Connect with us

Business

ബ്ലൂ ചിപ് ഓഹരികള്‍ തിളങ്ങി; സെന്‍സെക്‌സ് ഉയര്‍ന്നു

Published

|

Last Updated

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വീണ്ടും താത്പര്യം കാണിച്ചു. ഏതാണ്ട് മുന്നാഴ്ച വില്‍പ്പനക്ക് മുന്‍ തുക്കം നല്‍കിയ അവര്‍ കഴിഞ്ഞവാരം നിക്ഷേപകന്റെ മേലങ്കി അണിഞ്ഞതോടെ ബ്ലൂ ചിപ് ഓഹരികള്‍ക്ക് വീണ്ടും തിളക്കം. ബോംബെ സെന്‍സെക്‌സ് പോയവാരം 333 പോയിന്റും നിഫ്റ്റി 107 പോയിന്റും ഉയര്‍ന്നു.
വിദേശ ഫണ്ടുകള്‍ മുന്നാഴ്ച തുടര്‍ച്ചയായി ലാഭമെടുപ്പിന് മുന്‍ തുക്കം നല്‍കിയതിനിടയില്‍ സെന്‍സെക്‌സിന് 767 പോയിന്റ്റ് നഷ്ടം നേരിട്ടു. നിഫ്റ്റി സൂചിക ഈകാലയളവില്‍ 218 പോയിന്റ് ഇടിഞ്ഞിരുന്നു. അതായത് 3.48 ശതമാനം.
ബി എസ് ഇ മിഡ് കാപ് സൂചിക 110 പോയിന്റും സ്‌മോള്‍ കാപ് ഇന്‍ഡക്‌സ് 114 പോയിന്റും പോയവാരം ഉയര്‍ന്നു. കാപ്പില്‍ ഗുഡ്‌സ് ഓഹരികളില്‍ ഫണ്ടുകള്‍ താല്‍പര്യം കാണിച്ചു. ഈ വിഭാഗം ഓഹരി വിലകള്‍ അഞ്ച് ശതമാനം വര്‍ധിച്ചു. ഐ റ്റി, ബാങ്കിങ്, പവര്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോ വിഭാഗം ഓഹരി വിലകളും ഉയര്‍ന്നു. അതേ സമയം സൂചികയുടെ മുന്നേറ്റത്തിനിടയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ് എം സി ജി വിഭാഗം ഓഹരി വിലകള്‍ താഴ്ന്നു.
പുതിയ കേന്ദ്ര ബജറ്റും ജി ഡി പി വളര്‍ച്ച സംബന്ധിച്ച ധനമന്ത്രിയുടെ വിലയിരുത്തലുകളും ഓപ്പറേറ്റര്‍മാരെ വിപണിയിലേയ്ക്ക് ആകര്‍ഷിച്ചു. വിദേശ നിക്ഷേപകര്‍ പോയവാരം 2046 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി കൂട്ടി. ഇതിനിടയില്‍ വാരാന്ത്യം രാജ്യത്തിന്റെ വിദേശ നാണ്യ കരുത്തല്‍ ശേഖരം 1.46 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു. ഫെബ്രുവരി 14 നു അവസാനിച്ച വാരം 293.79 ഡോളറിലാണ്.
ബോംബെ സുചിക തിങ്കളാഴ്ച 20,438 വരെ താഴ്ന്ന ശേഷം തിരിച്ചു വരവില്‍ 20,750 ലേയ്ക്ക് മുന്നേറി. വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 20,700 ലാണ്. നിഫ്റ്റി 6069-6158 റേഞ്ചിലാണ് കയറി ഇറങ്ങിയത്. ഈവാരം നിഫ്റ്റിക്ക് 6096-6038 ആദ്യ സപോര്‍ട്ടുണ്ട്. വിപണിക്ക് 6185-6216 ല്‍ റെസിസ്റ്റന്‍സുണ്ട്.
മുന്‍ നിര ഓഹരികളായ എല്‍ ആന്‍ഡ് റ്റി, ഭെല്‍, ടാറ്റാ മോട്ടേഴ്‌സ്, എം ആന്‍ഡ് എം, മാരുതി തുടങ്ങിവയുടെ നിരക്ക് കയറി. ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ സണ്‍ ഫാര്‍മ്മ, റാന്‍ബാക്‌സി, ലുപിന്‍, ഡോ. റെഡീസ് എന്നിവയും മികവു കാണിച്ചു. ഹിന്‍ഡാല്‍ക്കോ, സ്‌റ്റൈര്‍ലൈറ്റ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ സ്റ്റീല്‍ ഓഹരികള്‍ക്ക് തിരിച്ചടി.
എഫ് എം സി ജി വിഭാഗത്തില്‍ ഐ റ്റി സി, എച്ച് യു എല്‍ എന്നിവയുടെ നിരക്കും കുറഞ്ഞു. ബേങ്കിംഗ് ഓഹരികളായ ഐ സി ഐ സി ഐ, എസ് ബി ഐ, എച്ച് ഡി എഫ് സി എന്നിവയില്‍ നിക്ഷേപ താത്പര്യം. കഴിഞ്ഞവാരം ബി എസ് ഇ യില്‍ 8.661.27 കോടി രൂപയുടെയും നിഫ്റ്റിയില്‍ 42.435.24 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.