Connect with us

Articles

മോദീ, താങ്കള്‍ പറയുന്ന അയിത്തം എന്താണ്?

Published

|

Last Updated

“എന്തുകൊണ്ടെന്നെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു”വെന്നാണ് കരുത്തിന്റെ പ്രതീകമായി സംഘ് പരിവാര്‍ വാഴ്ത്തുന്ന നരേന്ദ്ര മോദി ചോദിക്കുന്നത്. കേരള പുലയര്‍ മഹാസഭയുടെ ഒരു വിഭാഗം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍, ശ്രീനാരായണ ധര്‍മ പരിപാലനയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സാക്ഷിയാക്കി, മോദി ഈ ചോദ്യമുന്നയിക്കുമ്പോള്‍ ഒരു കാലത്ത് തീണ്ടലിന്റെയും തൊടീലിന്റെയും ഇരകളായിരുന്ന, ജാതിവിവേചനത്തിന്റെ ദൂഷ്യം ചെറുതല്ലാത്ത അളവില്‍ ഇപ്പോഴും അനുഭവിക്കുന്ന ജനവിഭാഗം അതിനെ സഹതാപത്തോടെയോ രോഷത്തോടെയോ വീക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. നരേന്ദ്ര മോദിയെ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് പ്രഖ്യാപിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തിന് ശ്രമിക്കുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുമ്പോള്‍ ഈ ചോദ്യം കേരള രാഷ്ട്രീയത്തില്‍ നാനാര്‍ഥങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയുമാണ്. നരേന്ദ്ര മോദിയെന്ന പിന്നാക്കക്കാരന്‍ ഗുജറാത്തിലെ മേല്‍ജാതി വിഭാഗമായ പട്ടേലുമാരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളും അതിനെ അതിജയിച്ച് ഉയര്‍ന്നുവന്നതിന്റെ കഥകളും വിവരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃസമിതിയില്‍ അംഗമായ രാഷ്ട്രീയ നിരീക്ഷകരുള്ളപ്പോള്‍ പ്രത്യേകിച്ചും.
എന്ത് തൊട്ടുകൂടായ്മയാണ് നരേന്ദ്ര മോദി നേരിടുന്നത്? അത് കേരളത്തിലെ ഈഴവ, പുലയ വിഭാഗങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് നേരിട്ടതുമായി ഏതെങ്കിലും വിധത്തില്‍ താരതമ്യം അര്‍ഹിക്കുന്നതാണോ? അത്തരം താരതമ്യത്തിന് ഉതകും വിധത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ യഥാര്‍ഥത്തില്‍ ഏത് ചേരിയിലാണ്? ഈ ചോദ്യങ്ങളൊക്കെ അഭിമുഖീകരിക്കപ്പെടേണ്ടതാണ്? ടി പി വധക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമോ വേണ്ടയോ എന്ന തര്‍ക്കത്തിനും കെ പി സി സി പ്രസിഡന്റ് നിയമനത്തിലെ മുപ്പിളമത്തര്‍ക്കത്തിനും ഉപയോഗിക്കുന്ന സമയത്തില്‍ കുറച്ചൊരു ഭാഗം സമൂഹത്തെ വര്‍ഗീയവിഷത്താല്‍ ലിപ്തമാക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ മാറ്റിവെക്കുന്നത് നന്നായിരിക്കും.
നരേന്ദ്ര മോദി പിന്നാക്ക സമുദായക്കാരനാണെന്നതിലും അവിടെനിന്ന് അധികാരത്തിന്റെ ഉയരങ്ങളിലേക്ക് എത്തിയവനാണെന്നതിലും അത് നിലനിര്‍ത്താന്‍ കെല്‍പ്പുള്ളവനാണെന്നതിലും തര്‍ക്കമില്ല. പക്ഷേ, ഗുജറാത്തിലെ പിന്നാക്ക സമുദായക്കാരന്‍ നേരിട്ട(ടുന്ന) ജാതി വിവേചനത്തിനെതിരെ ഈ പുമാന്‍ ഇക്കാലത്തിനിടെ എന്തെങ്കിലും ചെയ്തതായി ചരിത്രമില്ല. മറിച്ച് സംഘ് പരിവാറിന്റെ തത്വസംഹിതകളോട് ചേര്‍ന്നുനിന്ന് സവര്‍ണവത്കരിക്കപ്പെടാനും അതിലൂടെ പിന്നാക്കമുദ്രയെ മായ്‌ച്ചെടുക്കാനുമാണ് ശ്രമിച്ചത്. അത് ഫലം കണ്ടതിന്റെ കൂടി ബാക്കിയായിരുന്നു കേശുഭായ് പട്ടേലിനെ അട്ടിമറിച്ച് നേടിയെടുത്ത ഗുജറാത്തിലെ സിംഹാസനം. പതിമൂന്നാണ്ടായി ഈ “പുരുഷോത്തമന്‍” ഗുജറാത്തിനെ അടക്കിവാഴുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദളിത് വിഭാഗങ്ങള്‍ക്കായി ഇക്കാലത്തിനിടെ എന്ത് ചെയ്തു, തൊട്ടുകൂടായ്മയെക്കുറിച്ച് വിലപിക്കുന്ന ദേഹം എന്നത് ഇവിടെ പ്രസക്തമാണ്. ദളിതുകള്‍ക്ക് ഭൂമി അനുവദിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കാന്‍ ശ്രമമുണ്ടായില്ല, ഇതുവരെ. തൊട്ടുകൂടായ്മയെക്കുറിച്ച്, കേരളത്തില്‍ വന്ന് വിലപിക്കുമ്പോള്‍, താന്‍ അധികാരം കൈയാളുന്ന മണ്ണിലെ അനീതിയുടെ ചരിത്രം തിരുത്താന്‍ എന്തെങ്കിലും ചെയ്‌തോ എന്ന് സ്വയം ചോദിക്കേണ്ട ബാധ്യതയുണ്ട് നരേന്ദ്ര മോദിക്ക്.
വംശഹത്യയുടെ നിണമുണങ്ങാത്ത പാടുകള്‍ ശേഷിക്കുന്ന അഹമ്മദാബാദില്‍ നിന്നും മോദിയുടെ ആസ്ഥാനമായ ഗാന്ധിനഗറില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെയാണ് ധാന്‍ഗഢ്. ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടാനെത്തിയ, ദളിത് യുവാക്കള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് വെടിവെപ്പില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത് രണ്ട് വര്‍ഷം മുമ്പ് മാത്രം. പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് പോലീസ് സേന എ കെ 47 തോക്കുപയോഗിച്ച്, ജനായത്ത ഇന്ത്യയില്‍ ചരിത്രം സൃഷ്ടിച്ചത് ധാന്‍ഗഢില്‍ മാത്രമാണെന്ന്, ഈ കൊലയെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ളവര്‍ പറയുന്നു. ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടികള്‍ നീതി തേടി സമീപിക്കുമ്പോള്‍ അവഗണിക്കുകയോ തുടര്‍പീഡനത്തിന് ഇരയാക്കുകയോ ചെയ്ത കഥകളുമുണ്ട് മോദി ഭരണത്തിന്‍ കീഴില്‍ അമരുന്ന ഗുജറാത്തില്‍ നിന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ രാഷ്ട്രീയ നിരീക്ഷകന്‍ പറയും വിധത്തില്‍, ജാതിയിലുയര്‍ന്നവരുടെ പീഡനങ്ങള്‍ക്കിരയായി, അതിനെ അതിജയിച്ച് നേതൃനിരയിലെത്തിയ നേതാവാണ് മോദിയെങ്കില്‍, ആ ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇത്തരം അനീതികളോട് എടുക്കുന്ന സമീപനം എന്തായിരിക്കണം? ധാന്‍ഗഢ് അതിക്രമത്തിന്റെ പേരില്‍ എന്തെങ്കിലും നടപടി ഗുജറാത്ത് സര്‍ക്കാര്‍ എടുത്തതായി റിപ്പോര്‍ട്ടുകളില്ല. ദളിത് പെണ്‍കുട്ടികളുടെ പീഡനത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. ഇതിനപ്പുറത്ത് നൂറിലധികം ഇനം തൊട്ടുകൂടായ്മ ഗുജറാത്ത് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാതിയില്‍ താഴ്ന്നവര്‍ക്ക് ഹോട്ടലുകളിലെ ബെഞ്ചില്‍ ഇരിക്കാന്‍ സാധിക്കില്ല, അത്തരക്കാര്‍ക്ക് എറിഞ്ഞുകളയാവുന്ന ഗ്ലാസ്സുകളില്‍ മാത്രമേ വെള്ളമോ ചായയോ നല്‍കുകയുള്ളൂ എന്ന് തുടങ്ങി, പിന്നാക്കക്കാരന്‍ പ്രസിഡന്റായ പഞ്ചായത്തിന്റെ യോഗത്തില്‍ ഉയര്‍ന്ന ജാതിക്കാരായ അംഗങ്ങള്‍ എത്താത്ത അവസ്ഥ വരെ നിലനില്‍ക്കുന്നു. ഇതൊക്കെ അവസാനിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നത് കൂടി വ്യക്തമാക്കിയ ശേഷം വേണം “പുരുഷോത്തമനാ”യ ഈ ഭരണാ(ഏകാ)ധിപതി സ്വയം ഇരയുടെ സ്ഥാനം സ്വീകരിച്ച്, കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍.
ഏതെങ്കിലും വിധത്തിലുള്ള തൊട്ടുകൂടായ്മ നരേന്ദ്ര മോദിക്കുണ്ടെങ്കില്‍ അത് എന്നു മുതലാണ് ഉണ്ടായത് എന്നതു കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ആര്‍ എസ് എസ്സിന്റെ കുഞ്ഞാടും ആട്ടിടയനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. ബി ജെ പിയുടെ അഖിലേന്ത്യാ സെക്രട്ടറിയും എല്‍ കെ അദ്വാനിയുടെ വിനാശം വിതച്ച രഥയാത്രയുടെ സംഘാടകനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും, ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ സംഘാടകനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. പട്ടേലായ കേശുഭായിയെ അട്ടിമറിച്ച്, പിന്നാക്കക്കാരന്റെ വിജയം ആഘോഷിച്ച് ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേര കൈക്കലാക്കിയ മോദി, അതുറപ്പിക്കാനായി രുധിരാഭിഷേകം നടത്തിയത് മുതലാണ് തൊട്ടുകൂടായ്മയുണ്ടായത്. സബര്‍മതി എക്‌സ്പ്രസിലെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ചതിനെ ആയുധമാക്കിയെടുത്ത്, ആസൂത്രിതമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും അക്രമികള്‍ക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ പോലീസിനെ നിര്‍വീര്യമാക്കുകയും ചെയ്ത കാലത്ത് മോദി ഭരണകൂടത്തിന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ അരങ്ങേറിയ വംശഹത്യ, പരമാവധി ആഘാതം സൃഷ്ടിക്കുവോളം ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാതിരുന്ന എ ബി വാജ്പയ് – എല്‍ കെ അദ്വാനി ഭരണകൂടത്തിന്റെ മനഃപൂര്‍വമായ അലസതയാണ് തൊട്ടുകൂടായ്മ സൃഷ്ടിച്ചത്. കൊലക്കത്തിയുമായി പാഞ്ഞുനടന്നവരെ, കൂട്ടബലാത്സംഗത്തില്‍ ആനന്ദം കണ്ടെത്തിയവരെ സംരക്ഷിക്കാന്‍ മടികാട്ടാതിരുന്ന മനോനിലയാണ് തൊട്ടുകൂടായ്മ സൃഷ്ടിച്ചത്. അറസ്റ്റിലായവരെ രക്ഷിക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുകയോ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്തതാണ് മോദിയെ തൊട്ടുകൂടാത്തവനാക്കിയത്. വംശഹത്യ സൃഷ്ടിച്ച പ്രതിച്ഛായാനഷ്ടം (ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍) പരിഹരിക്കാന്‍ ആസൂത്രിതമായി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിച്ചതുകൊണ്ട് കൂടിയാണ് തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന് മനഃസാക്ഷിയുള്ളവര്‍ക്കൊക്കെ തോന്നിയത്.
ഇതെല്ലാം വസ്തുതകളായി മുന്നില്‍ നില്‍ക്കെ, അയിത്തം കല്‍പ്പിച്ചുവെന്ന് പറഞ്ഞ് മോദി പ്രകടിപ്പിക്കുന്ന നിസ്സഹായതയും രോഷവുമൊക്കെ, ആത്മാര്‍ഥതയുടെ അംശം കലര്‍ന്നതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് സഹതപിക്കുക മാത്രമേ മാര്‍ഗമുള്ളൂ. നോക്കൂ, രാജ്യത്തെ ഏതെങ്കിലും നീതിനിര്‍വഹണ സംവിധാനത്തിന് മുന്നില്‍ മോദി ആരോപണവിധേയനായ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിക്കുന്നവരെ പുച്ഛിച്ച് തള്ളാനേ സാധിക്കൂ. മറിച്ച് വിശ്വസിക്കുന്ന വെള്ളാപ്പള്ളി നടേശന്‍മാരും പുലയ മഹാസഭാ നേതാക്കളുമുണ്ടെങ്കില്‍ അവര്‍ക്ക്, മറ്റ് ലക്ഷ്യങ്ങളുണ്ടാകണം. അധികാരത്തിന്റെ പരമപദം പൂകാന്‍ വെമ്പി നില്‍ക്കുന്ന ദേഹം, നാളെ ആ സിംഹാസനത്തില്‍ അരുളിമരുവുകയാണെങ്കില്‍ അപ്പോള്‍ ലഭിക്കാനിടയുള്ള നേട്ടങ്ങളെക്കുറിച്ച് അവര്‍ വെമ്പലോടെ ചിന്തിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് വ്യാഴവട്ടം മുമ്പ് അരങ്ങേറിയ കുരുതികളെയും അതിന്റെ പ്രതികളെ സംരക്ഷിക്കാന്‍ നടന്ന(ക്കുന്ന) ഹീനമായ ശ്രമങ്ങളെയുമൊക്കെ മറന്ന്, ഇത്രയും കാലം മനസ്സിലാക്കിയില്ലല്ലോ ഈ മഹാനെ എന്ന പൈങ്കിളി സാഹിത്യം വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ രചിക്കുന്നത്.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹതപ്പെട്ട അവസരങ്ങള്‍ ഇല്ലാതാക്കിയതില്‍ ഖേദം പൂണ്ട്, സംവരണ സംരക്ഷണ മുന്നണിയുണ്ടാക്കിയ കാലം വെള്ളാപ്പള്ളി നടേശന്റെ ഓര്‍മയിലുണ്ടാകണം. മുസ്‌ലിംകള്‍ക്കും ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്കും നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചെടുക്കാന്‍, മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുമായി കൈകോര്‍ത്ത് നിന്നിരുന്നു ശ്രീനാരായണ ധര്‍മ പരിപാലന യോഗം. ഇതുപോലെ ചില അവസരനിഷേധങ്ങളെക്കുറിച്ച് അന്വേഷിച്ച് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, മുസ്‌ലിംകളടക്കം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചു. അത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍, അത് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച ഏക ഭരണകൂടം നരേന്ദ്ര മോദിയുടെതായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ വ്യവഹാരം പരാജയപ്പെട്ടപ്പോള്‍ സുപ്രീം കോടതിലേക്ക് നീങ്ങാന്‍ മടിയുണ്ടായിരുന്നില്ല തൊട്ടുകൂടായ്മയുടെ ഈ ഇരക്ക്. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന എസ് എന്‍ ഡി പിയോഗവും തുടരുന്ന അനീതിയോട് നിരന്തരം പോരടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുലയ മഹാസഭയുടെ, മോദിപക്ഷ വിഭാഗവും ഈ നടപടിയെ എങ്ങനെയാണ് കാണുന്നത് എന്നത് വ്യക്തമാക്കേണ്ടതുണ്ട്. മോദി പ്രധാനമന്ത്രിപദം പൂകുകയും ബി ജെ പി കേരളത്തില്‍ ശക്തമാകുകയും ചെയ്താല്‍, ശ്രീനാരായണീയരുടെയും പുലയരടക്കമുള്ള ദളിതരുടെയും ഏതൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത് എന്നതും വ്യക്തമാക്കണം.
ഇതേക്കുറിച്ചൊന്നും എസ് എന്‍ ഡി പിയുടെ ഔദ്യോഗിക നേതൃത്വവും പുലയ മഹാസഭയുടെ വിമത നേതൃത്വവും ചിന്തിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. അധികാര രാഷ്ട്രീയത്തിലെ തുഷാരോദയവും അതുവഴി നടക്കാനിടയുള്ള സമ്പദ് സമാഹരണവും മാത്രമേ വെള്ളാപ്പള്ളി ആലോചിച്ചിട്ടുണ്ടാകൂ. അതുതന്നെയാകണം പുലയ മഹാസഭയുടെ വിമത നേതൃത്വത്തിന്റെയും ചിന്താവഴി. ഇവക്ക് മുന്നില്‍ തൊട്ടുകൂടായ്മയുടെ ഇരയായി സ്വയം അവരോധിക്കുന്ന നരേന്ദ്ര മോദി, ഭാവിയിലൊരു വലിയ സാമുദായിക ധ്രുവീകരണം സ്വപ്‌നം കാണുന്നുണ്ട്. കോണ്‍ഗ്രസ്, സി പി എം കക്ഷികള്‍ ഇന്നത്തെ നിലയില്‍ തന്നെ മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെങ്കില്‍ മോദി സ്വപ്‌നം കണ്ടത് പകലായിരുന്നില്ലെന്ന് പിന്നീട് വിലയിരുത്തേണ്ടിവരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest