Connect with us

Editorial

പൊള്ള വാഗ്ദാനങ്ങള്‍ക്കു നിയന്ത്രണം

Published

|

Last Updated

നടപ്പാക്കാന്‍ സാധിക്കാത്ത സുമോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ വഞ്ചിക്കുന്ന രാഷ്ട്രീയ തട്ടിപ്പ് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മാര്‍ഗരേഖയുടെ കരടിലാണ്, പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എങ്ങനെ പണം കണ്ടെത്തുമെന്നു കൂടി പ്രകടനപത്രികയില്‍ വ്യക്തമാക്കണമെന്നും പ്രായോഗികമാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളുടെ പേരിലേ വോട്ട് ചോദിക്കാകൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ വിഭാവനം ചെയ്ത ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും നിരക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ അന്തഃസത്തക്ക് യോജിക്കുന്നതുമായ കാര്യങ്ങള്‍ മാത്രമേ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താവൂവെന്നും തിരഞ്ഞെടുപ്പു പ്രക്രിയയെ കളങ്കപ്പെടുത്തുന്നതും വോട്ടര്‍മാരെ അമിതമായി സ്വാധീനിക്കുന്നതുമായ വാഗ്ദാനങ്ങള്‍ ഒഴിവാക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്.
പ്രകടനപത്രികകളില്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനു നിയന്ത്രണം വേണമെന്ന ജൂലൈ അഞ്ചിലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം. അധികാരത്തിലെത്തിയാല്‍ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന എ ഐ എ ഡി എം കെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ്, ഇത്തരം വാഗ്ദാനങ്ങള്‍ അഴിമതിയല്ലെങ്കിലും സുതാര്യമായ രീതിയിലുള്ള വോട്ടിംഗിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം ആവശ്യമാണെന്ന് ജസ്റ്റീസുമാരായ പി സദാശിവം,രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ, നടപ്പാക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാഷ്ട്രീയ കക്ഷികളെ ഉദ്‌ബോധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ പീടികയല്ലെന്നും കള്ള വാഗ്ദാനങ്ങള്‍ ജനങ്ങളെ നിരാശരാക്കുമെന്നും അവരെ കടുത്ത വെറുപ്പിലേക്ക് നയിക്കുമെന്നും അദ്ദേഹം ഉണര്‍ത്തുകയുണ്ടായി.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രവണത തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ സാധാരണമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കേന്ദത്തിലെയും മിക്ക സംസ്ഥാനങ്ങളിലെയും പൊതുഖജനാവ് കാലിയാണെങ്കിലും തിരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നടപ്പാക്കാന്‍ കഴിയില്ലെന്നു ബോധ്യമുണ്ടായിരിക്കെ, തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിച്ചു കയറാനാണ് നാടിന്റെ സമ്പദ്ഘടനയുടെ അവസ്ഥ പരിഗണിക്കാതെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. പൊതുജനത്തെ പേടിച്ചു ചിലതൊക്കെ നടപ്പാക്കിയെന്നിരിക്കും. അത് നാടിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും നയിക്കുകയും അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ വെട്ടിക്കുറക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യും. ഇതിന്റെ കെടുതികള്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ ഒന്നടങ്കം സംസ്ഥാനങ്ങളും അനുഭവിക്കുന്നുണ്ട്. ദൈനംദിന ഭരണച്ചെലവുകള്‍ക്കു പോലും കടമെടുക്കുകയാണല്ലോ പല സര്‍ക്കാറുകളുമിപ്പോള്‍.
അധികാരത്തിലേറിയാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കവകാശമുണ്ടെങ്കിലും പാലിക്കാന്‍ കഴിയുന്നതേ പറയാവൂ. വാഗ്ദാനം നല്‍കിക്കഴിഞ്ഞാല്‍ അത് പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ബാധ്യസ്ഥമാണ്. പ്രത്യുത അത് വോട്ടര്‍മാരോടുള്ള വഞ്ചനയും ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് കടക വിരുദ്ധവുമാണ്. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയല്ല, നാടിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പാക്കുകയാണ് ഉത്തരവാദിത്വ ബോധമുള്ള ഭരണകൂടങ്ങളുടെ കടമയെന്നും നേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അധികാരത്തിലെത്താന്‍ ഏതു വളഞ്ഞ വഴിയും അധാര്‍മിക മാര്‍ഗങ്ങളും സ്വീകരിക്കുന്ന പ്രവണത ഉപേക്ഷിച്ചു ധാര്‍മിക ബോധത്തിലൂന്നിയ പ്രവര്‍ത്തന ശൈലിയിലേക്ക് പാര്‍ട്ടികള്‍ തിരിച്ചു വരേണ്ടതുണ്ട്.

Latest