Connect with us

Editorial

കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ്

Published

|

Last Updated

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന ഇടക്കാല ബജറ്റാണ് ഐക്യതെലങ്കാന വാദികളുടെ ബഹളത്തിനിടെ ധനമന്ത്രി പി ചിദംബരം ഇന്നലെ പാര്‍ലിമെന്റിലവതരിപ്പിച്ചത്. ഭക്ഷ്യോത്പാദനത്തില്‍ 29,350 മെഗാടണ്ണിന്റെയും വൈദ്യുതി ഉത്പാദനത്തില്‍ 29,350 യൂനിറ്റിന്റെയും കയറ്റുമതിയില്‍ 6.3 ശതമാനത്തിന്റെയും വര്‍ധന, 3,280 കിലോമീറ്ററില്‍ പുതിയ എന്‍ എച്ച് റോഡ് നിര്‍മാണം, ഗ്രാമീണ റോഡുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, 7.35 ലക്ഷം കോടിയുടെ കാര്‍ഷിക വായപ, പത്ത് വര്‍ഷത്തിനിടെ 14 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിലെത്തിച്ചു തുടങ്ങി മന്‍മോഹന്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ചരിത്രത്തില്‍ ഇടം നേടുമെന്നാണ് ചിദംബരത്തിന്റെ അവകാശവാദം.
നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ അധികമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തവെ, സാമ്പത്തിക രംഗം മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചമാണെന്നാണ് മന്ത്രി പറയുന്നത്. 2013-14 ല്‍ 4.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും അടുത്ത വര്‍ഷം ഇത് 5.2 ശതമാനമായി ഉയരുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പദ്ധതിച്ചെലവ് 5.5 ലക്ഷം കോടിയായി കാണിച്ച അദ്ദേഹം ധനക്കമ്മി 4.1 ശതമാനം ആയിരിക്കുമെന്നും വ്യക്തമാക്കുന്നു. ധനസ്ഥിതി ആശങ്കാജനകമല്ലെന്ന് കാണിക്കാന്‍ ചെലവുകള്‍ കുറച്ചു കാണിക്കുന്ന പ്രവണത ബജറ്റുകളില്‍ സാധാരണമാണ്. യു പി എ സര്‍ക്കാറിന്റെ ഈ പത്താമത് ബജറ്റവതരണത്തിലും അതേ തന്ത്രമാണ് ധനമന്ത്രി പ്രയോഗിച്ചത്. ആഗോളീകരണ നയങ്ങള്‍ രാജ്യത്തെ സമ്പദ്ഘടനക്ക് ഗുണകരമാണെന്ന് വരുത്തിത്തീര്‍ക്കാനും കണക്കിലെ പൊടിക്കൈകള്‍ സഹായകമാണല്ലോ.
വനിതാ ശിശുക്ഷേമത്തിന് 21,000 കോടി, മാനവ വിഭവ ശേഷി വകുപ്പിന് 67,000 കോടി, എട്ട് ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ, ന്യൂനപക്ഷ ക്ഷേമത്തിന് 3,711 കോടി, .സാമൂഹിക ക്ഷേമ മേഖലക്ക് 6730 കോടി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 7000 കോടി, ആരോഗ്യ കുടുംബക്ഷേമ പദ്ധതികള്‍ക്ക് 33,725 കോടി, സ്വയം സഹായ സംഘങ്ങള്‍ വഴി 41,16,000 സ്ത്രീകള്‍ക്ക് സഹായം, പ്രതിരോധ മേഖലക്ക് 2.24 കോടി (പത്ത് ശതമാനം വര്‍ധന) നാല് വന്‍കിട സൗരോര്‍ജ നിലയങ്ങള്‍. മൂന്ന് പുതിയ വ്യവസായ ഇടനാഴികകള്‍ എന്നിങ്ങനെ നീളുന്നു പുതിയ പ്രഖ്യാപനങ്ങള്‍. കൊച്ചി മെട്രോക്ക് 162.17 കോടി ഉള്‍പ്പെടെ കേരളത്തിന് 9101.58 കോടി വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷമിത് 1632.9 കോടിയായിരുന്നു.
പ്രതീക്ഷിച്ചതു പോലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില നികുതി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രക്തബാങ്കുകളെ സേവനനികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. അരി സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ സേവന നികുതിയിലും ഇളവുണ്ട്. മൂലധനസാമഗ്രികളുടെ എക്‌സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായും കുറച്ചു. ചെറുകാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെയും ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണ്‍, റെഫ്രിജറേറ്റര്‍, ഭക്ഷ്യ എണ്ണ തുടങ്ങിവയുടെയുടെയും തീരുവയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിലക്കയറ്റം പ്രത്യേകിച്ചു ഭക്ഷ്യസാധനങ്ങളുടെ വിലയിലുള്ള ക്രമാതീതമായ വര്‍ധനവ് ആശങ്കാജനകമാണെന്ന് ആമുഖത്തില്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള പരിഹാര നിര്‍ദേശങ്ങളില്ല. ഭക്ഷ്യവസ്തുക്കള്‍ക്കുള്ള സബ്‌സിഡി നിലനിര്‍ത്തി, പൊതുവിതരണ മേഖല ശക്തിപ്പെടുത്തുകയാണ് പരിഹാരമെങ്കിലും സബ്‌സിഡി എടുത്തുകളയുകയാണ് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒറ്റമുലിയെന്ന ആശയക്കാരാണ് ആസൂത്രണ കമ്മീഷയും പ്രധാനമന്ത്രിയും ധനമന്ത്രിയുമെല്ലാം. പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രഖ്യാപനങ്ങളുണ്ടാകാതിരുന്നത് ഈ നയത്തിന്റെ ഭാഗമായിരിക്കണം. സബ്‌സിഡി പൊതുഖജാനാവിനുണ്ടാക്കുന്ന കടുത്ത സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍, വ്യവസായ കുത്തകകള്‍ക്കു വന്‍തോതില്‍ ഇളവ് നല്‍കുന്ന പ്രവണത അവസാനിപ്പിക്കുകയും ഭരണത്തിന്റെ സര്‍വത്ര മേഖലയെയും ഗ്രസിച്ച അഴിമതി നിയന്ത്രിക്കുകയും ചെയ്താല്‍ തന്നെ സാമ്പത്തിക പ്രതിസന്ധി വലിയൊരളവില്‍ പരിഹൃതമാകുമെന്ന വസ്തുതക്കു നേരെ കണ്ണടക്കുകയാണ്.

---- facebook comment plugin here -----

Latest