Connect with us

Health

മലേറിയയും ഡങ്കിയും നാസികളുടെ ജൈവ ആക്രമണത്തിന്റ ഫലം?

Published

|

Last Updated

ലണ്ടന്‍: ലോകത്ത് മലേറിയ, ഡങ്കി തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണം രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ നടത്തിയ ജൈവ ആക്രമണമാകാമെന്ന് ഗവേഷകര്‍. മാരക രോഗാണു വാഹികളായ കൊതുകുകളെ ശത്രുക്കള്‍ക്കിടയിലേക്ക് വിമാനമാര്‍ഗം കടത്തിവിട്ട് നാസികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ട്യൂബിന്‍ജെന്‍ സര്‍വകലാശലയിലെ ഡോ. ക്ലൗസ് റെയിന്‍ഹാര്‍ഡ് വെളിപ്പെടുത്തുന്നു.

വിവിധ വര്‍ഗത്തില്‍പ്പെട്ട കൊതുകുകളുടെ ശാരീരിക പ്രത്യേകതകള്‍ പഠിക്കാനും രോഗാണു വാഹികളായ കൊതുകളെ കണ്ടെത്തുന്നതിനും നാസികള്‍ ജര്‍മനിയിലെ എസ് എസ് എന്റമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായാണ് ഡോ. ക്ലൗസ് പറയുന്നത്. 1942ല്‍ നാസി സേനക്കിടയില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചപ്പോഴാണ് ഡച്ചുവയില്‍ എസ് എസ് എന്റമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. പിന്നീട് 1944ല്‍ കൊതുകുകളെക്കുറിച്ച് പഠിക്കാന്‍ ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നുവത്രെ. വെള്ളവും ഭക്ഷണവും കൂടാതെ കൊതുകുകള്‍ക്ക് എത്ര നാള്‍ ജീവിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ചും ഈ ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തിയിരുന്നു.

എന്റമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിച്ച രേഖകളില്‍ കൊതുകുകളെക്കുറിച്ച് പഠനം നടത്തിയതിന്റെ തെളിവുകളുണ്ടെന്ന് ഡോ. ക്ലൗസ് ചൂണ്ടിക്കാട്ടുന്നു. സായുധരായ നാസികള്‍ക്ക് എന്താണ് കൊതുകുകളെക്കുറിച്ച് പഠിക്കേണ്ട കാര്യം എന്നും അദ്ദേഹം ചോദിക്കുന്നു. എന്‍ഡവര്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഡോ. ക്ലൗസിന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest