Connect with us

International

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ: ഗൂഗിളിന് കോടതിയുടെ അന്ത്യശാസനം

Published

|

Last Updated

സാന്‍ഫ്രാന്‍സികോ: പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ അവഹേളിക്കുന്ന സിനിമയുടെ ദൃശ്യങ്ങള്‍ ഗൂഗിള്‍ ഡാറ്റാബേസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യു എസ് കോടതി. 24 മണിക്കൂറിനകം ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ നിന്ന് നീക്കണമെന്നാണ് അപ്പീല്‍ കോടതി ഉത്തരവിട്ടത്.
ഇന്നസന്‍സ് ഓഫ് മുസ്‌ലിം എന്ന വിവാദ സിനിമയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. നേരത്തെ സിനിമക്കെതിരെ മുസ്‌ലിം രാജ്യങ്ങളില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു. തുടര്‍ന്ന് യൂട്യൂബിലെ ദൃശ്യങ്ങള്‍ പിന്‍വലിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗൂഗിള്‍ അധികൃതര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല.

ഗൂഗിളിന്റെ ആസ്ഥാനം യു എസ് ആയതിനാല്‍ അവിടത്തെ കോടതിക്കും നിയമത്തിനും മാത്രമേ ഗൂഗിളിന് നിയമപരമായ ഉത്തരവ് നല്‍കാന്‍ സാധിക്കൂ.
ഇപ്പോഴും യൂട്യൂബില്‍ ചിത്രം പ്രചരിക്കുന്നുണ്ടെന്നും അമേരിക്കയുടെ ഭരണഘടനക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കോടതി വിധിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. ചിത്രത്തിലെ നടി സിന്‍ഡി ലീ ഗാര്‍ഷ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയടക്കമുള്ള രാഷ്ട്ര നേതാക്കള്‍ ചിത്രം പിന്‍വലിക്കണമെന്ന് യുട്യൂബിനോടും ഉടമസ്ഥരായ ഗൂഗിളിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും സെന്‍സര്‍ഷിപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഈ സ്ഥാപനങ്ങള്‍ വഴങ്ങിയിരുന്നില്ല.
“ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്” എന്ന ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം അഭിനേതാക്കള്‍ക്കല്ലെന്നും നിര്‍മാതാക്കള്‍ക്കാണെന്നും അവരാണ് നിയമനടപടികള്‍ക്ക് മുതിരേണ്ടതെന്നുമായിരുന്നു ഗൂഗിളിന്റെ നിലപാട്.

എന്നാല്‍ ഇത്തരമൊരു ചിത്രമാണ് എടുക്കാന്‍ പോകുന്നതെന്ന കാര്യം നിര്‍മാതാക്കള്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന നടിയുടെ വാദം കോടതി കണക്കെലെടുക്കുകയായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള എല്ലാ കേസുകള്‍ക്കും ഈ വിധി ബാധകമായിരിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.
ചിത്രത്തിന്റെ നിര്‍മാതാവ് യൂസഫിനെ ചെക്കുതട്ടിപ്പ് കേസില്‍ 21 മാസത്തെ തടവിന് വിധിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഗാര്‍ഷ്യക്ക് വധഭീഷണി നിലനില്‍ക്കുന്നുണ്ട്.

Latest