Connect with us

Malappuram

ജോലി ചെയ്തതിന് ഒരു മാസമായി കൂലിയില്ല: അന്യ സംസ്ഥാന തൊഴിലാളികള്‍ സമരത്തിന്‌

Published

|

Last Updated

wandoorവണ്ടൂര്‍: ഒരു മാസത്തോളമായി ജോലി ചെയ്തിട്ടും കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ സമരത്തിന്റെ വക്കില്‍.
വിനോദസഞ്ചാരവകുപ്പിന് കീഴില്‍ വണ്ടൂരില്‍ നിര്‍മാണം പുരോഗമിച്ചു വരുന്ന ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കാണ് ഒന്നരമാസമായി കൂലി ലഭിക്കാത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി.
2,98,00,000 രൂപ ചെലവില്‍ വണ്ടൂര്‍-കാളികാവ് റോഡരികിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിനോട് ചേര്‍ന്നാണ് ടൗണ്‍സ്‌ക്വയറിന്റെ നിര്‍മാണം പുരോഗമിച്ചു വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റ്‌കോ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ഷോപ്പിംഗ് ബില്‍ഡിംഗുകള്‍, റൈന്‍ ഷെല്‍ട്ടര്‍, ആംഫി തീയേറ്റര്‍, യോഗ സെന്റര്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവയാണ് ഇതിനായി നിര്‍മിച്ചുവരുന്നത്. 48 അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ രണ്ട് മാസത്തോളമായി ജോലി ചെയ്യുന്നത്.
ഒരു മാസത്തെ കൂലി നല്‍കിയെങ്കിലും കഴിഞ്ഞ മാസത്തെ കൂലിയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ കുറവാണ്.
ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ല. കണക്ക് പ്രകാരം 2,35,000രൂപ ഇവര്‍ക്ക് ഈ മാസം കൂലിയായി ലഭിക്കാനുണ്ട്. നടത്തിപ്പുകാരുടെ നടപടിക്കെതിരെ ഇവര്‍ കഴിഞ്ഞ ദിവസം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കി.
അതെസമയം ശരിയായ രീതിയില്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ജോലിയുടെ അളവ് ചോദിച്ചതോടെ ഇവര്‍ പണിമുടക്കുകയായിരുന്നുവെന്നും മേല്‍നോട്ടം വഹിച്ച ആളുകള്‍ പറഞ്ഞു.
സംഭവത്തില്‍ ഇടത്തട്ടുകാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് സംശയമെന്നും രണ്ട് ദിവസത്തിനകം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും നിര്‍മാണ ചുമതലയുള്ള കിറ്റ്‌കോ ലിമിറ്റഡ് കമ്പനിയുടെ അംഗമായ ബിന്‍സണ്‍ പറഞ്ഞു.