Connect with us

Gulf

ഒമാന്‍ ജയിലില്‍ 106 ഇന്ത്യക്കാര്‍; ഇരുപത് പേര്‍ പ്രമുഖ കമ്പനി മേധാവികള്‍

Published

|

Last Updated

മസ്‌കത്ത്: കൈക്കൂലി, നിയമലംഘന ഇടപാടുകളില്‍ ഉള്‍പ്പെട്ട് ഒമാനില്‍ വിചാരണത്തടവുകാരായോ ശിക്ഷിക്കപ്പെട്ടോ ജയിലില്‍ കഴിയുന്നവരില്‍ പ്രമുഖ കമ്പനി മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും. ഇതില്‍ മലയാളികളും ഉള്‍പ്പെടും. പന്ത്രണ്ട് കമ്പനികളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതിനും നിയമപരമായ മോചനത്തിനും ഇന്ത്യന്‍ എംബസി ഒമാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടു വരികയാണ്.
ഒമാനില്‍ 106 ഇന്ത്യക്കാരാണ് തടവില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി വലയാര്‍ രവി പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രമുഖ ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ തടവില്‍ കഴിയുന്നത് കണ്ടെത്തിയത്. ഇന്ത്യന്‍ എംബസി തന്നെയാണ് അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട് വിചാരണയും ശിക്ഷയും നേരിടുന്ന പ്രമുഖരുടെ വിവരം കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. ഇവര്‍ക്ക് നല്‍കിയ നിയമ സഹായവും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. ഇതിനകം ഏതാനും പേര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
പ്രമുഖ നിര്‍മാണ കമ്പനിയിലെ മേധാവികളുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകളില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൈക്കൂലി, അഴിമതി പോലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ ഒമാനില്‍ സ്വീകരിച്ചു വരുന്ന ശക്തമായ നിലപാടുകളുടെ ഭാഗമായാണ് നടപടികളുണ്ടായത്. എന്നാല്‍, നേരിട്ടു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ രാജ്യത്തെ അതോറിറ്റികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയിലിരുന്നവര്‍ സൃഷ്ടിച്ച കുരുക്കില്‍ പെട്ട് ക്രമക്കേടിലേക്ക് വലിച്ചിഴക്കപ്പെട്ടവരാണ് കൂടുതലെന്ന് വിലയിരുത്തുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി കൈക്കൂലി വാങ്ങിയവരെപ്പോലെ തന്നെ കൊടുത്തവരും മുഖ്യ പ്രതിസ്ഥാനത്തു വന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന ഒമാനിലെ നിയമവ്യവസ്ഥയാണ് പലര്‍ക്കും വിനയായത്.
കരാറുകള്‍ ലഭിക്കുന്നതിനും മറ്റുമായി വകുപ്പുകളുടെ തലപ്പത്തിരിക്കുന്നവര്‍ ആവശ്യപ്പെട്ട കൈക്കൂലി വാഗ്ദാനം ചെയ്യുകയോ നല്‍കുകയോ ചെയ്തതാണ് കേസുകളില്‍ പലതുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒമാന്‍ കമ്പനികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിലാണ് കേസുകളില്‍ ഉള്‍പ്പെട്ടവയിലധികവും. കേസില്‍ ഉള്‍പ്പെട്ടവരുടെ ബന്ധുക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും രാജ്യത്തിനു പുറത്തു പോകാനാകാതെ തുടരുന്നവരുമായ ചിലര്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ജാമ്യം ലഭിക്കുന്നതിനും കേസ് നടത്തുന്നതിനുമായി ചെലവിടാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവരുമുണ്ട്. എംബസിയുടെ ഭാഗത്തു നിന്ന് കൂടുതല്‍ ശക്തമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി തടവില്‍ കഴിയുന്ന ഒരാളുടെ ബന്ധു പ്രതികരിച്ചു.
അതേസമയം, കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ പ്രവര്‍ത്തിച്ച ഒരു കമ്പനിയും ഇതുവരെ ഇന്ത്യന്‍ എംബസയില്‍ പരാതിയോ സഹായ അഭ്യര്‍ഥനയോ നടത്തിയിട്ടില്ല. കേസില്‍ ഇടപെടാന്‍ എംബസിക്കു പരിമിതികളുണ്ടാകുമെന്നും എംബസി ഇടപെടുന്ന രീതി ശരിയല്ലെന്നും അഭിപ്രായമുള്ളവരുണ്ട്. കേസുകളുടെ പുരോഗതിയെക്കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളുണ്ടെന്നും നിയമപരവും നയതന്ത്ര രീതികളിലും വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് സൈദ് അക്ബറുദ്ദീന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest