സംസ്ഥാനക്കാരുടെ കൃത്യമായ എണ്ണം പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണമെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഫലം കണ്ടില്ല. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി ഇവരുടെ വിശദവിരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കാന്‍ തൊഴിലുടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമാണ് വിവരമറിയിച്ചത്. മാത്രമല്ല ഭൂരിഭാഗം ഇതര സംസ്ഥാനക്കാരും തൊഴിലുടമകള്‍ക്കു കീഴിലല്ല തൊഴിലെടുക്കുന്നത് എന്നതിനാല്‍ ഇത്തരത്തിലുള്ള വിവരശേഖരണം ഫലവത്തായില്ല.

സംസ്ഥാനത്തെത്തുന്ന ഇതരസംസ്ഥാനക്കാരെ സംബന്ധിച്ച് പഠനം നടത്തിയ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ കണക്കു പ്രകാരം 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഏകദേശം 2,35,000 ഇതരസംസ്ഥാന തൊഴിലാളികള്‍ പുതുതായി കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് പഠനത്തില്‍ കണക്കാക്കിയിട്ടുള്ളത്.
സംസ്ഥാനത്തിപ്പോഴുള്ള 25 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്, ഏതു തൊഴില്‍ മേഖലയിലാണ് പണിയെടുക്കുന്നത്, ഇവരുടെ ജിവിത സാഹചര്യങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവ സംബന്ധിച്ചൊന്നും സംസ്ഥാന സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ കണക്കില്ല. സംസ്ഥാനത്ത് ഇതര സംസ്ഥാനക്കാര്‍ പ്രതികളായുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സമീപകാല കണക്കുകളില്‍ നിന്നും വ്യക്തമാണ്. ഇക്കാര്യത്തില്‍ കാര്യക്ഷമമായി നടപടി സ്വീകരിക്കണമെങ്കിലും ഇവരുടെ കൃത്യമായ കണക്കുകള്‍ അറിയാതെ കഴിയില്ല.
നിലവില്‍ ജോലി ചെയ്യുന്ന പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കില്ല. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. ഇവരുടെ വേതന വ്യവസ്ഥ സംബന്ധിച്ചോ ജോലി സമയം സംബന്ധിച്ചോ യാതൊരു വ്യവസ്ഥയും ഏര്‍പ്പെടുത്താന്‍ തൊഴില്‍വകുപ്പിന് സാധിച്ചിട്ടില്ല.
സംസ്ഥാനത്തെത്തിയിട്ടുള്ള 25 ലക്ഷത്തോളം ഇതര സംസ്ഥാനക്കാരില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ് തത് 35062 പേര്‍ മാത്രമാണ്. രജിസ്‌ട്രേഷന്‍, ക്ഷേമപദ്ധതി തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രാന്റ് വര്‍ക്കേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റി ബില്ല് സര്‍ക്കാറിന്റെ പരിഗണനയിലാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്കുകൂടി പ്രയോജനം ലഭിക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ യുവജന നയം തയ്യാറാക്കിയിട്ടുള്ളത്. ഇതര സംസ്ഥാനത്തു നിന്നുള്ളവരെയും യുവജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നയത്തില്‍ ശിപാര്‍ശചെയ്യുന്നു. ആറ് മാസത്തില്‍ കുറയാത്ത കാലയളവില്‍ സംസ്ഥാനത്ത് കുടിയേറിത്താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെല്ലാം യുവജനങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാകും. ഇതിലൂടെ ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളായ യുവജനങ്ങള്‍ക്ക് മികച്ച പരിഗണന ലഭിക്കുമെന്ന് നയത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതുപ്രകാരമുള്ള ഒരു പദ്ധതികളും ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. ഇവരുടെ ആരോഗ്യ സാഹചര്യങ്ങളും വളരെ മോശമാണ്. കഴിഞ്ഞ വര്‍ഷകാലത്ത് സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ രോഗകേന്ദ്രങ്ങളായിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ക്കായി ചില മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചതൊഴിച്ചാല്‍ മറ്റൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

 

Latest