Connect with us

Articles

കേരള രാഷ്ട്രീയത്തിലെ പുരാവസ്തു ശേഖരങ്ങള്‍

Published

|

Last Updated

ആഗോളവത്കരണം പൊടിപൊടിച്ചു മുന്നേറുന്ന ഈ കാലത്ത് പുരാവസ്തുക്കള്‍ക്ക് വന്‍ മാര്‍ക്കറ്റാണ്. നമ്മുടെ ഏത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചെന്നാലും പുരാവസ്തു പ്രദര്‍ശനവും വില്‍പ്പനയും തകൃതിയായി നടക്കുന്നതു കാണാം. ആട്ടുകല്ലും അമ്മിക്കല്ലും മുതല്‍ കലപ്പയും നുകവും അടക്കമുള്ള ഏത് പുരാവസ്തുവും കാഴ്ചക്കാരെ ആകര്‍ഷിക്കും. വില്‍പ്പനക്കു വെച്ചിരിക്കുന്നവയില്‍ രുദ്രാക്ഷമാലയും കല്ലുമാലയും സാളഗ്രാമവും തുടങ്ങി ഗാന്ധിജിയുടെ പ്രിയപ്പെട്ട നാലുകുരങ്ങന്മാരു(തിന്മയായതൊന്നും കാണരുത്, കേള്‍ക്കരുത്, പറയരുത്, ചെയ്യരുത്)ടെ പ്രതിമ ഉള്‍പ്പെടെ പലതും സന്ദര്‍ശകര്‍ മോഹവിലക്ക് വാങ്ങി തങ്ങളുടെ സഞ്ചിയിലെ ഭാരം കൂട്ടുക തന്നെ ചെയ്യും. ഈ ആകര്‍ഷണീയതയെക്കുറിച്ചു രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാക്കന്മാര്‍ക്ക് നല്ല ബോധ്യം ഉണ്ടെന്നു വേണം കരുതാന്‍. അതുകൊണ്ടായിരിക്കണമല്ലോ ഇപ്പോള്‍ കേരളത്തിലെ ദേശീയ പാര്‍ട്ടി എന്ന വണ്ടി വലിക്കുന്ന രണ്ട് നുകം വെച്ച കാളകളായ എ, ഐ ഗ്രൂപ്പുകളുടെ താത്പര്യം തൃണവത്ഗണിച്ചു വി എം സുധീരനെ തന്നെ അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ആദര്‍ശം ഉപ്പിലിട്ടു സൂക്ഷിച്ച് ഭക്ഷണത്തോടൊപ്പം തൊട്ടുകൂട്ടുന്നവര്‍ക്ക് വരാനിരിക്കുന്ന നാളുകളില്‍ നല്ല ഡിമാന്‍ഡായിരിക്കും. അതല്ലേ നമ്മുടെ ആദര്‍ശ സിംഹം കെജരിവാള്‍, അച്യുതാനന്ദനെയും ആന്റണിയെയും ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. അടുത്ത ക്ഷണം സുധീരനെയായിക്കൂടായ്കയില്ല.
വി എം സുധീരന്റെ പൂര്‍വചരിത്രം പരിശോധിച്ചാല്‍ ഇത്രമാത്രം തിളക്കമാര്‍ന്ന മറ്റൊരു വ്യക്തിത്വം കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കുന്ന ഒരു പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസെങ്കില്‍ ഇപ്പോള്‍ സുധീരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ച രാഹുല്‍ ഗാന്ധി ഇരിക്കുന്ന കസേരയില്‍ ഇരിക്കേണ്ട ആളാണ് സുധീരന്‍. എന്തു ചെയ്യാം? പ്രപഞ്ചഗതി നേരെ മറിച്ചായിപ്പോയി. അഴിമതിയുടെ കറ ലേശവും ഏല്‍ക്കാത്ത, അധികാരമോഹം തൊട്ടുതീണ്ടാത്ത ആളാണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജന്മ മുഹൂര്‍ത്തം നന്നാകണം.”ധീരോദാത്തന്‍, അതിപ്രതാപന്‍, വിഖ്യാതവംശന്‍, ധരാപാലന്‍, നായകന്‍, ഇവയാണല്ലോ ആചാര്യ സമ്മതി നേടിയ നായകലക്ഷണങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടും തികഞ്ഞിട്ട് കാര്യമില്ല. മൂന്നാമത്തെ ലക്ഷണം- വിഖ്യാത വംശന്‍- എന്ന ഗുണം ഇന്ത്യയിലെ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്? അതുകൊണ്ടു രാഹുല്‍ തീരുമാനിക്കുന്നു, കോണ്‍ഗ്രസുകാര്‍ അനുസരിക്കുന്നു. രാജാ പ്രത്യക്ഷ ദൈവതം!.
ശതാബ്ദി പിന്നിട്ട ഈ മുത്തശ്ശിപ്പാര്‍ട്ടിക്ക് ഇന്ത്യയിലൊരിടത്തും സംസ്ഥാനാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശേഷി കൈവന്നിട്ടില്ല. എല്ലാം മുകളില്‍ നിന്ന് കെട്ടിയിറക്കുന്നു. താഴെ വായ് പൊളിച്ചു നില്‍ക്കുന്നവര്‍ എന്തു കിട്ടിയാലും വെട്ടി വിഴുങ്ങിക്കൊള്ളണം. കേന്ദ്രീകൃത ജനാധിപത്യം എന്നൊക്കെ ആക്ഷേപിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും അവരുടെ ഭാരവാഹികളെ അവരുടെ പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ചു ബന്ധപ്പെട്ട ഘടകങ്ങളെ വിളിച്ചുകൂട്ടി ഭൂരിപക്ഷ സമ്മതത്തോടെ തിരഞ്ഞെടുക്കുന്നു. എന്തേ, കോണ്‍ഗ്രസിനു മാത്രം ഇതിനു കഴിയുന്നില്ല? കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഈ ചോദ്യം ചോദിക്കാന്‍ വൈകിയിരിക്കുന്നു. ഇതേതാണ്ട് കത്തോലിക്കാ സഭ പോലെയായിരിക്കുന്നു. മാര്‍പ്പാപ്പ കര്‍ദിനാളന്മാരെ നിയമിക്കുന്നു, കര്‍ദിനാളന്മാര്‍ കൂടിയിരുന്നു അവരില്‍ ഒരാളെ മാര്‍പ്പാപ്പ ആയി തിരഞ്ഞെടുക്കുന്നു. വെളുത്ത പുക പുറത്തു കാണിക്കുന്നു. വിശ്വാസികള്‍ അദ്ദേഹത്തെ കണ്ണും പൂട്ടി അനുസരിച്ചുകൊള്ളണം. പക്ഷേ, ഒരു കാര്യമുണ്ട്. ഈ ഏര്‍പ്പാടിനെ അവര്‍ ജനാധിപത്യം എന്ന് വിളിക്കുകയില്ല. പാവം ജനാധിപത്യം! ഈ സാധനം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാന്‍ എത്ര കാലം കാത്തിരിക്കണം ആവോ? പണ്ട് ബ്രിട്ടനിലും മറ്റും രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് ഇങ്ങനെ ആയിരുന്നു പ്രധാനമന്ത്രിയേയും മറ്റും നാമനിര്‍ദേശം ചെയ്തിരുന്നത്. അവിടെയും ഉണ്ടായിരുന്നു പാര്‍ലിമെന്റ്. അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നത് പഴയ നാടുവാഴി കുടംബങ്ങളിലെ സന്തതിപരമ്പരകളായിരുന്നു എന്നു മാത്രം. അഥവാ അവരില്‍ ചിലര്‍ക്കെങ്ങാനും അങ്ങനെ ജനസമ്മതി നേടി പാര്‍ലമെന്റില്‍ എത്താന്‍ വല്ല പ്രയാസവും ഉണ്ടെങ്കില്‍ അവരെ കുടിയിരുത്താനായിരുന്നു ഉപരിസഭയായ പ്രഭുസഭ. നമ്മുടെ പാര്‍ലമെന്റിനും ഉണ്ട് ഇങ്ങനെ ഒരു ഉപരിസഭയും മറ്റൊരു അധോസഭയും. പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് നോമിനേറ്റ് ചെയ്യുന്നതു പോലെ സംസ്ഥാനത്തു നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളെയും ഹൈക്കമാന്‍ഡ് തന്നെയാണല്ലോ നോമിനേറ്റ് ചെയ്യുന്നത്. അവരുടെ പച്ചക്കൊടി കാണാതെ ഏത് കോണ്‍ഗ്രസുകാരനാണ് കൈപ്പത്തി അടയാളത്തില്‍ മത്സരിക്കാനാകുക? എന്തൊരു ജനാധിപത്യം!
നമുക്കു വി എം സുധീരന്റെ രാഷട്രീയ സംഭാവനകളെ പരിശോധിക്കാം. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുതല്‍ വി എം സുധീരന്‍ വരെയുള്ള കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയപൈതൃകവുമായി ബന്ധമുള്ളവരല്ല. സംസ്ഥാനങ്ങളിലെ നേതൃത്വം കോണ്‍ഗ്രസിലെ വൃദ്ധനേതൃത്വങ്ങളുടെ കരങ്ങളില്‍ നിന്നു കൈവിട്ടുപോകുന്നു എന്ന അവസ്ഥ സംജാതമായപ്പോള്‍ അത് വീണ്ടെടുക്കാന്‍ ചെറുപ്പക്കാരെ കോണ്‍ഗ്രസ് പതാകക്കു കീഴില്‍ അണിനിരത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ യുവതുര്‍ക്കികളുടെ രംഗപ്രവേശം. ഭേദപ്പെട്ട വീടുകളില്‍ നിന്നു കോളജ് വിദ്യാഭ്യാസം തേടിയെത്തിയ യുവാക്കളെ കെ എസ് യുവിന്റെ നീല പതാകക്കു കീഴില്‍ അണിനിരത്താന്‍ നടത്തിയ പരിശ്രമം. അത് ഏറെക്കുറെ വിജയം കണ്ടു. 57ലെ ഇ എം എസ് സര്‍ക്കാറിനെതിരെ ഒരണ സമരവുമായി പ്രത്യക്ഷപ്പെട്ട എ കെ ആന്റണിയുടെ അനുയായികളായി ഒട്ടേറെ കോളജ് വിദ്യാര്‍ഥികള്‍, കേരളം അതുവരെ കേട്ടു പരിചയിച്ചിട്ടില്ലാത്ത ഒരു മുദ്രാവാക്യവുമായി രംഗപ്രവേശം ചെയ്തു. തൊഴിലാളി ഐക്യം സിന്ദാബാദ്” എന്ന തിന്റെ സ്ഥാനത്ത് ഒരു പുതിയ മുദ്രാവാക്യം-“വിദ്യാഥി ഐക്യം സിന്ദാബാദ്. ഇത് കേട്ട കമ്മ്യൂണിസ്സുകാര്‍ ഞെട്ടി. അവരതു വരെ ഹൃദിസ്ഥമാക്കിയ മാര്‍ക്‌സിന്റെയോ എംഗല്‍സിന്റെയോ ലെനിന്റെയോ ഒന്നും പുസ്തകങ്ങളില്‍ വിദ്യാര്‍ഥികളെ ഒരു വര്‍ഗമായി ചിത്രീകരിച്ചു കണ്ടിരുന്നില്ല. അവര്‍ക്ക് രണ്ടേ രണ്ട് വര്‍ഗങ്ങളെക്കുറിച്ചേ അറിയാമായിരുന്നുള്ളു. ചൂഷകവര്‍ഗവും ചൂഷിതവര്‍ഗവും. അതായത് മുതലാളിവര്‍ഗവും തൊഴിലാളിവര്‍ഗവും- ഇതിനു വിരുദ്ധമായി ഇതാ മറ്റൊരു വര്‍ഗം-വിദ്യാര്‍ഥി വര്‍ഗം അന്നത്തെ പ്രഗത്ഭ ശിരോമണിമാരായ മുഖ്യമന്ത്രി സഖാവ് ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും സി അച്യുത മേനോനും വി ആര്‍ കൃഷ്ണയ്യരും പ്രൊഫസര്‍ മുണ്ടശ്ശേരിയും അടക്കമുള്ള മന്ത്രിമാരും ഞെട്ടിവിറച്ചു. ഇതേതപ്പാ ഈ വിദ്യാര്‍ഥി വര്‍ഗം? അവര്‍ കണ്ണ് മിഴിച്ചു നാല് പാടും നോക്കി. അവര്‍ക്ക് കാര്യം മനസ്സിലായി. ഇതൊരു വിപ്ലവമല്ല, പ്രതിവിപ്ലവമാണ്. പള്ളിയും മന്നവും തങ്ങന്മാരും എല്ലാം ഉണ്ട് ഈ പ്രതിവിപ്ലവമുന്നേറ്റത്തില്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, കോണ്‍ഗ്രസ് പ്രസിഡന്റ് ഓമനപുത്രി ഇന്ദിരാ ഗാന്ധി. വിപ്ലവകാരികളുടെ സര്‍ക്കാര്‍ കാറ്റുപോയ ബലൂണ്‍ പോലെ നിലംപതിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിലെ വലതുപക്ഷ വിജയം അതുവരെയും നീലക്കൊടിയുമായി വിദ്യാര്‍ഥി ഐക്യം വിളിച്ചവരെ യുവകോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ എത്തിച്ചു.
അന്നു മുതല്‍ കേരളത്തിലെ കലാശാലാ രംഗത്ത് ഒരു പുതിയ പാരമ്പര്യം ഉരുത്തിരിഞ്ഞു. ഐ എ എസ് മെഡിക്കല്‍, എന്‍ജിനിയറിംഗ് ഒക്കെ പോലെ ഒരു പുതിയ പ്രൊഫഷനല്‍ മേഖല തെളിഞ്ഞു വന്നു. നാളെ മന്ത്രിയാകാന്‍ ഇന്ന് വിദ്യാര്‍ഥി സമരം നയിക്കുക. അതിനു യോഗ്യരായവരെ മുന്‍കൂര്‍ നോട്ടമിട്ടു പരിശീലിപ്പിക്കുക. ആദ്യം മലയാള മനോരമയുടെ ബാലജനസഖ്യം, പിന്നെ കെ എസ് യു, മൂന്നാം ഘട്ടം യൂത്ത് കോണ്‍ഗ്രസ്. അടുത്ത ഘട്ടം കോണ്‍ഗ്രസില്‍ എം എല്‍ എ, എം പി, മന്ത്രി. വി എം സുധീരന്റെയും രാഷ്ട്രീയ നാള്‍വഴികള്‍ ഇങ്ങനെ ഒക്കെ ആയിരുന്നു. ഇതൊക്കെ നമ്മുടെ സര്‍വകലാശാലാ വിദ്യാഭ്യാസ രംഗത്തെ ഒരു പതിവു കാഴ്ചയായി. ഇത് തുടങ്ങിവെച്ചത് കെ എസ് യുക്കാരായിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ലീഗിന്റെയും ഒക്കെ വിദ്യാര്‍ഥി സംഘടനകള്‍ കെ എസ് യു വെട്ടിത്തെളിച്ച അതേ വഴിയിലൂടെ അതിവേഗം ബഹുദൂരം മുന്നേറി. രാഷ്ട്രീയ പ്രവര്‍ത്തനം ഐച്ഛികമായി സ്വീകരിച്ചവരുടെ ഭാവി സുരക്ഷിതത്വത്തെ കരുതി ഒരു ലോ അക്കാദമി തന്നെ രൂപപ്പെട്ടു. ഇന്നത്തെപ്പോലെ പരീക്ഷാ പേപ്പറുകളില്‍ മാര്‍ക്കുദാനം നടത്തുന്നതില്‍ അക്കാലത്തെ അധ്യാപകര്‍ അത്ര ഉദാരമതികളായിരുന്നില്ല. തുച്ഛമായ മാര്‍ക്കുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുക പ്രയാസമായ യുവ നേതാക്കളെ കരുതി “തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്” എന്ന പ്രമാണപ്രകാരം സ്ഥാപിതമായതായിരുന്നു കേരള ലോ അക്കാദമി. അവിടെ പ്രവേശം നേടിയവരെല്ലാം നിയമ ബിരുദം അനായാസം കരസ്ഥമാക്കി. അവരൊക്കെയാണ് ഇന്ന് കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ ലെഫ്റ്റ് റൈറ്റ് പൊളിറ്റിക്ക്‌സില്‍ ചുക്കാന്‍ പിടിക്കുന്നത്.
വി എം സുധീരന്‍ കെ എസ് യു പ്രസിഡന്റായിരുന്ന 1971 മുതല്‍ 73 വരെയുള്ള കേരള രാഷ്ട്രീയ ചരിത്രത്തിന്റെ പഴയ ഏടുകള്‍ മറിച്ചു നോക്കുന്ന ഒരു ഗവേഷകനു കാണാനാകുന്നത് കാറ്റിലും കോളിലും പെട്ട് കോണ്‍ഗ്രസ് രാഷട്രീയ നൗക ആടി ഉലയുന്ന കാഴ്ചയാണ്. രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ ഏതെങ്കിലും ഒരു രാഷട്രീയാദര്‍ശത്തെ പിന്‍തുടര്‍ന്നാല്‍ മാത്രം പോരാ അവരുടെ സഞ്ചാര നൗക ഏതെങ്കിലും ഒരു തീരത്തണയണമെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ഒരു ഗ്രൂപ്പിനോടുള്ള കൂറ് പരസ്യമാക്കണമായിരുന്നു. അന്നത്തെ പ്രബലമായ രണ്ട് ഗ്രൂപ്പുകളായിരുന്നു ഐയും എയും. കൂട്ടിവായിച്ച പത്രക്കാര്‍ “ഐഏ” എന്നാക്ഷേപിച്ചത് ഓര്‍ക്കുന്നു. അന്ന് സുധീരനെ താലോലിച്ചതും താരാട്ടു പാടി ഉറക്കിയതും ഒക്കെ ഐ ഗ്രൂപ്പായിരുന്നു. പലരും കരുതുന്നതുപോലെ ഐ എന്നാല്‍ കരുണാകരനും എ എന്നാല്‍ ആന്റണിയും എന്നൊന്നുമായിരുന്നില്ല അര്‍ഥം. കേരളത്തിലെ ജാതിമതസാമുദായിക ശക്തികള്‍ സ്വന്തം വിലപേശലിനും കാര്യസാധ്യങ്ങള്‍ക്കുമായി ആന്റണി, കരുണാകരന്‍ എന്നീ രണ്ട് നേതാക്കളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട വെറും ഒരു കോഴിയങ്കം മാത്രമായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ ഐ എ പോര്. ഐ പക്ഷത്ത് ഉറച്ചു നില്‍ക്കുകയും 1975- 77 കാലത്തെ അടിയന്തരാവസ്ഥയുടെ കറുത്ത ദിവസങ്ങളില്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സ്വാതന്ത്ര്യബോധത്തെ ഷണ്ഡവത്‌രിക്കുന്ന വാചാടോപങ്ങള്‍ നടത്തി അവരെ ഇന്ദിരാ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തതിന് ലഭിച്ച പ്രതിഫലമായിരുന്നു 1977ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേവലം 29 കാരനായ വി എം സുധീരന് ആലപ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് പാര്‍ലിമെന്റില്‍ പോകാന്‍ കിട്ടിയ അവസരം.
പിന്നീടങ്ങോട്ട് സുധീരന്‍ സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നുനില്‍ക്കാന്‍ തുടങ്ങി. 82, 87 കാലത്തെ നിയമസഭാ അംഗം 95ലെ എ കെ മന്ത്രിസഭയില്‍ ഒരു വര്‍ഷത്തെ മന്ത്രിപ്പണി, ഈ കാലത്താകാം തനിക്ക് മുന്നോട്ടു പോകാന്‍ ഗ്രൂപ്പ് നേതാക്കന്മാരുടേയോ സമുദായ അധ്യക്ഷരുടെയോ അനുഗ്രഹാശിസ്സുകളൊന്നും വേണ്ടെന്ന് ഈ അന്തിക്കാട്ടുകാരന്‍ യുവാവ് തിരിച്ചറിയുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ തടവറയില്‍ നിന്ന് സ്വതന്ത്രനായതിന്റെ പേരില്‍ ജനം അദ്ദേഹത്തെ കൈവിട്ടില്ല. നേതൃത്വം അദ്ദേഹത്തെ അവഗണിച്ചപ്പോഴും ഒറ്റയാനായി നിന്ന് കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയപ്പോഴും ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വി എം സുധീരന്‍ ആരുടെയും മുമ്പില്‍ മുട്ടിന്‍മേല്‍ ഇഴഞ്ഞില്ല. ഇപ്പോഴിതാ പലരുടെയും പ്രതീക്ഷകളെ വികലമാക്കിക്കൊണ്ട് കെ പി സി സിയുടെ അധ്യക്ഷ പദം കേന്ദ്ര നേതൃത്വം സുധീരന് തളികയില്‍ വെച്ച് നല്‍കിയിരിക്കുന്നു. ഇത് അദ്ദേഹം എങ്ങനെ വിനിയോഗിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആദ്യമാദ്യം പിടിവാശി, പിന്നീട് വിട്ടുവീഴ്ചകള്‍, ഒത്തുതീര്‍പ്പുകള്‍ ഒടുവില്‍ ഒടുവില്‍ സ്വന്തം കസേരയില്‍ അള്ളിപ്പിടിച്ചിരിക്കല്‍, മേലോട്ടു മേലോട്ടുപോകാനുള്ള മോഹം ഇതൊക്കെയായിരുന്നു മുമ്പും ആദര്‍ശധീരന്മാരുടെ ശൈലി. ഇതില്‍ നിന്നും വ്യതിചലിച്ചാല്‍ കാലം വി എം സുധീരനേയും അതിന്റെ പുരാവസ്തുശേഖരത്തിലേക്ക് മുതല്‍ക്കൂട്ടാക്കുക തന്നെ ചെയ്യും.

 

Latest