Connect with us

Kerala

ന്യൂനപക്ഷ വികസനങ്ങള്‍ താഴേത്തട്ടിലേക്കെത്തുന്നില്ല: മന്ത്രി

Published

|

Last Updated

തൃശൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും പല പദ്ധതികളും പലപ്പോഴും താഴേത്തട്ടിലേക്കെത്തുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി.
തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ എം എസ് എസ് സംസ്ഥാന കമ്മിറ്റിയുടെ സംസ്ഥാനതല മഹല്ല് ശാക്തീകരണ ശില്‍പ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കുറവ് ഫണ്ട് അനുവദിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അനുവദിക്കുന്ന തുകയില്‍ ഭൂരിഭാഗവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടുപോലും ന്യൂനപക്ഷ ഉന്നമനത്തിനായി നടപ്പാക്കുന്ന പല പദ്ധതികളും അടിതട്ടിലേക്ക് വേണ്ടവിധം ഇറങ്ങിച്ചെല്ലുന്നില്ല. ന്യൂനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ താഴേതട്ടിലേക്കെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ വെച്ചത്.
എന്നാല്‍ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തിനാണ് ഇത്തരം പ്രമോട്ടര്‍മാരെന്നാണെന്ന് മന്ത്രി പറഞ്ഞു. പഴയ പോലെ മഹല്ല് ഐക്യം ഇന്നില്ല. രാഷ്ട്രീയ സംഘടനാപരമായെല്ലാം വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഈ മാറിയ സാഹചര്യത്തില്‍ എം എസ് എസ് പോലുള്ള സംഘടനകള്‍ക്ക് സമുദായ പ്രശ്‌നപരിഹാരത്തിന് മഹല്ല് ശാക്തീകരണം വഴി കഴിയും. അതിന് അഭിപ്രായ വ്യത്യാസം ഉള്ളപ്പോള്‍തന്നെ ഒരുമിക്കാവുന്ന കാര്യങ്ങളിലെങ്കിലും ഐക്യം വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വാഗതസംഘം ചെയര്‍മാന്‍ പി വി അഹമദുകുട്ടി അധ്യക്ഷത വഹിച്ചു. എം എസ് സ് മഹല്ല് സ്‌നേഹസ്പര്‍ശം പദ്ധതി വിശദീകരണം അഡ്വ എ വൈ ഖാലിദ് നിര്‍വഹിച്ചു.