Connect with us

Kerala

കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പ് മാത്രമെന്ന് സോണിയാ ഗാന്ധി

Published

|

Last Updated

കൊച്ചി: കോണ്‍ഗ്രസിനെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന് ഒറ്റഗ്രൂപ്പേയുള്ളുവെന്നും ഒറ്റഗ്രൂപ്പായി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും സോണിയ ആവശ്യപ്പെട്ടു. ഒറ്റഗ്രൂപ്പായി പ്രവര്‍ത്തിച്ചാലേ തിരഞ്ഞെടുപ്പ് വിജയം നേടാനൂവുവെന്ന് സോണിയ പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുമെന്ന് സോണിയഗാന്ധി പറഞ്ഞു. അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും സോണിയ വിശദീകരിച്ചു.

സി പി എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവും സോണിയ ഉന്നയിച്ചു. കേരളത്തിലെ പ്രതിപക്ഷം എതിര്‍ക്കുന്നവരെ കൊന്നൊടുക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അവര്‍ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും ദരിദ്രര്‍ക്കുവേണ്ടി എന്താണ് അവര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും സോണിയ പറഞ്ഞു.

ഗ്രൂപ്പ് അതിപ്രസരമില്ലാതെ മുന്നോട്ടുപോകണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ ഒരുപാടുപേരുണ്ട്. അര്‍ഹിക്കുന്നവരെ അര്‍ഹിക്കുന്നരീതിയില്‍ അംഗീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

 

Latest