Connect with us

Wayanad

അനഘാദാസ് വധം: നാല്‍വര്‍ സംഘത്തെ കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയ്ക്കടുത്ത് കക്കല്‍തൊണ്ടിയില്‍ വെച്ച് പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അനഘാദാസ് കൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. അനഘയുടെ മൃതശരീരം കക്കല്‍തൊണ്ടി തടാകത്തില്‍ കണ്ട സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയില്‍ ഒരു കാര്‍ സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരുന്നു.
ഇതിലുണ്ടായിരുന്ന നാല്‍വര്‍ സംഘത്തെ പറ്റിയുടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട് ഗുണ്ടല്‍പേട്ട പൊലീസ് കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലെത്തിയിരുന്നു. പിടിയിലായ പ്രതി അബ്ദുറഹ്മാനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പൊലീസ് പുല്‍പ്പള്ളിയിലേക്ക് കൂടി അന്വേഷണം വ്യാപിച്ചത്. കാറിലുണ്ടായിരുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അനഘയുടെ പിതാവ് ഇന്നലെ എസ് പിക്കും പുല്‍പ്പള്ളി സി ഐക്കും പരാതി നല്‍കിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ പരാതിയിലുണ്ടെന്നാണ് സൂചന. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രതി കര്‍ണാടക പൊലീസിന് നല്‍കിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. അബ്ദുറഹ്മാന്റെ മൂന്ന് മാസത്തെ ഫോണ്‍കോളുകളുടെ വിശദമായ പരിശോധനയും സൈബര്‍സെല്‍ മുഖാന്തിരം നടന്നുവരികയാണ്. അതേസമയം, വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് കര്‍ണാടക പൊലീസ് അനഘയുടെ ബന്ധുക്കള്‍ക്ക് കൈമാറും. കേസിന്റെ ഇതുവരെയുള്ള അന്വേഷണപുരോഗതിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരികാവയവങ്ങളുടെയും പരിശോധനാഫലം സംബന്ധിച്ച വിശദാംശങ്ങളും കര്‍ണാടക പൊലീസ് ഇന്ന് വൈകുന്നേരത്തിനകം മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അറിയുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അനഘയുടെ ബന്ധുക്കള്‍ക്ക് കൈമാറും