Connect with us

Kerala

അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട ജീവനക്കാരന് വേണ്ടി മന്ത്രിയുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: കടുത്ത അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമാകുന്നു. തിരുവനന്തപുരം ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസിലെ ഓഫീസ് അറ്റന്‍ഡറെയാണ് ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഓഫീസ് സഹായിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതും വനിതാ മേലുദ്യോഗസ്ഥരെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചതും സഹപ്രവര്‍ത്തകരില്‍ ചിലരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഉള്‍പ്പടെ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്‍ ഭരണകക്ഷി സംഘടനയിലെ പ്രവര്‍ത്തകനും മന്ത്രിയുടെ ഗ്രൂപ്പുകാരനുമായതിനാലാണ് ഇയാളെ ചട്ടങ്ങള്‍ മറികടന്ന് സംരക്ഷിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇയാള്‍ക്കെതിരെയുള്ള പരാതികളെല്ലാം ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 2013 ഒക്‌ടോബര്‍ 17ന് കടുത്ത അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. അതേ ദിവസം തന്നെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തുകയും ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എ ഒ) ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാറിന് എ ഒ നല്‍കിയ ശിപാര്‍ശകള്‍ തള്ളിയാണ് മന്ത്രിയുടെ ഓഫീസ് ഇയാള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ചതെന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തണമെന്ന എ ഒയുടെ ശിപാര്‍ശയും മന്ത്രി ഇടപെട്ട് തടഞ്ഞു. വനിതാ ജീവനക്കാരെ അപമാനിച്ചതിന് അറ്റന്‍ഡറെ തിരുവനന്തപുരം ഓഫീസില്‍ നിന്ന് സ്ഥലം മാറ്റുന്നതിന് 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരം കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നതായിരുന്നു ശിപാര്‍ശ. മേലുദ്യോഗസ്ഥനെ ഫോണില്‍ ഭീക്ഷണിപ്പെടുത്തിയതുള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് ഇയാളെ 2010ലും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest