Connect with us

Alappuzha

സംസ്ഥാനത്തിനുള്ള അരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചേക്കും

Published

|

Last Updated

ആലപ്പുഴ: റേഷന്‍ വ്യാപാരികളുടെ സമരം രണ്ടാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസ്സപ്പെട്ടേക്കും. ഈ മാസം ഒന്ന് മുതലാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സ്റ്റോക്കെടുപ്പ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടങ്ങിയത്. കടകളില്‍ സ്റ്റോക്കുള്ള അരിയും മറ്റ് സാധനങ്ങളും അല്‍പ്പാല്‍പമായി ആവശ്യക്കാര്‍ക്ക് നല്‍കിവന്നെങ്കിലും സ്റ്റോക്ക് തീര്‍ന്നതോടെ ഏതാനും ദിവസം മുമ്പ് പലയിടങ്ങളിലും വിതരണം പൂര്‍ണമായും നിലച്ചു. ഇതോടെ സാധാരണക്കാരായ റേഷന്‍ ഉപഭോക്താക്കള്‍ പട്ടിണിയിലാകുന്ന സ്ഥിതിയിലാണ്. ബി പി എല്‍, എ പി എല്‍ വിഭാഗങ്ങളെ കൂടാതെ എ എ വൈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായി നല്‍കി വരുന്ന നിരാലംബര്‍ തീര്‍ത്തും വിഷമത്തിലായി. സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ റേഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. രണ്ടാഴ്ചയായി റേഷന്‍ കടകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഇതിന്റെ ഭവിഷ്യത്ത് ഏറ്റവുമധികം പ്രതിഫലിച്ചത് നിരാലംബരായ അന്ത്യോദയ അന്ന യോജന കാര്‍ഡുടമകളെയാണ്. പൊതു വിപണയില്‍ അരി വില കഴിഞ്ഞ കുറേനാളായി ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാല്‍ എ പി എല്‍ കാര്‍ഡുടമകളടക്കം എല്ലാ വിഭാഗം ആളുകളും റേഷന്‍ കടകളെ ആശ്രയിക്കുന്നതിനിടെയാണ് വ്യാപാരികളുടെ സമരം. ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും. കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നും സെയില്‍സ്മാന്മാരെ നിയമിക്കുന്നതിനുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിവരുന്നത്. പൊതു വിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നുതിനായി സീനിയര്‍ ഐ എ എസ് ഓഫീസര്‍ നിവേദിത പി ഹരനെ ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ നിയമിക്കുകയും ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ന്യായമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായും സമര രംഗത്തുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാന്‍ വകുപ്പ് മന്ത്രി തയ്യാറാകാത്തതില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. ഇതിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും ലീഡര്‍ അനൂപ് ജേക്കബുമായുള്ള അഭിപ്രായ ഭിന്നത മറ നീക്കി പുറത്ത് വന്നുകഴിഞ്ഞു. അതേസമയം, രണ്ടാഴ്ചയായി വ്യാപാരികള്‍ സ്റ്റോക്കെടുക്കാതായത് സംസ്ഥാനത്തിന്റെ റേഷന്‍ ക്വാട്ട വെട്ടിക്കുറക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് നേരിട്ട് സ്റ്റോക്കെടുക്കുന്ന റേഷന്‍ കടക്കാരുടെ അരിയും മറ്റും രണ്ടാഴ്ചയായി ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇവര്‍ പണമടക്കാനോ സ്റ്റോക്കെടുക്കാനോ തയ്യാറാകുന്നില്ല. എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് മൊത്തവിതരണക്കാര്‍ മുടക്കം കൂടാതെ റേഷന്‍ സാധനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും ചില്ലറ വില്‍പ്പനക്കാര്‍ക്കുള്ള വിതരണം ഫലപ്രദമായി നടക്കുന്നില്ല. ഇത് മൂലം കൂടുതല്‍ ധാന്യ സംഭരണം ബുദ്ധിമുട്ടാകും.സംഭരണ ശേഷിയിലധികം ധാന്യങ്ങള്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍ മൊത്തവിതരണക്കാരും എഫ് സി ഐയില്‍ നിന്ന് സ്റ്റോക്കെടുപ്പ് നിര്‍ത്തേണ്ട സ്ഥിതിയിലാണ്. ഇത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും. എഫ് സി ഐ ഗോഡൗണുകളിലെ സ്റ്റോക്ക് കണക്കാക്കി മാത്രമേ തുടര്‍ന്ന് സംസ്ഥാനത്തിന് ക്വാട്ട കിട്ടൂ എന്നതിനാല്‍ വിഹിതം വെട്ടിക്കുറക്കാന്‍ ഇത് കാരണമാകുമെന്നും പൊതു വിതരണ സമ്പ്രദായത്തെ തന്നെ ഇത് തകര്‍ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണുകളില്‍ കണക്കില്‍ കൂടുതല്‍ അരിയും ഗോതമ്പും സ്റ്റോക്കുള്ളതിനാല്‍ കേരളത്തിലേക്കുള്ള വാഗണ്‍ വരവ് നിലക്കാനിടയാകും. അതിനിടെ എ പി എല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനായി കേന്ദ്രം 17,000 മെട്രിക് ടണ്‍ ഗോതമ്പ് കഴിഞ്ഞ ദിവസം അനുവദിച്ചെങ്കിലും ഇത് അഞ്ച് വര്‍ഷത്തോളം പഴക്കമുള്ളതും കേരളത്തിലെ എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് ഉപയോഗ ശൂന്യമായതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.