Connect with us

Kasargod

രാഷ്ട്രീയ പ്രചാരണം വര്‍ഗീയതയിലേക്ക് നീങ്ങുന്നതിനെതിരെ മതേതര സമൂഹം ജാഗ്രത പുലര്‍ത്തണം: കാന്തപുരം

Published

|

Last Updated

കാസര്‍കോട്: രാഷ്ട്രീയ പ്രചാരണം വര്‍ഗീയതയിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന താജുല്‍ ഉലമ അനുസമരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതവികാരം ഇളക്കിവിട്ട് വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നവരും മാറിനില്‍ക്കണം. മതസൗഹാര്‍ദത്തിന് പേരുകേട്ട മലപ്പുറത്ത് വന്ന് മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രസംഗിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സുന്ദരമായ ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാത്തവര്‍ പുറത്തുനിന്ന് വന്ന് എന്തെങ്കിലും വിളിച്ചുകൂവിയാല്‍ ഇവിടുത്തെ ഹിന്ദുക്കളോ, മുസ്‌ലിംകളോ അതംഗീകരിക്കാന്‍ പോകുന്നില്ല. എല്ലാ മതക്കാരും വളരെ സൗഹാര്‍ദപരമായാണ് ഇവിടെ ജീവിക്കുന്നത്. ഇന്ത്യാ രാജ്യം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റെല്ലാ വിഭാഗത്തിനുമുള്ളതാണ്. ആദ്യമനുഷ്യനും മുസ്‌ലിമുമായ ആദം പ്രവാചകന്‍ കാലുകുത്തിയ മണ്ണാണ് ഇന്ത്യ. അവിടെ നിന്ന് മുസ്‌ലികള്‍ വിട്ടുപോകണമെന്ന് പറഞ്ഞാല്‍ ബുദ്ധിയുള്ള ഒരാളും അംഗീകരിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രചാരണ തന്ത്രങ്ങള്‍ക്ക് പകരം രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളും നാടിന്റെ വികസന പദ്ധതികളും മുന്നില്‍വെച്ച് വോട്ട് ചോദിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം.
മുന്നണി രാഷ്ട്രീയത്തിലെ വീതം വെപ്പിന്റെ പേരില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നഷ്ടമാകരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ വിഭാഗങ്ങളുടെയും മതിയായ പ്രതിനിധ്യം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. സുന്നി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നയത്തില്‍ മാറ്റമൊന്നുമില്ലെന്നും സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയത് പോലെ ആവശ്യമായ സമയത്ത് വേണ്ട നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും സംഘടനാ ചാനലിലൂടെ അത് നടപ്പിലാക്കുകയും ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.
എറെ പിന്നാക്കം നില്‍ക്കുന്ന മഞ്ചേശ്വരം ഭാഗത്ത് അനുവദിച്ച പുതിയ താലൂക്ക്, ആസ്ഥാനത്തെ ചൊല്ലി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തത് കഷ്ടമാണ്. സങ്കുചിത താത്പര്യം വെടിഞ്ഞ് ജനങ്ങള്‍ക്ക് ഉപകാരം ലഭിക്കുന്ന നിലയില്‍ താലൂക്ക് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടിസ്ഥാന വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന നവോഥാന നായകനായ താജുല്‍ ഉലമയുടെ ചരിത്രം പുതുതലമുറ പഠനവിധേയമാക്കണമെന്നും കാന്തപുരം പറഞ്ഞു.
സമസ്ത ഉപാധ്യക്ഷന്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.