Connect with us

Ongoing News

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ നാളെ കൊച്ചിയില്‍ തുടങ്ങും

Published

|

Last Updated

കൊച്ചി: രണ്ടാമത് ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവല്‍ നാളെ മുതല്‍ 24 വരെ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജി ജി ഗംഗാധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20 ന് രാവിലെ 11 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ആയുഷ് ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി കെ ബാബുവും ആയുര്‍വേദ പ്രദര്‍ശനം മന്ത്രി എ പി അനില്‍കുമാറും ഉദ്ഘാടനം ചെയ്യും. ശ്രീലങ്കന്‍ മന്ത്രിമാരായ സലിന്ത ദിസ്സനായകെ, എച്ച് എം ഡി ഡി ഹെറാത്ത്, ബി എസ് ബി യലെഗാമ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
“പൊതുജന ആരോഗ്യത്തില്‍ ആയൂര്‍വേദത്തിന്റെ പങ്ക്” എന്നതാണ് ഇത്തവണത്തെ ജി എ എഫിന്റെ മുഖ്യ പ്രമേയം. ശ്രീലങ്ക, ബ്രസീല്‍, ജപ്പാന്‍, നേപ്പാള്‍, ഹംഗറി, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 350 ഓളം പ്രഭാഷകര്‍ ഫെസ്റ്റിവെലിനെത്തുമെന്നും ഗംഗാധരന്‍ അറിയിച്ചു. കേരളത്തിന്റെ പരമ്പരാഗത ആയൂര്‍വേദം ഉപയോഗിക്കുന്ന ആശുപത്രികള്‍, ആയൂര്‍വേദ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ പ്രതിനിധികളും ഉണ്ടാകും. ട്രെഡീഷനല്‍-കോംപ്ലിമെന്ററി-ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ (ടി സി എ എം) അന്തര്‍ദേശീയ പബ്ലിക് പോളിസിയില്‍ ഗവേഷകനും ഉപദേശകനുമായ ഡോ.ജെറി ബൊഡേക്കര്‍, ഇറ്റലിയിലെ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്റോണിയൊ മൊറാന്‍ഡി, ആസ്‌ട്രേലിയയിലെ കോംപ്ലിമെന്ററി മെഡിസിന്‍ രംഗത്തെ വ്യക്തിത്വമായ മാര്‍ക് കൊഹെന്‍ എന്നിവര്‍ പ്രഭാഷകരായെത്തുന്നുണ്ട്. ആയുര്‍വേദത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന മെഗാ എക്‌സിബിഷന്‍, ശില്‍പ്പശാലകള്‍, പ്രായോഗിക പ്രദര്‍ശനങ്ങള്‍, സയന്‍സ്, ബിസിനസ് പരിപാടികള്‍ എന്നിവയും ജി എ എഫ് 2014ന്റെ ഭാഗമായിരിക്കും.ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി കെ എസ് ഐ ഡി സി 21, 22 തിയതികളില്‍ അന്താരാഷ്ട്ര ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും.
35 രാജ്യങ്ങളില്‍ നിന്നും ഏകദേശം 4,000 പ്രതിനിധികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി സുരേഷ് കുമാര്‍, ഡോ. ജി വിനോദ് കുമാര്‍, ഡോ. സജികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.