Connect with us

International

മുര്‍സിയുടെ വിചാരണ വീണ്ടും മാറ്റി

Published

|

Last Updated

കൈറോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ വീണ്ടും നീട്ടി. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറങ്ങി പോയതോടെയാണ് വിചാരണ നീട്ടിയത്. മുര്‍സിയെ വിചാരണ ചെയ്യുന്നതിലെ കോടതി ചട്ടങ്ങള്‍ക്കെതിരെ പ്രതിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് വിചാരണ നീട്ടിയത്. ചാരവൃത്തിയും ജനകീയ പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്ന കേസും ചുമത്തപ്പെട്ട മുര്‍സിയടക്കമുള്ള പ്രതികളെ ചില്ലു കൂട്ടില്‍ അടച്ചുകൊണ്ട് വിചാരണ ചെയ്യുന്ന രീതി മാറ്റണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ തള്ളിയതിന് പിന്നാലെ ഈ മാസം 23ലേക്ക് വിചാരണ മാറ്റിവെച്ചതായി കോടതി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
ശബ്ദം കേള്‍ക്കാത്ത ചില്ലു കൂട്ടില്‍ അടക്കുന്നത് ശരിയല്ലെന്നും കേസ് വിസ്താരം കേള്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് മുര്‍സിയുടെ അഭിഭാഷകര്‍ ജഡ്ജിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, നേരിട്ടുള്ള വിചാരണ നടത്തണമെന്ന അഭിഭാഷകരുടെ ആവശ്യം ജഡ്ജി തള്ളിയതോടെ അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കളടക്കം 35 പേരടങ്ങിയ സംഘത്തിന്റെ വിചാരണക്കായി കൈറോയിലെ പ്രത്യേക കോടതി പൂര്‍ണ സജ്ജമായിരുന്നു. മുമ്പ് നടന്ന വിചാരണയില്‍ കോടതിയില്‍ അപമര്യാദയായി പെരുമാറുകയും ഇടക്കാല സര്‍ക്കാറിനും സൈനിക നേതൃത്വത്തിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് മുര്‍സിയുടെയും കൂട്ടാളികളുടെയും വിചാരണ ചില്ലു കൂട്ടില്‍ നടത്താന്‍ തീരുമാനിച്ചത്.
2012 ഡിസംബറില്‍ പ്രസിഡന്റായിരിക്കെ തനിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭം സൈന്യത്തെയും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തുവെന്നതാണ് മുര്‍സി നേരിടുന്ന ഏറ്റവും ശക്തമായ കേസ്. പത്ത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ മുര്‍സിയുടെ പങ്ക് തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ ജയില്‍ തകര്‍ത്ത കേസും വിദേശ സംഘടനകളുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ചാരവൃത്തി നടത്തിയെന്ന കേസും കോടതി ഏറെ ഗൗരവത്തിലാണ് എടുക്കുന്നത്. സമാനമായ കുറ്റങ്ങള്‍ തന്നെയാണ് മറ്റ് പ്രതികള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
2012ല്‍ ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുര്‍സിക്ക് അനുകൂലമായി ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുന്നുണ്ട്. മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനിടെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി തലസ്ഥാനമായ കൈറോയിലും മറ്റ് നഗരങ്ങളിലും മുര്‍സിയനുകൂല പ്രക്ഷോഭം നടന്നിരുന്നു.

Latest